Screengrab: Mathrubhumi News
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ നാലംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. കിടപ്പുമുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കൊടുങ്ങല്ലൂര്‍ എസ്.എച്ച്.ഒ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശി ആഷിഫ് (41) ഭാര്യ അബീറ, മക്കളായ അസ്റ ഫാത്തിമ (14) അനൈനുനിസ (ഏഴ്) എന്നിവരെയാണ് ഞായറാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ മുറിക്കുള്ളില്‍ വിഷവാതകത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഇരുനില വീടിന്റെ മുകള്‍നിലയിലായിരുന്നു ആഷിഫും കുടുംബവും താമസിച്ചിരുന്നത്. രാവിലെ ഒമ്പതുമണിയായിട്ടും ആഷിഫും ഭാര്യയും മക്കളും മുറിക്കുള്ളില്‍നിന്ന് പുറത്തുവന്നില്ല. ഇതോടെ താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകള്‍നിലയിലേക്ക് പോയി പരിശോധിച്ചു. എന്നാല്‍ കിടപ്പുമുറിയുടെ വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടനിലയിലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിക്കുള്ളില്‍ എന്തോ കത്തിച്ചുവെച്ചതിന്റെ പുക നിറഞ്ഞതായും ഇവര്‍ പറഞ്ഞിരുന്നു.
വിഷവാതകം ശ്വസിച്ചാണ് നാലുപേരുടെയും മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് കൊടുങ്ങല്ലൂർ എസ്.എച്ച്.ഒ പറഞ്ഞു. വിഷവാതകം ഉണ്ടാക്കാന്‍ കാല്‍സ്യം കാർബണേറ്റും സിങ്ക് ഓക്സൈഡും ഇവർ നേരത്തെ വാങ്ങിവെച്ചിരുന്നതായും സൂചനയുണ്ട്. അടച്ചിട്ട മുറിക്കുള്ളില്‍ ചാര്‍ക്കോള്‍ കത്തിച്ചിരുന്നതായും പോലീസ് പറയുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇത് തയ്യാറാക്കി വെച്ചിരുന്നതായും ഉറക്കത്തിനിടെ വിഷവാതകം ശ്വസിച്ച് മരണം സംഭവിച്ചെന്നുമാണ് നിഗമനം.
കിടപ്പുമുറിയിലെ ജനലുകളെല്ലാം അടച്ചിട്ടനിലയിലായിരുന്നു. എയര്‍ഹോളുകളും മറ്റും ടേപ്പ് ഒട്ടിച്ച് അടച്ചിരുന്നു. അതേസമയം, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഫൊറന്‍സിക് പരിശോധനഫലവും ലഭിച്ചാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ സ്ഥിരീകരണം ലഭിക്കൂ.
ഒരു സ്വകാര്യ ഐ.ടി. കമ്പനിയിലെ ജീവനക്കാരനാണ് ആഷിഫ്. ഇവരുടെ വീടിന് മാത്രം ഏകദേശം ഒരു കോടിയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കുടുംബം നേരിട്ടിരുന്നതെന്നും പോലീസ് പറയുന്നു.
നാലുപേരും വിളിച്ചിട്ട് എഴുന്നേല്ക്കുന്നില്ലെന്ന വിവരം കേട്ടാണ് വീട്ടിലെത്തിയതെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയവരില്‍ ഒരാള്‍ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. 'ജനല്‍ച്ചില്ല് പൊട്ടിച്ച് നോക്കിയപ്പോള്‍ മൂന്നുപേര്‍ കിടക്കുന്നത് കണ്ടു. അനക്കമുണ്ടായിരുന്നതായും തോന്നി. അപ്പോള്‍തന്നെ പോലീസിനെ വിളിച്ചുപറഞ്ഞു. ഞങ്ങള്‍ ഡോര്‍ തുറന്നപ്പോഴേക്കും പോലീസും എത്തി. മുറിക്കുള്ളില്‍നിന്ന് ശ്വാസംമുട്ടലുണ്ടാക്കുന്ന മണമാണ് വന്നത്. സ്റ്റീല്‍ പാത്രത്തിനുള്ളില്‍ ഒരു വെളുത്ത പൊടിയുണ്ടായിരുന്നു. കനലും കരിങ്കല്ലുകളും ഉണ്ടായിരുന്നു. ആത്മഹത്യയെന്നാണ് കരുതുന്നത്. കുടുംബത്തിന് മറ്റുള്ളവരുമായി അടുപ്പം കുറവായിരുന്നു', അദ്ദേഹം പറഞ്ഞു.
Content Highlights: carbon monoxide in room four of a family dies in kodungallur police suspects suicide
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..