റഫീഖ്
ചെന്നൈ: ഏഴുവർഷം മുമ്പ് ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനക്കേസിലെ പിടികിട്ടാപ്പുള്ളിയെ കവർച്ചാക്കേസിൽ ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. തിരുവൊട്ടിയൂർ സ്വദേശിയായ റഫീഖ് എന്ന ഇസ്മായിലാണ് (37) പിടിയിലായത്. പ്രതിയുടെ പേരിൽ പത്തിലധികം ക്രിമിനൽ കേസുകളുണ്ട്. റഫീഖിന് തീവ്രവാദ സ്വഭാവമുള്ള സംഘടനയുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
ചെന്നൈ പട്ടാളത്ത് അല്ലിക്കുളം ലിങ്ക് റോഡിൽ ഈമാസമാദ്യം നടന്ന കവർച്ചയുടെ കേസിന്റെ അന്വേഷണത്തിലാണ് റഫീഖ് പോലീസ് വലയിലായത്. മേയ് അഞ്ചിന് ആഭരണവ്യാപാരിയെ ബൈക്കിലെത്തി ആക്രമിച്ച് ഏഴര ലക്ഷം രൂപയും 282-ഗ്രാം സ്വർണവും കവരുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ് സബിയുള്ളാസിൻ എന്നയാളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലുണ്ടായിരുന്ന റഫീഖിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് മൊബൈൽ ഫോൺ സിഗ്നൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവൊട്ടിയൂരിൽ ഒളിവിൽക്കഴിയുകയാണെന്ന് കണ്ടെത്തി. തുടർന്ന് റഫീഖിനെ പിടികൂടി. സ്വർണാഭരണങ്ങളും ഒരു കാറും ബൈക്കും ഇയാളിൽനിന്ന് പിടിച്ചെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് ബോംബ് സ്ഫോടനക്കേസിൽ പ്രതിയാണെന്നും ഇയാൾക്കെതിരേ ജാമ്യമില്ലാ വാറന്റ് നിലവിലുണ്ടെന്നും തിരിച്ചറിഞ്ഞത്.
2014- മേയ് ഒന്നിനാണ് സെൻട്രൽ സ്റ്റേഷനിൽ ബോംബ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഒരു യാത്രക്കാരി കൊല്ലപ്പെടുകയും പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസ് സി.ബി.സി.ഐ.ഡി.യാണ് അന്വേഷിക്കുന്നത്.
Content Highlights:chennai central bomb blast case accused arrested in theft case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..