ഓണ്‍ലൈനില്‍ പണം പോയതിന് നാട്ടുകാരുടെ പരിഹാസം, കാര്യമറിഞ്ഞപ്പോള്‍ പിരിവ് | ചീറ്റിങ് ചാറ്റിങ് ഭാഗം 06


വിഷ്ണു കോട്ടാങ്ങല്‍, അഫീഫ് മുസ്തഫ

പ്രതീകാത്മക ചിത്രം | AP

സാമൂഹികമാധ്യമങ്ങളിലെ വ്യാജ ഐ.ഡികളില്‍നിന്നുള്ള തട്ടിപ്പില്‍ വീഴുന്നവരില്‍ അധികവും നാണക്കേട് ഭയന്നാണ് പരാതിപ്പെടാതിരിക്കുന്നത്. സംഭവം പുറത്തറിഞ്ഞാല്‍ സമൂഹത്തില്‍നിന്ന് ഏല്‍ക്കേണ്ടി വരുന്ന പരിഹാസവും അവരെ പിന്നോട്ടു വലിക്കുന്നു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് മാവൂരിനടുത്ത് അടുത്തിടെയുണ്ടായത്.

വലിയ സമ്പാദ്യമൊന്നും ഇല്ലാത്ത സാധാരണക്കാരനായ യുവാവാണ് ഫെയ്‌സ്ബുക്കിലെ വ്യാജ ഐ.ഡി. വഴിയുള്ള തട്ടിപ്പിനിരയായത്. പ്രദേശവാസിയായ മറ്റൊരാളുടെ പേരിലാണ് തട്ടിപ്പുകാര്‍ വ്യാജ ഐ.ഡി. നിര്‍മിച്ചിരുന്നത്. സ്വഭാവികമായും നാട്ടുകാരനായതിനാല്‍ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. പിന്നാലെ പതിനായിരം രൂപ കടം ചോദിച്ച് സന്ദേശവും ലഭിച്ചു. അത്യാവശ്യമാണെന്നും ഉടനെ തിരിച്ചു തരാമെന്നും പറഞ്ഞായിരുന്നു സന്ദേശം.

AlsoRead: കേരളത്തെ വട്ടം കറക്കിയ 'അനന്തു'; സ്വയം തീര്‍ക്കുന്ന ചതിക്കുഴികള്‍ | ചീറ്റിങ് ചാറ്റിങ് ഭാഗം 01.

നാട്ടുകാരന് എന്തോ അത്യാവശ്യമുണ്ടെന്ന് കരുതി യുവാവ് ഉടന്‍തന്നെ പതിനായിരം രൂപ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചതോടെ സംശയമായി. തുടര്‍ന്ന് ഇദ്ദേഹത്തെ നേരില്‍കണ്ട് കാര്യം ചോദിക്കാന്‍ യുവാവ് തീരുമാനിച്ചു. അതോടെയാണ് നാട്ടുകാരന്റെ പേരില്‍ തട്ടിപ്പുകാര്‍ നിര്‍മിച്ച വ്യാജ ഐ.ഡിയില്‍നിന്നാണ് പണം ചോദിച്ച് സന്ദേശം ലഭിച്ചതെന്നും പണം അയച്ചുകൊടുത്തത് തട്ടിപ്പുകാര്‍ക്കാണെന്നും യുവാവിന് ബോധ്യമായത്.

കെണിയില്‍പ്പെടാതിരിക്കാന്‍ വിവരം പങ്കുവെച്ചു, പിന്നാലെ പരിഹാസവും

തട്ടിപ്പിനിരയായെന്ന് മനസിലായതോടെ യുവാവ് ഇക്കാര്യം നാട്ടിലെ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ചു. താന്‍ കബളിപ്പിക്കപ്പെട്ടതുപോലെ ആര്‍ക്കും സംഭവിക്കാതിരിക്കാനാണ് യുവാവ് എല്ലാകാര്യങ്ങളും ഗ്രൂപ്പില്‍ വിശദീകരിച്ചത്. പക്ഷേ, നല്ലത് പ്രതീക്ഷിച്ച് ചെയ്ത കാര്യം യുവാവിനുതന്നെ തിരിച്ചടിയാവുകയായിരുന്നു.

AlsoRead: ചിത്രം വ്യാജം, പ്രായം വ്യാജം; ഫെയ്ക്ക് അക്കൗണ്ടുകളുടെ മായാലോകം | ചീറ്റിങ് ചാറ്റിങ് ഭാഗം 02

വ്യാജ ഫെയ്‌സ്ബുക്ക് ഐ.ഡി. വഴിയുള്ള തട്ടിപ്പില്‍ പണം നഷ്ടമായെന്നറിഞ്ഞതോടെ നാട്ടുകാര്‍ ഒന്നടങ്കം യുവാവിനെ പരിഹസിച്ചു. വാട്‌സാപ്പ് ഗ്രൂപ്പുകളിലും മറ്റും താനെന്ത് പൊട്ടനാണെന്ന് വരെ ചിലര്‍ ചോദിച്ചു. ഇതോടെ യുവാവ് മാനസികമായി തളര്‍ന്നു.

താനുമായി അധികം സൗഹൃദമൊന്നുമില്ലാത്ത ആളുടെ പേരിലുണ്ടാക്കിയ വ്യാജ ഐ.ഡിയിലേക്കാണ് യുവാവ് പണം കൈമാറിയിരുന്നത്. അതും തന്റെ അക്കൗണ്ടില്‍ 12,000 രൂപ മാത്രം ബാക്കിയുള്ള അവസ്ഥയിലാണ് അതില്‍നിന്ന് പതിനായിരം രൂപ അയച്ചുകൊടുത്തത്. അത്യാവശ്യമാണെന്ന് പറഞ്ഞപ്പോള്‍ സഹായിക്കണമെന്ന് മാത്രമേ യുവാവ് കരുതിയിരുന്നുള്ളൂ. എന്നാല്‍, തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതോടെ ഇനിയാരും കെണിയില്‍ കുരുങ്ങരുതെന്ന് കരുതി ഇക്കാര്യം വാട്‌സാപ്പില്‍ പറയുകയും ചെയ്തു. പക്ഷേ, വിവരമറിഞ്ഞവരില്‍ പലരും യുവാവിനെ കളിയാക്കുകയും കുത്തുവാക്കുകള്‍ കൊണ്ട് നോവിക്കുകയുമാണ് ചെയ്തത്.

നാട്ടുകാര്‍ മാറിചിന്തിച്ചു, പണം പിരിവിട്ട് നല്‍കി

ആദ്യദിവസങ്ങളില്‍ യുവാവിനെ കളിയാക്കിയവര്‍ക്ക് തന്നെ കുറിച്ചുകഴിഞ്ഞപ്പോള്‍ പശ്ചാത്താപം തോന്നി. ഒന്നുമല്ലെങ്കിലും ഈ ലോക്ഡൗണ്‍ കാലത്ത് ഒരു സഹായം മാത്രം ഉദ്ദേശിച്ച് ചെയ്ത കാര്യത്തിനാണ് യുവാവ് പരിഹാസ്യനാവുന്നതെന്നും ഇവര്‍ ചിന്തിച്ചു. അതിനാല്‍ പണം നഷ്ടമായവന്‍ പരിഹസിക്കപ്പെടേണ്ടവന്‍ അല്ലെന്നും കെട്ടകാലത്തും സഹായിക്കാന്‍ തയ്യാറായ യുവാവ് അംഗീകരിക്കപ്പെടേണ്ടവനാണെന്നും നാട്ടുകാര്‍ പറഞ്ഞു. പിന്നാലെ യുവാവിന് നഷ്ടമായ പണം പിരിച്ചെടുത്ത് നല്‍കാനും തീരുമാനിച്ചു.

AlsoRead: മരിക്കുംവരെ അവളറിഞ്ഞില്ല, കാമുകന് തന്നേക്കാള്‍ രണ്ടിരട്ടി പ്രായമുണ്ടെന്ന് | ചീറ്റിങ് ചാറ്റിങ് 03

മണിക്കൂറുകള്‍ കൊണ്ട് പതിനായിരം, വീണ്ടും മാതൃക കാണിച്ച് യുവാവ്

മണിക്കൂറുകള്‍ കൊണ്ടാണ് നാട്ടിലെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി യുവാവിന് നഷ്ടപ്പെട്ട പതിനായിരം രൂപ പിരിച്ചെടുത്തത്. എന്നാല്‍, തന്റെ അബദ്ധം കാരണം നഷ്ടപ്പെട്ട പണം വേണ്ടെന്നായിരുന്നു യുവാവിന്റെ തീരുമാനം. പകരം ഇത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുന്നതിനും നിര്‍ദേശിച്ചു. ഇതോടെ യുവാവിനെ നേരത്തെ പരിഹസിച്ചിരുന്നവരെല്ലാം അഭിനന്ദനപ്രവാഹവുമായി രംഗത്തെത്തി. ആപത്തില്‍ സഹായിക്കാന്‍ തുനിഞ്ഞവന്‍ തട്ടിപ്പില്‍പ്പെട്ടെങ്കിലും അവന്‍ ഒരിക്കലും മാറ്റിനിര്‍ത്തപ്പെടേണ്ടവനല്ലെന്നും നാട്ടുകാര്‍ മനസിലാക്കി.

തട്ടിപ്പില്‍നിന്ന് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്- സിനിമ-ടി.വി. താരം ആര്യ പങ്കുവെച്ച വീഡിയോ

ദിവസങ്ങള്‍ക്ക് മുമ്പാണ് സിനിമ-ടി.വി. താരം ആര്യ മറ്റൊരു രീതിയിലുള്ള ഓണ്‍ലൈന്‍ പണതട്ടിപ്പിനെക്കുറിച്ചുളള വിവരം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഓണ്‍ലൈന്‍ വഴി വസ്ത്രവില്‍പന നടത്തുന്ന ആര്യയില്‍നിന്ന് ഗൂഗിള്‍പേ വഴി പണം തട്ടിയെടുക്കാനായിരുന്നു തട്ടിപ്പുകാരുടെ ശ്രമം.

AlsoRead: സ്‌കൂളിലെ ജൂനിയറായിരുന്നു, എന്നെ മറന്നോ; ബോധം പോകുന്ന വഴികള്‍ | ചീറ്റിങ് ചാറ്റിങ് ഭാഗം 04

വസ്ത്രം ഓര്‍ഡര്‍ ചെയ്ത് അതിനുള്ള പണം ഗൂഗിള്‍പേ വഴി അടച്ചെന്ന വ്യാജ സ്‌ക്രീന്‍ഷോട്ട് മെസേജ് അയച്ചുനല്‍കിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. പറഞ്ഞതിനെക്കാള്‍ കൂടുതല്‍ തുക അയച്ചതിനാല്‍ ബാക്കി തുക തിരികെ അയക്കണമെന്നും ഇവര്‍ ആര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഗൂഗിള്‍പേയില്‍നിന്ന് അലര്‍ട്ട് മെസേജ് കണ്ടതോടെ തനിക്ക് സംശയം തോന്നിയെന്നും അതിനാല്‍ പണം തിരിച്ചയച്ചില്ലെന്നും ആര്യ പറയുന്നു. ഇതോടെയാണ് തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതെന്നും ഇവര്‍ ആദ്യം അയച്ചത് പണം ക്രെഡിറ്റ് ആയതിന്റെ സന്ദേശമല്ലെന്നും സമാനരീതിയില്‍ മെസേജ് ടൈപ്പ് ചെയ്ത് അയച്ച് കബളിപ്പിക്കാന്‍ ശ്രമിച്ചതാണെന്നും ആര്യ പറഞ്ഞു.

തട്ടിപ്പുകാര്‍ പലതും പറയും, ഉറപ്പുവരുത്തേണ്ടത് നമ്മുടെ കടമ

സോഷ്യല്‍ മീഡിയയില്‍ ഒരാളുടെ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഏതെങ്കിലും രീതിയില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനെ 'Impersonation' എന്ന് പറയുന്നു. ഇത് ഒരു 'Identity Theft' ആണ്. ഒരാളുടെ വ്യക്തി വിവരങ്ങള്‍, പ്രൊഫൈല്‍ പിക്ചര്‍ എന്നിവ ഉപയോഗിച്ച് അയാളാണെന്നു വരുത്തി തീര്‍ക്കുന്ന രീതിയില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കുക, ഇതിലൂടെ ആ ആള്‍ക്ക് ഉണ്ടായിരുന്ന വിശ്വാസ്യത, പ്രശസ്തി, പദവി എന്നിവ ആ സോഷ്യല്‍ മീഡിയയില്‍ സ്വന്തമാക്കുകയുമാണ് ലക്ഷ്യം.

online fraud

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയതിന് ശേഷം ആ ആളുടെ സോഷ്യല്‍ മീഡിയ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അയാള്‍ അംഗമായിട്ടുള്ള ഗ്രൂപ്പുകളില്‍ അംഗത്വം നേടാനും ശ്രമിക്കുന്നു. ഫ്രണ്ട് റിക്വസ്റ്റ് കിട്ടുന്ന പലരും ഇത് അയാളുടെ രണ്ടാം പ്രൊഫൈല്‍ ആണെന്നോ ആദ്യത്തെ പ്രൊഫൈല്‍ അക്‌സസ്സ് ചെയ്യാന്‍ പറ്റാത്തതിനാല്‍ വീണ്ടും ഒരു പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തതാകാമെന്നും കരുതാം. തങ്ങള്‍ ഉദ്ദേശിക്കുന്ന ആള് തന്നെയാണെന്ന് കരുതി ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചെന്നും വരാം. ഇതു തുടരുമ്പോള്‍ ഈ ആള്‍മാറാട്ടത്തിന് ഇരയായ ആളുടെ മറ്റൊരു സുഹൃത്ത് നോക്കുമ്പോള്‍ 'Mutual Friends' കൂടുതല്‍ ഉള്ളതായി കാണുകയും ഇത് വീണ്ടും ആ ഫേക്ക് പ്രൊഫൈലില്‍ ഉള്ള വിശ്വാസ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഇതിനു ശേഷം, ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവരെ പ്രൈവറ്റ് മെസ്സേജ് വഴി ബന്ധപ്പെടുകയും എന്തെങ്കിലും അത്യാവശ്യം അല്ലെങ്കില്‍ എമര്‍ജന്‍സി ആണെന്നൊക്കെ പറഞ്ഞു പണം ആവശ്യപ്പെടുന്ന തരത്തിലുള്ള തട്ടിപ്പുകള്‍ ഈയിടെയായി കൂടി വരുന്നുണ്ട്. നമുക്ക് വളരെ വിശ്വാസവും പരിചയവും ഉള്ള ആള്‍ പണം ആവശ്യപ്പെടുമ്പോള്‍ ചിലപ്പോ കൊടുക്കാന്‍ നമ്മള്‍ ശ്രമിക്കും. പക്ഷെ ഇവിടെ പണം ആവശ്യപ്പെടുന്നത് നമ്മള്‍ ഉദ്ദേശിക്കുന്ന ആള്‍ തന്നെ ആണോ എന്ന് ഉറപ്പിക്കാതെ പണം കൈമാറുന്നത് ചിലപ്പോള്‍ നമ്മള്‍ തട്ടിപ്പിനിരയാകാന്‍ സാധ്യത ഉണ്ട്.

ചിലപ്പോള്‍ ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചായിരിക്കും ഇങ്ങനെ ഫേക്ക് പ്രൊഫൈല്‍ ഉണ്ടാക്കുന്നത്. അയാളുടെ സുഹൃത്തുകള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചു അവരുമായി ബന്ധം സ്ഥാപിച്ചതിനു ശേഷം എന്തെങ്കിലും മോശം സന്ദേശങ്ങള്‍ അയക്കുകയോ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇടുകയോ ചെയ്യാം. ഇത് മൂലം ആ വ്യക്തി തന്റെ സുഹൃത്തുക്കളുടെ മുന്‍പില്‍ മോശക്കാരനോ മോശക്കാരിയോ ആക്കപ്പെട്ടേക്കാം.

AlsoRead: വ്യാജന്മാര്‍ ഓണ്‍ലൈനില്‍, കരുതല്‍ ഒരു കനലെങ്കിലും വേണം | ചീറ്റിങ് ചാറ്റിങ് ഭാഗം 05

പ്രധാനമായും നമ്മുടെ പ്രൊഫൈല്‍ ഫോട്ടോയും വ്യക്തിഗത വിവരങ്ങളും സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നായിരിക്കും എടുക്കുന്നത്. ആയതിനാല്‍ തന്നെ, നമ്മുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലെ പിക്ചര്‍ ഗാര്‍ഡ്, പ്രൊഫൈല്‍ ലോക്കിംഗ് പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. എങ്കില്‍ നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമേ നമ്മുടെ വിവരങ്ങള്‍ കാണാന്‍ പറ്റുകയുള്ളു. അതും എന്തൊക്കെ ഡീറ്റെയില്‍സ്, ആരൊക്കെ കാണണം എന്ന് നമുക്കുതന്നെ തീരുമാനിക്കാം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സെക്യൂരിറ്റി-പ്രൈവസി സെറ്റിംഗ്‌സ് ഉപയോഗിച്ച് ഇവ നിയന്ത്രിക്കാം. അതിന്റെ കൂടെ ഫ്രണ്ട് ലിസ്റ്റില്‍ നമുക്ക് പരിചയമുള്ളവര്‍ മാത്രമേ ഉള്ളൂവെന്നും ഉറപ്പു വരുത്തുക.

മറ്റൊരു കാര്യം ശ്രേദ്ധിക്കേണ്ടത്, ഓണ്‍ലൈന്‍ ചാറ്റ് വഴി ആരെങ്കിലും പണം ആവശ്യപ്പെടുകയാണെങ്കില്‍ ഉടനെ അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് പണം അയക്കാതെ, നമ്മുടെ കയ്യിലുള്ള കോണ്ടാക്ട് നമ്പറില്‍ ബന്ധപ്പെട്ട് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പണം നല്‍കുക. തട്ടിപ്പുകാര്‍ നമ്മളെ വിശ്വസിപ്പിക്കാനായി പലതും പറയാം. ഇങ്ങനെ ആരെങ്കിലും നമ്മളോട് പണമോ മറ്റെന്തെങ്കിലും പ്രധാന വിവരങ്ങളോ ആവശ്യപ്പെട്ടാല്‍ നമുക്ക് വിശ്വാസമുള്ള ഒരു മാര്‍ഗത്തിലൂടെ അവരെ നേരിട്ട് ബന്ധപ്പെടാന്‍ ശ്രമിക്കുക.

social media
Photo: AP

പണം പോവാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വം

ഇത് അവരുടെ പേര്‍സണല്‍ മൊബൈല്‍ നമ്പര്‍ വഴിയോ പരിചയമുള്ള അവരുടെ ഏതെങ്കിലും അടുത്ത സുഹൃത്തോ അല്ലെങ്കില്‍ ബന്ധുക്കള്‍ വഴിയോ ആകാം. പണമോ വിവരമോ ഇടപാട് ചെയ്യുന്നത് യഥാര്‍ത്ഥ ആളുമായിട്ടാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ മുന്നോട്ടു പോകാവൂ. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ വീഴാതെ യുക്തിബോധത്തോടെ പ്രവര്‍ത്തിക്കേണ്ടത് ഓരോരുത്തരുടേയും ഇത്തരവാദിത്വമാണ്.

ആദര്‍ശ് നായര്‍, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഹെഡ്- യു.എസ്.ടി.

എങ്ങനെ പരാതി നല്‍കാം

  • സാമൂഹികമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ തട്ടിപ്പിനിരയാവുകയോ ഭീഷണി നേരിടുകയോ ചെയ്താല്‍ എങ്ങനെയാണ് പരാതി നല്‍കേണ്ടത്?
  • പ്രസ്തുത ഐ.ഡിയുടെ യു.ആര്‍.ആല്‍. കൃത്യമായി എടുത്തുവെയ്ക്കുകയെന്നാണ് ആദ്യഘട്ടം. അക്കൗണ്ടിന്റെ പ്രൊഫൈല്‍ പേര് കൊണ്ട് മാത്രം കാര്യമില്ല. യു.ആര്‍.എല്‍. അഡ്രസാണ് പ്രധാനം. ഇതിന്റെ സ്‌ക്രീന്‍ഷോട്ടോ പ്രിന്റഡ് കോപ്പിയോ സൂക്ഷിക്കുന്നതും നന്നായിരിക്കും. കാരണം, ഈ അക്കൗണ്ടുകളെല്ലാം പിന്നീട് ഡിലീറ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
  • ഭീഷണി സന്ദേശങ്ങളുണ്ടെങ്കില്‍ ആ സന്ദേശങ്ങള്‍, അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍, ഫോണ്‍ വന്നിട്ടുണ്ടെങ്കില്‍ ആ നമ്പര്‍ എന്നിവയും എടുത്തുവെയ്ക്കുക. ഭീഷണി സന്ദേശങ്ങളൊന്നും ഡിലീറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്. തെളിവുകള്‍ക്കായി ഇത് സൂക്ഷിച്ചുവെയ്ക്കുക.
  • ഈ വിവരങ്ങളെല്ലാം സഹിതം തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ സൈബര്‍ പോലീസിലോ പരാതി നല്‍കാം
  • പരാതി കിട്ടിയാല്‍ ഉടന്‍തന്നെ പോലീസ് നടപടി ആരംഭിക്കും. ഓണ്‍ലൈന്‍ വഴി പോലീസ് തന്നെ പ്രാഥമികമായ വിവരങ്ങള്‍ ശേഖരിക്കും. ചില കേസുകളില്‍ സാമൂഹികമാധ്യമങ്ങളായ ഫെയ്‌സ്ബുക്ക് അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടാകും. അത്് ഒരു നിശ്ചിത സമയത്തിനുള്ളിലേ ലഭിക്കുകയുള്ളൂ.
  • സൈബര്‍ കുറ്റകൃത്യത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ പരാതിക്കാര്‍ രേഖാമൂലം പരാതി നല്‍കണം.
  • കേരള പോലീസിന്റെ Pol App, സൈബര്‍ ഡോം വഴിയെല്ലാം സൈബര്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ 'നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍' വഴിയും കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാം. പേരുവിവരങ്ങള്‍ നല്‍കാതെ കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും ഇവിടങ്ങളിലുണ്ട്. എന്നാല്‍ ഇത്തരം പരാതികള്‍ പരാതിക്കാര്‍ക്ക് ട്രാക്ക് ചെയ്യാന്‍ സാധിക്കില്ല.
  • പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ മടി കാണിക്കേണ്ടതില്ല. സ്ത്രീകള്‍ക്കായി എല്ലാ പോലീസ് സ്റ്റേഷനുകളിലും വനിതാ സെല്ലുകളുണ്ട്. വനിതാ ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാം. പരാതിക്കാരുടെ എല്ലാ വിവരങ്ങളും പോലീസ് രഹസ്യമായി തന്നെ സൂക്ഷിക്കും.
ബിജുമോന്‍, ​അഡീഷണല്‍ എസ്.പി. സൈബര്‍ ക്രൈം സെല്‍, തിരുവനന്തപുരം

(അവസാനിച്ചു)

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented