Photo: Twitter.com/ANI
മുംബൈ: ഏഴുകോടി രൂപയുടെ കള്ളനോട്ടുകളുമായി മുംബൈയില്‍ ഏഴുപേര്‍ അറസ്റ്റില്‍. അന്തഃസംസ്ഥാന കള്ളനോട്ട് സംഘത്തിലുള്ളവരെയാണ് മുംബൈ പോലീസ് ചൊവ്വാഴ്ച പിടികൂടിയത്.
ദഹിസാര്‍ ചെക്‌പോസ്റ്റില്‍ ഒരു കാറില്‍ നിന്നാണ് ആദ്യം കള്ളനോട്ട് കണ്ടെടുത്തത്. മുംബൈ ക്രൈംബ്രാഞ്ചിന്റെ 11-ാം യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. ഒരുബാഗില്‍ സൂക്ഷിച്ചനിലയില്‍ അഞ്ചുകോടി രൂപയുടെ കളളനോട്ടുകളാണ് കാറില്‍നിന്ന് കണ്ടെത്തിയത്.
രണ്ടായിരം രൂപയുടെ കറന്‍സികള്‍ 250 കെട്ടുകളായാണ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. തുടര്‍ന്ന് കാറിലുണ്ടായിരുന്ന നാല് യാത്രക്കാരെ കസ്റ്റഡിയിലെടുക്കുകയും ചോദ്യംചെയ്യുകയുമായിരുന്നു. ഇവരില്‍നിന്നാണ് സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് സംഘം അന്ധേരിയിലെ ഒരു ഹോട്ടലില്‍ പരിശോധന നടത്തുകയും മറ്റ് മൂന്നുപേരെ കൂടി പിടികൂടുകയുമായിരുന്നു.
ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപയുടെ കള്ളനോട്ടുകള്‍ കൂടി പിടിച്ചെടുത്തു. ഇതിനുപുറമേ 28,170 രൂപയുടെ യഥാര്‍ഥ നോട്ടുകളും ലാപ്‌ടോപ്പ്, ഏഴ് മൊബൈല്‍ ഫോണുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ തുടങ്ങിയവയും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജനുവരി 31 വരെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Content Highlights: Counterfeit currency worth seven crore seized in Mumbai, Seven arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..