കൊല്ലപ്പെട്ട ആലേഖ്യയും സായി ദിവ്യയും | Photo: Instagram|alekhyadivs
ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പുനർജനിക്കുമെന്ന വിശ്വാസത്തിൽ രണ്ട് യുവതികളെ മാതാപിതാക്കൾ കൊലപ്പെടുത്തിയ സംഭവത്തിൽ ട്വിസ്റ്റ്. പോലീസ് മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും പ്രതികൾ കുറ്റംനിഷേധിച്ചു. ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നും, പിന്നീട് ആലേഖ്യ തന്നെയാണ് കൊല്ലാൻ ആവശ്യപ്പെട്ടതെന്നുമാണ് അറസ്റ്റിലായ മാതാവ് പോലീസിനോട് പറഞ്ഞത്. സംഭവത്തിൽ പോലീസിന്റെ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്.
കഴിഞ്ഞദിവസമാണ് പുനർജനിക്കുമെന്ന വിശ്വാസത്തിൽ യുവതികളെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഭോപ്പാലിൽ പി.ജി. വിദ്യാർഥിയായ ആലേഖ്യ(27) സംഗീത വിദ്യാർഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അധ്യാപകദമ്പതിമാരായ പുരുഷോത്തം നായിഡുവിനെയും പദ്മജയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ സായി ദിവ്യയെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നാണ് പദ്മജയുടെ മൊഴി. പിന്നാലെ തന്നെ കൊല്ലാൻ ആലേഖ്യ ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട് കഴിഞ്ഞാൽ സായി ദിവ്യയുടെ ആത്മാവുമായി തനിക്ക് കൂടിച്ചേരാമെന്നും കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമ്പോൾ സഹോദരിക്കൊപ്പം പുനർജനിക്കാമെന്നും ആലേഖ്യ പറഞ്ഞതായാണ് പദ്മ പോലീസിനോട് വെളിപ്പെടുത്തിയത്. അതേസമയം, ഈ മൊഴികളൊന്നും പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
കഴിഞ്ഞദിവസം കൊലപാതക വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോൾ പോലീസിനെ തടയാൻ ശ്രമിച്ചത് പദ്മജയായിരുന്നു. മൃതദേഹം നഗ്നമായ നിലയിലാണെന്നും പോലീസിന് കാണാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. പോലീസ് ഉദ്യോഗസ്ഥർ മൃതദേഹം കിടന്നിരുന്ന മുറിയിൽ പ്രവേശിക്കുമ്പോൾ ഇവരെ എതിർക്കുകയും ചെയ്തു.
മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും ഇവരും ഭർത്താവും പോലീസിനോട് പറഞ്ഞിരുന്നു. മക്കൾ തിങ്കളാഴ്ച ജീവനോടെ തിരികെവരുമെന്നായിരുന്നു ദമ്പതിമാരുടെ വാദം. പോലീസുകാർ ഷൂ ധരിച്ച് വീട്ടിൽ കയറിയതും ദമ്പതിമാരെ പ്രകോപിപ്പിച്ചു. വീട്ടിൽ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിച്ച് നടക്കരുതെന്നുമായിരുന്നു പദ്ജ പറഞ്ഞത്. പൂജാമുറിയിൽ പോലീസുകാർ പ്രവേശിച്ചതിലും ഇവർ ദേഷ്യപ്പെട്ടു. പിന്നീട് മൃതദേഹം കിടന്നിരുന്ന മുറിയിലേക്ക് പോലീസുകാർ പ്രവേശിച്ചപ്പോൾ പദ്മജ ഉറക്കെ നിലവിളിക്കുകയും മുറിയിൽ കടക്കാനാകില്ലെന്ന് ആണയിട്ട് പറയുകയും ചെയ്തു. എന്നാൽ മറ്റൊന്നും ചെയ്യില്ലെന്നും, മുറിയിൽ കടന്ന് മൃതദേഹത്തെ വണങ്ങി തിരികെവരുമെന്നുമാണ് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതോടെയാണ് ഇവർ ശാന്തരയാതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മക്കളെ കൊലപ്പെടുത്തിയതാണെന്ന് ദമ്പതിമാർ ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം. ആത്മീയതയുടെ പരകോടിയിലായ ദമ്പതിമാർ തങ്ങൾ ചെയ്തത് കൊലപാതകമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇരുവരും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇരുവരും മക്കളെ ബ്രെയിൻവാഷ് ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിയാണ് പൂജയും പിന്നാലെ കൊലപാതകവും നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. അറസ്റ്റിലായ പുരുഷോത്തം നായിഡുവിന് മക്കളുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ കഴിഞ്ഞദിവസം അനുവാദം നൽകിയിരുന്നു.
Content Highlights: andhra pradesh chittoor double murder couple kills daughters
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..