Photo: Instagram|Alekhyadivs
തിരുപ്പതി: പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ രണ്ട് യുവതികളെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പോലീസ്. കൊലപാതകത്തില്‍ മൂന്നാമതൊരാള്‍ക്ക് പങ്കില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും അന്ധവിശ്വാസത്തിന്റെ പേരിലാണ് ദമ്പതിമാര്‍ മക്കളെ കൊലപ്പെടുത്തിയതെന്നും ചിറ്റൂര്‍ എസ്.പി. സെന്തില്‍കുമാര്‍ പ്രതികരിച്ചു.
'ഇതൊരു ദൗര്‍ഭാഗ്യകരമായ സംഭവമാണ്. കൊലപാതകവിവരം അറിഞ്ഞതോടെ വളരെ സൂക്ഷ്മതയോടെയാണ് പോലീസ് കേസില്‍ ഇടപെട്ടത്. മദനപ്പള്ളി സി.ഐ. ശ്രീനിവാസുലു, എസ്.ഐ.മാരായ ദിലീപ്കുമാര്, രമാദേവി എന്നിവര്‍ കൃത്യമായ നടപടികള്‍ സ്വീകരിച്ചു. ദമ്പതിമാരെ അവരുടെ മനോനില സാധാരണനിലയിലാകുന്നത് വരെ പോലീസ് കാത്തിരുന്നു. അതിനുശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇത്തരമൊരു കേസ് സസൂക്ഷ്മമായി കൈകാര്യം ചെയ്തതിലും ആത്മാഹുതിക്ക് പദ്ധതിയിട്ടിരുന്ന ദമ്പതിമാരെ രക്ഷിച്ചതിലും അവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തിയതിനും പോലീസിനെ അഭിനന്ദിക്കുന്നു'- ചിറ്റൂര്‍ എസ്.പി. പറഞ്ഞു.
അതേസമയം, അറസ്റ്റിലായ പുരുഷോത്തം നായിഡുവിനെയും പദ്മജയെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പതി എസ്.വി.ആര്.ആര്. ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിലാണ് ഇരുവര്‍ക്കും ചികിത്സ നല്‍കുന്നത്. പുരുഷോത്തം നായിഡു നിലവില്‍ സാധാരണനിലയിലാണ് സംസാരിക്കുന്നതെങ്കിലും പദ്മജ പലപ്പോഴും പരസ്പരവിരുദ്ധമായി പെരുമാറുന്നുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
നേരത്തെ കോവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ച പദ്മജ, താന്‍ ശിവനാണെന്നും തന്റെ ശരീരമാണ് കൊറോണ വൈറസിന് ജന്മം നല്‍കിയതെന്നും പറഞ്ഞിരുന്നു. ഒടുവില്‍ ഭര്‍ത്താവും ആരോഗ്യപ്രവര്‍ത്തകരും ഏറെനേരം അഭ്യര്‍ഥിച്ചതിന് ശേഷമാണ് ഇവര്‍ പരിശോധനയ്ക്ക് തയ്യാറായത്.
അതിനിടെ, കൊലപാതകം നടന്നദിവസം ഇവരുടെ വീട്ടില്‍ അപൂര്‍വമായ പലകാഴ്ചകള്ക്കുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ സാക്ഷികളായത്. പുരുഷോത്തം നായിഡുവിന്റെ സഹപ്രവര്ത്തകന് വിവരമറിയിച്ചതനുസരിച്ചാണ് പോലീസ് ദമ്പതിമാരുടെ വീട്ടിലെത്തിയത്. ഗൃഹനാഥന് മാത്രമാണ് ആദ്യം വീട്ടില്‍നിന്ന് പുറത്തുവന്നത്. പിന്നീട് പോലീസ് വീടിനകത്ത് കയറിയപ്പോള്‍ മക്കളുടെ മൃതദേഹത്തിനരികെ ഉറക്കെ പാട്ടുപാടി നൃത്തംചെയ്യുന്ന അമ്മയെയാണ് കണ്ടത്. മൃതദേഹം സൂക്ഷിച്ചിരുന്ന മുറിയില്‍ പോലീസ് പ്രവേശിക്കാനൊരുങ്ങിയപ്പോള്‍ ഇവര്‍ തടയാന്ശ്രമിച്ചു. നഗ്നമായനിലയില്‍ കിടക്കുന്ന മൃതദേഹം പോലീസ് കാണാന്‍ പാടില്ലെന്നും തിങ്കളാഴ്ച വരെ മൃതദേഹം കൊണ്ടുപോകരുതെന്നുമായിരുന്നു പദ്മജ പറഞ്ഞത്. തിങ്കളാഴ്ച വരെ സമയം നല്കിയാല് മക്കള്‍ പുനര്‍ജനിക്കുമെന്നും ആവര്‍ത്തിച്ചുപറഞ്ഞു. എന്നാല്‍ ഇവരെ വളരെ തന്ത്രപൂര്‍വം അനുനയിപ്പിച്ചാണ് പോലീസ് മുറിക്കകത്ത് കടന്നത്. പോലീസുകാര്‍ വീട്ടിലും പരിസരത്തും ഷൂ ധരിച്ച് കയറിയതും പദ്മജയെ പ്രകോപിപ്പിച്ചിരുന്നു. വീട്ടിലെ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിക്കരുതെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്. ദമ്പതിമാരെ ഏറെനേരം പണിപ്പെട്ടാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
പുനര്‍ജനിക്കുമെന്ന വിശ്വാസത്തിലാണ് രണ്ട് പെണ്മക്കളെയും പുരുഷോത്തം നായിഡുവും പദ്മജയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലില്‍ പി.ജി. വിദ്യാര്‍ഥിയായ ആലേഖ്യ(27) സംഗീത വിദ്യാര്‍ഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. രസതന്ത്രത്തില്‍ പി.എച്ച്.ഡി നേടിയ പുരുഷോത്തം നായിഡു സര്‍ക്കാര്‍ കോളേജില്‍ വൈസ് പ്രിന്‍സിപ്പലാണ്. ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയായ പദ്മജ ഐ.ഐ.ടി. പ്രവേശനപരീക്ഷ പരിശീലനസ്ഥാപനത്തില്‍ അധ്യാപികയായിരുന്നു. ഉന്നതവിദ്യാഭ്യാസമുള്ള കുടുംബം ഇത്തരത്തില്‍ അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.
Content Highlights: chittoor double murder case police confirms no involment of others
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..