തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തവർ
തിരുവല്ലം: വണ്ടിത്തടം, പാപ്പാൻചാണി എന്നിവിടങ്ങളിലെ യുവാക്കൾ ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ എട്ടു പേർക്ക് വെട്ടേറ്റു. സംഭവുമായി ബന്ധപ്പെട്ട് ഒൻപതു പേരെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു. പാപ്പാൻചാണി വണ്ടിത്തടം സ്വദേശികളായ നിഖിൽ(19), രഞ്ചുലാൽ(20), അഖിൽ(23), അനീഷ്(25), രത്നാജ്(37), ജിത്തുജയൻ(24), നിധീഷ്(19), രാഹുൽ(30), അനിൽ(32) എന്നിവരെയാണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ഒരു ചേരിയിലെ യുവാക്കളുടെ സംഘത്തലവന്റെ ഓട്ടോറിക്ഷയിൽ എതിർചേരിയിലെ സംഘത്തിലെ ആളുടെ ബൈക്ക് തട്ടിയതിനെ തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിലും വെട്ടിപ്പരിക്കേൽപ്പിക്കലിലുമായി കലാശിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. തർക്കത്തെ തുടർന്ന് ഇരുചേരിയിലെയും സംഘങ്ങളെത്തി പരസ്പരം വാളും വെട്ടുകത്തിയുമുപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ചു.
തിരുവല്ലം ഇൻസ്പെക്ടർ സുരേഷ് വി.നായർ, എസ്.ഐ.മാരായ ബിപിൻ പ്രകാശ്, വൈശാഖ്, മനോഹരൻ, വേണു, അസി. സബ് ഇൻസ്പെക്ടർമാരായ ജയിംസ്, സി.പി.ഒ.മാരായ അജിത്, പ്രകാശ്, രാജീവ് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
മറുനാടൻ തൊഴിലാളികൾ തമ്മിലടിച്ചു, ഒരാൾക്ക് പരിക്കേറ്റു
വട്ടിയൂർക്കാവ്:മറുനാടൻ തൊഴിലാളികൾ തമ്മിലടിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ടരയോടെ മൂന്നാംമൂട് പാണാങ്കരയിലാണ് സംഭവം.
അസം സ്വദേശി മുനുക്കൂസി (33)നാണ് പരിക്കേറ്റത്. പാണാങ്കരയിൽ കെട്ടിട നിർമാണത്തൊഴിലാളികൾ കൂട്ടത്തോടെ താമസിച്ചിരുന്ന സ്ഥലത്താണ് തർക്കവും അടിയും നടന്നത്. ഇടതുതോളിനു പുറകിലായി സാരമായി പരിക്കേറ്റ് രക്തം വാർന്നൊഴുകുന്നനിലയിൽ കൂട്ടുകാരോടൊപ്പം രാത്രി ഒമ്പതോടെ മുനുക്കൂസ് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലെത്തി. കൂടെത്താമസിച്ചിരുന്ന റിയാസ് എന്നയാൾ പൊട്ടിച്ച കുപ്പി കൊണ്ട് കുത്തിയതായി പറഞ്ഞു. അവശനായ ഇയാളെ പോലീസ് ഇടപെട്ട് ഒരു ഓട്ടോറിക്ഷയിൽ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ഇവിടെനിന്നു രാത്രി പത്തുമണിയോടെ കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ വട്ടിയൂർക്കാവ് പോലീസ് അന്വേഷണം തുടങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..