പുറത്തുവന്ന വീഡിയോയിൽ നിന്നുള്ള ദൃശ്യം, ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട ശേഷമുള്ള ദൃശ്യം. photo: mathrubhumi news|screen grab, ANI
കൂനൂര്‍: സംയുക്തസേനാ മേധാവി സഞ്ചരിച്ചിരുന്ന ഹെലിക്കോപ്റ്ററിന്റെ ദൃശ്യം അവസാനമായി പകര്‍ത്തിയ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. തമിഴ്നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘമാണ് ഫോണുകള്‍ കോയമ്പത്തൂര്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. ഫോട്ടോഗ്രാഫറായ ജോപോളും നാസറും ഊട്ടിയിലേക്കുള്ള യാത്രയിലെടുത്ത ദൃശ്യങ്ങളായിരുന്നു സമൂഹ-ദൃശ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നത്.
അന്വേഷണഭാഗമായി തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡിനും കത്ത് നല്‍കിയിട്ടുണ്ട്. സംഭവസ്ഥലത്ത് ഹൈ ട്രാന്സ്മിഷന് ലൈനുകള്‍, ഹൈ വോള്‍ട്ടേജ് പോള്‍ ഉണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിച്ച് വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
അപകടംനടന്ന സമയം സംഭവസ്ഥലത്തെ കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിനും പോലീസ് കത്ത് നല്കി. നിലവില്‍ തമിഴ്നാട് പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അപകടംനടന്ന സ്ഥലത്തിന് ചുറ്റുമുള്ള വനഭാഗത്ത് പരിശോധന തുടരുകയാണ്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് സമ്മാനങ്ങള്‍ നല്കി
ഗൂഡല്ലൂര്‍: കൂനൂരിനടുത്ത് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം.
സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 സൈനികര്‍ മരണമടഞ്ഞ ഹെലികോപ്റ്റര്‍ അപകടസമയത്ത് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിന് വീടുകളില്‍നിന്ന് പുതപ്പും ബക്കറ്റും വെള്ളവും മറ്റും നല്കി തീയണയ്ക്കാന്‍ പരിശ്രമിച്ചവര്‍ക്കാണ് ജില്ലാഭരണകൂടം സമ്മാനങ്ങള്‍ നല്‍കിയത്.
ജില്ലയില്‍ പരാതികള്‍ക്ക് വേഗം പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചടങ്ങില്‍ കളക്ടര്‍ എസ്.ബി. അമൃത് പറഞ്ഞു. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍, അവ കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യും. എല്ലാ സര്‍ക്കാര്‍ പരിപാടികളും അവരെ തേടിയെത്തും. എല്ലാ ക്ഷേമ സഹായങ്ങളും നല്‍കും. ഒന്നോ രണ്ടോ ദിവസത്തിനകം അപാകം പരിഹരിക്കും -കളക്ടര്‍ പറഞ്ഞു. 60 കുടുംബങ്ങള്‍ക്ക് 20 ഇനം പലചരക്ക് സാധനങ്ങളും പുതപ്പുകളും വിതരണം ചെയ്തു. നിവേദനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. ജില്ലാ റവന്യൂ ഓഫീസര്‍ കീര്‍ത്തി പ്രിയദര്‍ശിനി, കൂനൂര്‍ സബ്കളക്ടര്‍ ദീപാന വിശ്വേശ്വരി എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..