റഷീദ്
തൊടുപുഴ: പട്ടികജാതി വികസന ഓഫീസിൽനിന്നു സ്‌കോളർഷിപ്പ് ലഭ്യമാക്കുന്നതിന് മൂന്നാർ സ്വദേശിയിൽനിന്നു 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസിലെ സീനിയർ ക്ലാർക്കിനെ വിജിലൻസ് പിടികൂടി. തൊടുപുഴ ഇടവെട്ടി വലിയജാരം പനക്കൽ വീട്ടിൽ കെ.റഷീദ് ആണ് പിടിയിലായത്.
മൂന്നാർ സ്വദേശിയുടെ മകൾക്ക് ഫാഷൻ ടെക്നോളജി പഠിക്കാൻ 2.5 ലക്ഷം രൂപ സ്കോളർഷിപ്പ് ലഭ്യമാക്കുന്നതിനുള്ള രേഖകൾ ശരിയാക്കുന്നതിന് ജില്ല പട്ടികജാതി വികസന ഓഫീസിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കണമെന്ന് റഷീദ് ആവശ്യപ്പെട്ടിരുന്നു.
60,000 രൂപ കൈക്കൂലി നൽകണമെന്നും, അതിൽ 40,000 രൂപ മുൻകൂറായി നൽകണമെന്നുമായിരുന്നു ആവശ്യം. മൂന്നാർ സ്വദേശി സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോൾ മുൻകൂറായി 25,000 രൂപ നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് പരാതിയുമായി മൂന്നാർ സ്വദേശി വിജിലൻസിനെ സമീപിക്കുകയുമായിരുന്നു.
2019-ലും 2020-ലും സ്‌കോളർഷിപ്പ് ലഭിച്ചപ്പോൾ പരാതിക്കാരനിൽനിന്നു ഇയാൾ പണം വാങ്ങിയിരുന്നു.
2019-ൽ 60,000 രൂപയും, 2020-ൽ 50,000 രൂപയും ബാങ്ക് അക്കൗണ്ടിലേക്ക് കൈക്കൂലിയായി നൽകി. ഇത്തവണയും സ്‌കോളർഷിപ്പ് തുക ലഭിക്കുന്നതിന് കൈക്കൂലി തൊടുപുഴയിൽ എത്തിക്കാൻ പരാതിക്കാരനോട് റഷീദ് ആവശ്യപ്പെട്ടു.
തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പണം കൈമാറുന്നതിനിടെ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പോലീസ് സൂപ്രണ്ട് വി.ജി.വിനോദ്കുമാറിന്റെ നിർദേശപ്രകാരം ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.ആർ.രവികുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചൊവ്വാഴ്ച തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..