1. അമൽ നാട്ടുകാരനായ ഡേവിസിനെ മർദിക്കുന്ന ദൃശ്യം 2&3. അമലിനെ നാട്ടുകാർ മർദിക്കുന്ന ദൃശ്യം
തൃശ്ശൂര്‍: അമിതവേഗത്തിലെത്തിയ ബൈക്കില്‍നിന്ന് പെണ്‍കുട്ടി വീണതിനെച്ചൊല്ലി നാട്ടുകാരും കോളേജ് വിദ്യാര്‍ഥിയും തമ്മില്‍ സംഘര്‍ഷം. തൃശ്ശൂര്‍ ചിയ്യാരത്താണ് കോളേജ് വിദ്യാര്‍ഥിയും നാട്ടുകാരും തമ്മിലടിച്ചത്. ചേതന കോളേജിലെ ബിരുദ വിദ്യാര്‍ഥിയായ അമലും സഹപാഠിയായ പെണ്‍കുട്ടിയും ബൈക്കില്‍ വരുന്നതിനിടെ പെണ്‍കുട്ടി ബൈക്കില്‍നിന്ന് വീണു. ഇതുകണ്ടെത്തിയ നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. അമല്‍ നാട്ടുകാരിലൊരാളെ മര്‍ദിക്കുകയും പിന്നാലെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് അമലിനെ മര്‍ദിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അമലും സഹപാഠികളും ഭക്ഷണം കഴിക്കാനായാണ് ബൈക്കുകളില്‍ കോളേജില്‍നിന്ന് ടൗണിലേക്ക് വന്നത്. ഇതിനിടെ അമലിന്റെ ബൈക്കിന്റെ മുന്‍ഭാഗം ഉയരുകയും പിന്നിലിരുന്ന സഹപാഠിയായ പെണ്‍കുട്ടി വീഴുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ബൈക്കുമായി റേസിങ് നടത്തിയതാണ് പെണ്‍കുട്ടി വീഴാന്‍ കാരണമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. സംഭവസമയത്ത് 'ജോക്കര്‍' കഥാപാത്രത്തിന്റെ വസ്ത്രമായിരുന്നു അമല്‍ ധരിച്ചിരുന്നത്. ഇതിന്റെ പേരിലും നാട്ടുകാര്‍ തട്ടിക്കയറിയെന്നും അമല്‍ ആരോപിച്ചു.
അതേസമയം, അപകടമുണ്ടായതിന് പിന്നാലെ അമല്‍ നാട്ടുകാരിലൊരാളെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊടകര സ്വദേശിയായ ഡേവിസിനാണ് അമലില്‍നിന്ന് മര്‍ദനമേറ്റത്. പിന്നീട് അമലിനെ നാട്ടുകാര്‍ മര്‍ദിച്ചപ്പോള്‍ ഡേവിസ് കല്ല് കൊണ്ട് വിദ്യാര്‍ഥിയുടെ തലയ്ക്കടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോളേജിലെ അധ്യാപികയോട് നാട്ടുകാര്‍ മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. ബൈക്കില്‍നിന്ന് വീണ പെണ്‍കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നാട്ടുകാര്‍ ആദ്യം സമ്മതിച്ചില്ലെന്നാണ് അമലിന്റെ ആരോപണം. ഇതറിഞ്ഞാണ് അധ്യാപകര്‍ സ്ഥലത്തെത്തിയത്. എന്നാല്‍ അധ്യാപകരോടും നാട്ടുകാര്‍ തട്ടിക്കയറുകയാണുണ്ടായതെന്നും പറയുന്നു. പരിക്കേറ്റ പെണ്‍കുട്ടിയെയും അമലിനെയും പിന്നീട് ആശുപത്രിയില്‍ എത്തിച്ചു. അമലിന്റെ തലയില്‍ അഞ്ച് തുന്നലുണ്ട്. പെണ്‍കുട്ടി ഇപ്പോഴും ചികിത്സയിലാണ്.
അതേസമയം, എന്തിനാണ് നാട്ടുകാര്‍ തല്ലിയതെന്ന് തനിക്കറിയില്ലെന്ന് അമല്‍ പ്രതികരിച്ചു. 'എന്തിനാണ് തല്ലിയതെന്ന് എനിക്കറിയില്ല. നിനക്ക് തോന്നിയ വേഷം കെട്ടിനടക്കാം, ആള്ക്കാര് ഇതൊക്കെ കണ്ടുനടക്കണോ എന്നൊക്കെയാണ് അവര്‍ ചോദിച്ചത്. ഞാന്‍ എന്റെ മുഖത്ത് ചായം വരച്ചാല്‍ ഇവര്‍ക്ക് എന്താണ് നഷ്ടപ്പെടാനുള്ളത്. പോലീസുകാര്‍ പറഞ്ഞത് എന്റെ ഭാഗത്ത് ഒരു കുഴപ്പവുമില്ലെന്നാണ്. ആദ്യം ആ വഴി പോയപ്പോള്‍ ബൈക്കിന് 60 കിലോമീറ്റര്‍ വേഗമുണ്ടായിരുന്നു. പിന്നീട് ബൈക്ക് സ്റ്റാര്‍ട്ട് ആക്കിയതിന് പിന്നാലെയാണ് പെണ്‍കുട്ടി വീണത്. ആരെങ്കിലും സഹപാഠിയെ വീഴ്ത്താന്‍ നോക്കുമോ', അമല്‍ ചോദിച്ചു.
അതിനിടെ, കോളേജ് വിദ്യാര്‍ഥി അപകടകരമായരീതിയിലാണ് വാഹനമോടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമലിനെ റോഡിരികിലിട്ട് മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാട്ടുകാര്‍ക്കെതിരേയും നാട്ടുകാരെ മര്‍ദിച്ചെന്ന പരാതിയില്‍ അമലിനെതിരേയുമാണ് കേസെടുത്തിരിക്കുന്നത്.
Content Highlights: college student brutally attacked in thrissur locals alleges bike racing behind the accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..