Photo: Instagram|jacquelinef143
ന്യൂഡല്‍ഹി: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി പരിചയപ്പെട്ടത് വന്‍ കബളിപ്പിക്കലിലൂടെയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി). കേന്ദ്രമന്ത്രി അമിത് ഷായുടെ ഓഫീസില്‍നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞാണ് നടിയുമായി സുകേഷ് ബന്ധം സ്ഥാപിച്ചതെന്നും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കുടുംബാംഗമാണെന്നാണ് പരിചയപ്പെടുത്തിയതെന്നും ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ഡിസംബര്‍ ആദ്യവാരമാണ് സുകേഷ്, നടി ലീന മരിയ പോള്‍ എന്നിവരടക്കം എട്ടുപേര്‍ക്കെതിരേ ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചത്. ഡല്‍ഹിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഈ കുറ്റപത്രത്തിലാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് നല്‍കിയ മൊഴികളും വിശദീകരിച്ചിരുന്നത്.
2020 ഡിസംബറിലും 2021 ജനുവരിയിലും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമായി ഫോണില്‍ ബന്ധപ്പെടാന്‍ സുകേഷ് ശ്രമിച്ചിരുന്നു. ശേഖര്‍ രത്‌നാവേല എന്ന പേരിലാണ് നടിയെ പരിചയപ്പെട്ടത്. എന്നാല്‍ ഇയാളെക്കുറിച്ച് വ്യക്തമായി അറിയാത്തതിനാല്‍ ഫോണ്‍കോളുകള്‍ക്ക് നടി മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷാന്‍ മുത്താത്തിലുമായി പ്രതി ബന്ധപ്പെടുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ ഓഫീസില്‍നിന്നാണെന്ന് പറഞ്ഞാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ വിളിച്ചത്. ശേഖര്‍ രത്‌നാവേല വളരെ പ്രമുഖനായ വ്യക്തിയാണെന്നും അദ്ദേഹത്തിന് നടിയുമായി സംസാരിക്കാന്‍ താത്പര്യമുണ്ടെന്നും ഇയാളുമായി ബന്ധം സ്ഥാപിക്കുന്നത് ഉപകാരം ചെയ്യുമെന്നുമായിരുന്നു മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് പറഞ്ഞിരുന്നത്. ഇതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുകേഷിന്റെ നമ്പര്‍ നടിക്ക് നല്‍കി.
തമിഴ് ടി.വി. ചാനലായ സണ്‍ ടി.വി.യുടെ ഉടമയാണെന്നും തന്റെ കുടുംബത്തിന്റേതാണ് സണ്‍ ടി.വി.യെന്നും പറഞ്ഞാണ് സുകേഷ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പരിചയപ്പെട്ടത്. നടിയുടെ വലിയ ആരാധകനാണെന്നും ദക്ഷിണേന്ത്യയിലെ സിനിമകളില്‍ നടിക്ക് അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്തു. സണ്‍ ടി.വി.യ്ക്ക് നിരവധി പ്രൊജക്ടുകളുണ്ടെന്നും ഇതിന്റെ ഭാഗമാക്കാമെന്നും പറഞ്ഞു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ കുടുംബാംഗമാണെന്നും രാഷ്ട്രീയ കുടുംബത്തിലെ അംഗമാണെന്നും സുകേഷ് ജാക്വിലിനോട് പറഞ്ഞിരുന്നു.
ബന്ധം സ്ഥാപിച്ചതിന് പിന്നാലെ വില കൂടിയ സമ്മാനങ്ങളാണ് സുകേഷ് നടിയ്ക്ക് നല്‍കിയത്. ഇരുവരും പരസ്പരം കാണുകയും ലക്ഷ്വറി ബ്രാന്‍ഡുകളുടെ ഷോറൂമുകളില്‍ ഷോപ്പിങ്ങിന് ഒരുമിച്ച് പോവുകയും പതിവായി. നടി ആവശ്യപ്പെട്ട വില കൂടിയ സാധനങ്ങളെല്ലാം സുകേഷ് എത്തിച്ചുനല്‍കി. വജ്രത്തിന്റെ രണ്ട് ജോഡി കമ്മലുകളാണ് സുകേഷ് നടിക്ക് സമ്മാനമായി നല്‍കിയത്. ഇതിനുപുറമേ ബ്രേസ് ലെറ്റുകളും ബാഗുകളും വിലകൂടിയ ഷൂവും സമ്മാനിച്ചു. ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ ഗൂച്ചിയുടെ വസ്ത്രങ്ങളും മറ്റും സുകേഷ് സമ്മാനിച്ചതായും നടി മൊഴി നല്‍കിയിട്ടുണ്ട്. സുകേഷില്‍നിന്ന് 15 ജോഡി കമ്മലുകളാണ് ലഭിച്ചതെന്നും നടിയുടെ മൊഴിയില്‍ പറയുന്നു.
അതേസമയം, ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഏഴ് കോടിയോളം രൂപയുടെ ആഭരണങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നാണ് സുകേഷിന്റെ മൊഴി. ബ്രേസ് ലെറ്റുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, വാച്ചുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഒരു കുതിരയെയും മിനി കൂപ്പര്‍ കാറും ജാക്വിലിന് നല്‍കിയിട്ടുണ്ടെന്നും സുകേഷിന്റെ മൊഴിയില്‍ പറയുന്നു.
നടിയുടെ യു.എസിലുള്ള സഹോദരിക്ക് 1,50,000 യുഎസ് ഡോളര്‍ വായ്പയായി നല്‍കിയിട്ടുണ്ട്. ബി.എം.ഡബ്യൂ എക്‌സ് 5 കാറും നല്‍കി. നടിയുടെ മാതാപിതാക്കള്‍ക്ക് രണ്ട് കാറുകളും സമ്മാനിച്ചു. മസേരാറ്റി, പോര്‍ഷെ തുടങ്ങിയ കമ്പനികളുടെ കാറുകളാണ് മാതാപിതാക്കള്‍ക്ക് നല്‍കിയത്. ഓസ്‌ട്രേലിയയിലുള്ള നടിയുടെ സഹോദരന് 50,000 ഡോളര്‍ കടമായി നല്‍കിയെന്നും ഇ.ഡി.യുടെ കുറ്റപത്രത്തിലുണ്ട്.
അതേസമയം, സുകേഷ് സമ്മാനിച്ച മിനി കൂപ്പര്‍ കാര്‍ താന്‍ പിന്നീട് തിരികെ നല്‍കിയെന്നാണ് ജാക്വിലിന്റെ മൊഴി. കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലാകുന്നത് വരെ സുകേഷുമായി ബന്ധമുണ്ടായിരുന്നതായും നടി സമ്മതിച്ചിട്ടുണ്ട്.
ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രമോട്ടറായ ശിവീന്ദര്‍ സിങ്ങിന്റെ കുടുംബത്തില്‍നിന്ന് 200 കോടി രൂപ തട്ടിയെടുത്തെന്ന കേസിലാണ് സുകേഷ് ചന്ദ്രശേഖറും നടി ലീന മരിയ പോളും ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശിവീന്ദറിന്റെ ഭാര്യ അദിതി സിങ് നല്‍കിയ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.
ജയിലിലായിരുന്ന ശിവീന്ദര്‍ സിങ്ങിന് ജാമ്യം സംഘടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് സുകേഷ് ചന്ദ്രശേഖര്‍ പണം തട്ടുകയായിരുന്നു. നിയമകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഇയാള്‍ അദിതി സിങ്ങില്‍നിന്ന് പണം കൈക്കലാക്കിയത്. ഡല്‍ഹിയില്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകേഷ് ഈ വമ്പന്‍ തട്ടിപ്പുകള്‍ നടത്തിയത്. ഇതിനിടെയാണ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അടക്കമുള്ളവരുമായി സുകേഷിന് ബന്ധമുണ്ടെന്ന വിവരങ്ങളും പുറത്തുവന്നത്. തുടര്‍ന്ന് നടിയെയും ഇ.ഡി. ചോദ്യംചെയ്തിരുന്നു.
Content Highlights: conman sukesh chandrasekhar gifted horse diamonds mini cooper car to jacqueline fernandez
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..