ശ്വേത, രാമചന്ദ്രൻ
ചെന്നൈ: താംബരം റെയില്‍വേ സ്റ്റേഷനുസമീപം എം.സി.സി. കോളേജ് വിദ്യാര്‍ഥിനിയെ പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് യുവാവ് കുത്തിക്കൊന്നു. ക്രോംപ്പെട്ട് ഭാരതി നഗറിലെ ശ്വേതയെ (20) ആണ് കാര്‍ കമ്പനി ജീവനക്കാരനായ രാമചന്ദ്രന് (23) കുത്തിക്കൊന്നത്.
താംബരം എം.സി.സി. കോളേജില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി (ഡി.എം.എല്‍.ടി.) രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ശ്വേത. ശ്വേതയെ കുത്തിയശേഷം രാമചന്ദ്രന് കഴുത്തില്‍ സ്വയംകുത്തി ആത്മഹത്യചെയ്യാന്‍ ശ്രമിച്ചു.
പോലീസെത്തി രണ്ടുപേരെയും ക്രോംപ്പെട്ട് ഗവ. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വേത മരിച്ചു. ഗുരുതരമായി പരിക്കേറ്റ രാമചന്ദ്രനെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരും മൂന്നുവര്‍ഷമായി പരിചയമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ചാണ് സബര്‍ബന്‍ തീവണ്ടിയില്‍ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം തീവണ്ടിയാത്രയ്ക്കിടെ രാമചന്ദ്രനുമായി പിണങ്ങിയ ശ്വേത താംബരം റെയില്‍വേ സ്റ്റേഷനിലിറങ്ങി. കോളേജിലേക്ക് പോകുമ്പോള്‍ പിറകെയെത്തിയ രാമചന്ദ്രന് ശ്വേതയുമായി തര്‍ക്കത്തിലായി. തുടര്‍ന്ന് പോക്കറ്റില്‍ സൂക്ഷിച്ച കത്തിയെടുത്ത് ശ്വേതയെ കുത്തുകയായിരുന്നു.
2016-ല്‍ സ്വാതി, ഇപ്പോള്‍ ശ്വേത....
ചെന്നൈ: സബര്‍ബന്‍ റെയില്‍വേ സ്റ്റേഷനിലും സമീപത്തുമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് എം.സി.സി. വിദ്യാര്‍ഥിനി ശ്വേതയ്ക്കെതിരെ യുണ്ടായത്. 2016-ല്‍ ജൂണ്‍ നാലിന് സോഫ്റ്റ് വേര് എന്‍ജിനിയറായ സ്വാതി(26)യെ ബി ടെക് ബിരുദധാരിയായ രാംകുമാര്‍ നുങ്കമ്പാക്കം റെയില്‍വേ സ്റ്റേഷനില്‍ വെട്ടിക്കൊന്നിരുന്നു. പ്രണയം നിരസിച്ചതിനാലാണ് രാംകുമാര്‍ വെട്ടിക്കൊന്നിരുന്നത്. ഫെയ്സ് ബുക്കിലൂടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്.
രാംകുമാറിന്റെ പ്രണയാഭ്യര്ഥനകള് നിരസിച്ചതിനെ തുടര്‍ന്നാണ് കൊലനടത്തിയതെന്ന് പോലീസിന് മൊഴി നല്‍കിയിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന രാംകുമാര്‍ 2016 സെപ്റ്റംബറില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. വൈദ്യുതി വഹിച്ചിരുന്ന വയര്‍ കടിച്ച് പിടിച്ച് ഷോക്കോല്പിച്ചാണ് ആത്മഹത്യ ചെയ്തിരുന്നത്. തുടര്‍ന്ന് 2019-ല്‍ ജൂണില്‍ യുവതിയെ യുവാവ് കുത്തി പരിക്കേല്പിച്ചിരുന്നു. എന്നാല്‍ യുവതി പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
റെയില്‍വേ സ്റ്റേഷനുകളിലും സമീപത്തും കുറ്റകൃത്യങ്ങള്‍ നടക്കുമ്പോഴെല്ലാം സ്റ്റേഷനുകളില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരാറുണ്ട്. അല്പ കാലത്തേക്ക് എല്ലാ റെയില്‍വേ സ്റ്റേഷനിലും പോലീസ് സുരക്ഷ ഏര്പ്പെടുത്താറുണ്ടെങ്കിലും പിന്നീട് സുരക്ഷ നാമമാത്രമാണ്. ശ്വേത സ്റ്റേഷനില്‍നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കുത്തികൊന്നത്. അതിനാല്‍ ലോക്കല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: college student stabbed to death in by jilted lover in chennai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..