
പ്രതീകാത്മക ചിത്രം | PTI
ചെന്നൈ: വിരുന്നിന്റെ ഭാഗമായി നടത്തിയ ഡി.ജെ. പാര്‍ട്ടിയെത്തുടര്‍ന്ന് വിവാഹം മുടങ്ങിയ സംഭവത്തില്‍ വധുവിന്റെ വീട്ടുകാര്‍ക്കെതിരേ വരന്റെ പരാതി.
മദ്യപിച്ചെത്തിയ യുവാക്കള്‍ ഡി.ജെ. പാര്‍ട്ടിക്കിടെ വധുവിനൊപ്പം മോശമായ രീതിയില്‍ നൃത്തം ചെയ്തതിനെ ചോദ്യം ചെയ്തതിന് മര്‍ദിച്ചെന്നും പരസ്യമായി അപമാനിച്ചെന്നുമാണ് പോലീസിന് നല്കിയ പരാതിയിലുള്ളത്.
കടലൂര്‍ ജില്ലയിലെ പന്ട്രുത്തിയില് കഴിഞ്ഞ ദിവസമായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. വിവാഹത്തോടനുബന്ധിച്ചു നടന്ന വിരുന്നിനിടെ വരന് വധുവിന്റെ കരണത്തടിച്ചെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ഈ വിവാഹം മുടങ്ങിയെങ്കിലും വധു ബന്ധുവായ മറ്റൊരു യുവാവിനെ വിവാഹം ചെയ്തിരുന്നു. വധുവിനെ താന്‍ മര്‍ദിച്ചിട്ടില്ലെന്നും അവരുടെ വീട്ടുകാര്‍ തന്നെ തല്ലുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തെന്നുമാണ് ഇപ്പോള്‍ വരന് ആരോപിക്കുന്നത്.
ആളുകളുടെമുന്നില്‍ അപമാനിക്കുമെന്ന് പറഞ്ഞാണ് വീട്ടുകാര്‍ വിവാഹം ഉപേക്ഷിച്ചതെന്നും ഇയാള്‍ പറയുന്നു. വിരുന്നിനോട് അനുബന്ധിച്ച് ഡി.ജെ. പാര്‍ട്ടി നടത്തുന്നതിനോട് യോജിപ്പില്ലായിരുന്നെങ്കിലും വധുവിന്റെ നിര്‍ബന്ധത്തിന് താന്‍ വഴങ്ങുകയായിരുന്നു. മദ്യപിച്ചെത്തിയ യുവാക്കള്‍ വധുവിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് മോശമായരീതിയില്‍ നൃത്തം ചെയ്തു.
ഇതിനെ ചോദ്യംചെയ്തപ്പോള്‍ വധു എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇത് കണ്ടതോടെ അവരുടെ വീട്ടുകാര്‍ മര്‍ദിക്കുകയും അപമാനിക്കുകയുമായിരുന്നു.
വിവാഹത്തിന്റെ ക്രമീകരണങ്ങള്‍ക്കായി ഏഴ് ലക്ഷത്തോളം രൂപ ചെലവായെന്നും പന്‍ട്രുത്തി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..