ജോലി തട്ടിപ്പുനടത്തിയ കേസിലെ പ്രതി ഇന്ദുവിനെ ചേർത്തല കോടതിയിൽനിന്നു പുറത്തേക്കു കൊണ്ടുപോകുന്നു
ചേര്‍ത്തല: ജോലി വാഗ്ദാനംചെയ്ത് ഒരുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ഇന്ദുവിന്റെ ഭര്‍ത്താവ് ഷാരോണും പ്രതിയായേക്കും. ഇന്ദുവിനെ ചോദ്യംചെയ്ത് പണമിടപാടുകള്‍ പരിശോധിച്ചശേഷമാണ് കലവൂര്‍ സ്വദേശിയായ ഷാരോണിനും തട്ടിപ്പില്‍ പങ്കുണ്ടെന്നു കണ്ടെത്തിയതെന്നാണു സൂചന. ഇയാളെയും പ്രതിചേര്‍ത്താല്‍ തട്ടിപ്പുനടത്തിയവരുടെ എണ്ണം മൂന്നാകും.
ഇന്ദുവിനെ ചൊവ്വാഴ്ച തിരുവനന്തപുരം മ്യൂസിയം, നെയ്യാറ്റിന്‍കര സ്റ്റേഷനുകളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ആലപ്പുഴയില്‍ തെളിവെടുക്കും.
ഇന്ദുവിനു പുറമേ ഇടനിലക്കാരനായിരുന്ന ശ്രീകുമാറിനെയും ചേര്‍ത്തല പോലീസ് പിടികൂടിയിരുന്നു.
കലവൂരില്‍ ആര്‍.എസ്.എസ്. പ്രാദേശികനേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഷാരോണ്‍. ഇന്ദുവിന്റെ തട്ടിപ്പുകള്‍ക്ക് ഷാരോണിന്റെ സഹായം ലഭിച്ചിരുന്നതായാണ് പോലീസിനു ലഭിച്ച വിവരം. മാനേജ്‌മെന്റ് സ്‌കൂളുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനംചെയ്ത് ഒരുകോടിയിലധികം രൂപയുടെ തട്ടിപ്പുനടത്തിയെന്നാണ് കേസ്. 38 പേരില്‍നിന്നായി മൂന്നുമുതല്‍ 8.5 ലക്ഷം രൂപവരെ വാങ്ങിയതായാണ് മൊഴി. ഇടനിലക്കാരനായിരുന്ന ശ്രീകുമാര്‍ ഇന്ദുവിനെതിരേ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.
ഇന്ദു കംപ്യൂട്ടര്‍വിദഗ്ധ
കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദംനേടിയ ഇന്ദു, കേരളത്തിനു പുറത്തും ഐ.ടി.യില്‍ പഠനം നടത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കത്തുകള്‍ ഉള്‍പ്പെടെയുള്ളവ വ്യാജമായി കംപ്യൂട്ടറില്‍ തയ്യാറാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച കംപ്യൂട്ടര്‍ ഇതുവരെ കണ്ടെത്താനായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..