ടി.പി. വധക്കേസിലെ പ്രതികൾ | ഫയൽചിത്രം | പി.ടി.ഐ.
കോഴിക്കോട്: കോവിഡിന്റെ പേരില്‍ പരോളിലിറങ്ങിയ ജയില്‍ പുള്ളികളെ തിരകെ കയറ്റാന്‍ മടിച്ച് സര്‍ക്കാര്‍. ടി.പി കേസ് പ്രതികളടക്കമുള്ള കൊടും കുറ്റവാളികള്‍ ജയിലില്‍ നിന്ന് പരോളില്‍ പുറത്തിറങ്ങി വിലസുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് ജയില്‍ അധികൃതരും സര്‍ക്കാരും. ഏറ്റവും ഒടുവില്‍ വയനാട്ടിലെ റിസോര്‍ട്ടില്‍ വെച്ച് ലഹരി പാര്‍ട്ടിക്കിടെ മാരക ലഹരി മരുന്നുകളുമായി ടി.പി കേസ് പ്രതി കിര്‍മാണി മനോജിനെയടക്കം പോലീസ് പിടികൂടിയതോടെ വീണ്ടും ചര്‍ച്ചയാവുകയാണ് അനിശ്ചിതമായി നീളുന്ന ഇവരുടെ പരോള്‍ കാലം.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സുപ്രീംകോടതി നിര്‍ദേശ പ്രകാരം റിമാന്‍ഡ് പ്രതികളടക്കം 1100 പേര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് 506 ജീവപര്യന്തം തടവുകാര്‍ക്കുമാണ് പരോള്‍ നല്‍കിയത്. സുപ്രീംകോടതി നിര്‍ദേശ പ്രാകാരം പരോളില്‍ വിട്ടവരെ നിര്‍ബന്ധിച്ച് തിരികെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവുമുണ്ട്. ആ അനുകൂല്യം തങ്ങള്‍ക്കും വേണമെന്ന് അപ്പീലിലൂടെ ആവശ്യപ്പെട്ടാണ് പ്രത്യേക പരിഗണനയില്‍ സര്‍ക്കാര്‍ പരോള്‍ അനുവദിച്ച ജീവപര്യന്തം തടവുകാര്‍ പോലും അകത്ത് കയറാതെ വിലസി നടക്കുന്നത്. പത്ത് വര്‍ഷവും മറ്റും തടവ് ശിക്ഷ വിധിച്ചവര്‍ക്ക് ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങണമെങ്കില്‍ ഇളവ് കിട്ടിയ അത്രയും കൂടുതല്‍ ദിവസങ്ങള്‍ ജയിലില്‍ കിടക്കണം.അതേ സമയം ജീവപര്യന്തം തടവുകാര്‍ക്ക് ഇതെല്ലാം ശിക്ഷായിളവ് ആവുകയും ചെയ്യും.
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരില്‍ കൊടി സുനിയും റഫീഖും ഒഴികെയുള്ള എട്ടു പ്രതികള്‍ പരോളിലറങ്ങി പുറത്ത് കഴിയാന്‍ തുടങ്ങിയിട്ട് ഏകദേശം ഒരു വര്‍ഷത്തോളമായി. പല കാലങ്ങളിലായി പ്രത്യേക പരിഗണന വേറെയും ലഭിച്ചു. ജയില്‍ വകുപ്പ് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടിട്ട് പോലും ഇവര്‍ തിരിച്ചുകയറുന്നില്ല. അതിനെതിരേ നടപടിയെടുക്കാനോ മറ്റോ സര്‍ക്കാരും തയ്യാറാവുന്നില്ല.
ടി.പി ചന്ദ്രശഖരന്‍ വധക്കേസില്‍ പത്ത് പ്രതികളാണുള്ളത്. ഇതില്‍ കൊടി സുനി ഒഴികെയുള്ളവര്‍ക്കെല്ലാം പ്രത്യേക പരിഗണനയില്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച പ്രതികളോടെല്ലാം തിരികെ ജയിലില്‍ കയറാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പരോള്‍ ലഭിച്ചവരില്‍ 714 പേര്‍ മാത്രമാണ് തിരികെ കയറിയത്. ഇതില്‍ ടി.പി കേസ് പ്രതികളില്‍ ഒരാള്‍ മാത്രമാണ് തിരിച്ച് കയറിയതും. സംസ്ഥാനത്ത് ഗുണ്ടാ അക്രമണങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും ഗുരുത ക്രമസമാധാന പ്രശ്നമുണ്ടാക്കുമ്പോഴും ശിക്ഷിക്കപ്പെട്ടവരെ അകത്ത് കയറ്റാതെ നിര്‍ത്തുന്നത് വലിയ ഭീഷണിയാവുന്നുണ്ട്. ഇവര്‍ പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതോടെ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് പോലും ഭീഷണിയാവുന്നുണ്ടെന്നാണ് പ്രതിപക്ഷവും ആരോപിക്കുന്നത്.
Content Highlights: controversy about tp murder case accused kirmani manoj and others parole
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..