ലുവോ സാങ് | ഫോട്ടോ കടപ്പാട്: News18
ന്യൂഡല്‍ഹി: കളളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ചൈനീസ് പൗരന്‍ ഇന്ത്യയിലെ ബുദ്ധ സന്ന്യാസിമാര്‍ക്ക് വന്‍തോതില്‍ പണം കൈമാറിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ പിടിയിലായ ചാര്‍ളി പെങ് എന്ന ലുവോ സാങ്ങാണ് ടിബറ്റുകാരായ ബുദ്ധ സന്ന്യാസിമാര്‍ക്ക് പണം കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദലൈലാമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാനും നിലവിലെ ദലൈലാമയുടെ പിന്‍ഗാമിയായി ഒരു ചൈനക്കാരനെ പിന്തുണയ്ക്കാനും ബുദ്ധ സന്ന്യാസിമാര്‍ക്ക് കൈക്കൂലി നല്‍കിയതാണെന്നാണ് സംശയം. പണം കൈമാറിയെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെ ഡല്‍ഹിയിലും കര്‍ണാടകയിലുമായി മുപ്പതോളം സന്ന്യാസിമാരെ പോലീസ് ചോദ്യംചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
ഒട്ടേറെ ഷെല്‍ കമ്പനികളിലൂടെയാണ് ലുവോ സാങ് ഇന്ത്യയില്‍ കള്ളപ്പണം വെളുപ്പിച്ചിരുന്നത്. ഇതിലൊരു കമ്പനിയായ എസ്.കെ. ട്രേഡിങ്ങിന്റെ അക്കൗണ്ടിലൂടെയാണ് ബുദ്ധ സന്ന്യാസിമാര്‍ക്ക് പണം നല്‍കിയിരിക്കുന്നത്. 30 ലക്ഷം മുതല്‍ ഏഴ് ലക്ഷം വരെയാണ് പല സന്ന്യാസിമാരുടെ അക്കൗണ്ടുകളിലേക്കും എത്തിയിരിക്കുന്നത്. ഡല്‍ഹി, മുംബൈ, കര്‍ണാടകയിലെ ബൈലക്കുപ്പ എന്നിവിടങ്ങളിലുള്ള സന്ന്യാസിമാരാണ് പണം സ്വീകരിച്ചിരിക്കുന്നത്. സന്ന്യാസിമാരുടെ അക്കൗണ്ടുകളിലേക്ക് വ്യാപകമായി പണം കൈമാറിയതായി കണ്ടെത്തിയതോടെ അന്വേഷണ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്നതായാണ് ന്യൂസ് 18-ന്റെ റിപ്പോര്‍ട്ട്.
അതേസമയം, ലുവോ സാങ് വഴി വന്ന പണം സന്ന്യാസിമാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അയച്ചുനല്‍കിയതാണെന്നായിരുന്നു ബൈലക്കുപ്പയിലെ മുതിര്‍ന്ന സന്ന്യാസിയായ താഷി സെറിങ്ങിന്റെ പ്രതികരണം. ഡല്‍ഹിയില്‍ അറസ്റ്റിലായ വ്യക്തിയില്‍നിന്ന് ചിലര്‍ക്ക് പണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം അവരുടെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ അയച്ചതാണ്. പഠനസംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റുമായാണ് പണം അയക്കുന്നത്. ചൈനയുടെ ഇടപെടല്‍ കാരണം ടിബറ്റില്‍നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്നത് എളുപ്പമല്ല. അതിനാലാണ് ഇത്തരത്തില്‍ പണം കൈമാറിയത്. അറസ്റ്റിലായ വ്യക്തിയെ നേരിട്ട് അറിയില്ലെന്നാണ് പണം സ്വീകരിച്ചവരുടെ മറുപടി. പണം ലഭിച്ച സന്ന്യാസിമാരില്‍നിന്ന് ചോദിച്ചറിഞ്ഞ കാര്യങ്ങളാണ് താന്‍ വ്യക്തമാക്കിയതെന്നും ഇതാണ് ശരിയെന്ന് താന്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പണം കൈമാറിയത് സംബന്ധിച്ച എല്ലാകാര്യങ്ങളും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: chinese man bribed many monks in india
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..