മിസ്റ്റ് ഹോംസ്റ്റേയിൽ പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോൾ | ഫോട്ടോ: മാതൃഭൂമി
അടിമാലി: സാനിറ്റൈസർ നിർമിക്കുന്ന സ്പിരിറ്റിൽ നിറം ചേർത്ത് കുടിച്ച മൂന്നുപേർ അതീവ ഗുരുതരാവസ്ഥയിൽ. മിസ്റ്റ് ഹോംസ്റ്റേ ഉടമയും എൽ.ഐ.സി. ഏജന്റുമായ കൊട്ടാരത്തിൽ തങ്കപ്പൻ (72), ഡ്രൈവർ വയനാട് കല്ലുപറമ്പിൽ ജോബി (28), ഹോംസ്റ്റേയിൽ താമസിക്കാനെത്തിയ ട്രാവൽ ഏജന്റ് ഇരിങ്ങാലക്കുട കുഴിക്കാട്ടുശ്ശേരി മാനിക്കൽ മനോജ് (48) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മനോജ് ഓൺലൈനിലൂടെ വാങ്ങിയ സ്പിരിറ്റിലാണ് നിറം ചേർത്തത്. മൂവരും വെന്റിലേറ്ററിലാണ്. കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു.
ശനിയാഴ്ച ഉച്ചയ്ക്കാണ് മനോജ് കുടുംബസമേതം ചിത്തിരപുരത്തെത്തിയത്. ട്രാവൽ ഏജന്റായ ഇദ്ദേഹം മിസ്റ്റിൽ മുറിയെടുത്തശേഷം സമീപത്തുള്ള മറ്റൊരു ഹോംസ്റ്റേയിലേക്ക് പോയി. അവിടെ വെച്ച് മദ്യപിച്ചു. മിസ്റ്റിലേക്ക് വൈകീട്ടോടെ തിരിച്ചെത്തി. തങ്കപ്പനെയും ജോബിയേയും കൂട്ടി നിറം ചേർത്ത മദ്യം കഴിച്ചു. ഇതിനൊപ്പം തേനും വൈനും കലർത്തി. കൂടെ ചെമ്മീനും കഴിച്ചു.
ഞായറാഴ്ച രാവിലെ മനോജും ഭാര്യയും രണ്ട് കുട്ടികളും ഇരിങ്ങാലക്കുടയിലേക്ക് തിരിച്ചുപോയി. പോകുന്ന വഴി മനോജിന് കലശലായ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടപ്പോൾ കറുകുറ്റി അപ്പോളോ ആശുപത്രിയിൽ ചികിത്സ തേടി. ഈ സമയംതന്നെ തങ്കപ്പനും ജോബിക്കും ഛർദ്ദിയുണ്ടായി. ഇവരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ടോടെ നില വഷളാകുകയും ഇരുവരെയും കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയുമായിരുന്നു. മൂവരുടെയും വൃക്കയുടെ പ്രവർത്തനം തകരാറിലായി. മനോജിനെ ഡയാലിസിസിന് വിധേയനാക്കി. തങ്കപ്പന്റെ സഹോദരൻ ഷൈനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പോലീസ് കേസെടുത്തിരിക്കുന്നത്. വെള്ളത്തൂവൽ സി.ഐ. ആർ.കുമാർ, എസ്.ഐ.മാരായ എ.കെ.ഷെമീർ, സി.വി.ഉലഹന്നാൻ, സജി എൻ.പോൾ, നസീർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
ആശുപത്രിയിൽ കഴിയുന്ന തങ്കപ്പന്റെ ഉടമസ്ഥതയിലുള്ള മിസ്റ്റ് ഹോംസ്റ്റേയും സമീപത്തുള്ള വിന്റർകാസ്റ്റ് ഹോംസ്റ്റേയും പോലീസ് പൂട്ടി സീൽ ചെയ്തു.
Content Highlights:colour and honey mixed with spirit three people in critical condition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..