റിയാസുദ്ദീൻ
കോട്ടയം: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ്നാട്ടിലേക്ക് കാറുകള്‍ മോഷ്ടിച്ചുകടത്തിയെന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. സംഭവത്തില്‍ നേരത്തേ പിടിയിലായ കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി റഫീഖിന്റെ മകന് കോയമ്പത്തൂര്‍ കരിമ്പുകടയില് സാറമേട് തിപ്പുനഗറില് റിയാസുദ്ദീനെ (31) യാണ് കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ എം.ജെ അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടയത്തുനിന്ന് തട്ടിയെടുത്ത റിട്ട. എസ്.ഐ.യുടെ കാര്‍ തമിഴ്നാട്ടില്‍നിന്ന് കണ്ടെടുത്തു. നേരത്തേ അറസ്റ്റിലായ തൃശ്ശൂര്‍ സ്വദേശി ഇല്യാസ് (37), എറണാകുളം സ്വദേശി കെ.എ.നിഷാദ് (37), കോയമ്പത്തൂര്‍ സ്ഫോടനക്കേസ് പ്രതി റഫീഖ് (63) എന്നിവര്‍ റിമാന്‍ഡിലാണ്. പിടിയിലായവരെല്ലാം അല്‍-ഉമ്മ എന്ന തീവ്രവാദസംഘടനയിലെ പ്രവര്‍ത്തകരാണെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം.
റിയാസുദ്ദീന്‍ അച്ഛനെ കാണാന്‍ കോട്ടയം ജില്ലാ ജയിലിലെത്തിയെന്ന വിവരത്തെത്തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി. ആര്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടി ചോദ്യംചെയ്യുകയായിരുന്നു.
മോഷ്ടിച്ചുകടത്തിയ ഒട്ടേറെ കാറുകള്‍ റിയാസുദ്ദീന്റെ നേതൃത്വത്തില്‍ മറിച്ചുവിറ്റെന്ന് വ്യക്തമായിട്ടുണ്ട്. റിയാസിന്റെ ബാങ്ക് അക്കൗണ്ടില്‍ ഒരുകോടി രൂപയിലധികമുണ്ടെന്നും ഇയാള്‍ നടത്തിയിരുന്ന പണമിടപാടുകളില്‍ ദൂരൂഹതയുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചതില്‍നിന്ന് തീവ്രവാദ സ്വഭാവമുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമാണെന്നും വ്യക്തമായി.
എസ്.ഐ. ടി.ശ്രീജിത്ത്, എ.എസ്.ഐ. പി.എന്‍.മനോജ്, സി.പി.ഒ.മാരായ ടി.ജെ.സജീവ്, കെ.ആര്.ബൈജു, വിഷ്ണു വിജയദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ടേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Content Highlights: car theft for terrorist activities; one more arrested in kottayam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..