വിജീഷ് വർഗീസിനെ കോവിഡ് പരിശോധനയ്ക്കായി ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ(ഇടത്ത്) വിജീഷ് വർഗീസ്, ഫയൽചിത്രം(വലത്ത്) Screengrab: Mathrubhumi News
പത്തനംതിട്ട: കനറാ ബാങ്ക് തട്ടിപ്പ് കേസിൽ ബെംഗളൂരുവിൽനിന്ന് പിടിയിലായ ബാങ്ക് ജീവനക്കാരൻ വിജീഷ് വർഗീസിനെ പത്തനംതിട്ടയിൽ എത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് പത്തനംതിട്ടയിൽ കൊണ്ടുവന്നത്. തുടർന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനഫലം വരുന്നതനുസരിച്ച് തിങ്കളാഴ്ച വൈകിട്ടോടെ തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കിയേക്കും.
ഒളിവിൽ കഴിഞ്ഞിരുന്ന വിജീഷ് വർഗീസിനെ ബെംഗളൂരുവിലെ വാടകവീട്ടിൽനിന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പം ഭാര്യ സൂര്യതാര വർഗീസും രണ്ടും നാലും വയസ്സുള്ള കുട്ടികളും ഉണ്ടായിരുന്നു. ഇവരെയും പോലീസ് സംഘം നാട്ടിലെത്തിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ എത്തിക്കാതെ മറ്റൊരു വാഹനത്തിലാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്.
പത്തനംതിട്ട കനറാ ബാങ്ക് രണ്ടാം ശാഖയിലെ കാഷ്യർ കം ക്ലാർക്കായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് 8.13 കോടി രൂപയാണ് തട്ടിയെടുത്തത്. ദീർഘകാല നിക്ഷേപങ്ങളിൽനിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് ഇയാൾ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇയാളുടെ ഭാര്യയുടെയും മാതാവിന്റെയും ഭാര്യാപിതാവിന്റെയും അക്കൗണ്ടുകളിലേക്ക് സമാനരീതിയിൽ പണം മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഫെബ്രുവരിയിൽ നടന്ന ഓഡിറ്റിൽ വൻ തട്ടിപ്പ് കണ്ടെത്തിയതോടെ വിജീഷ് വർഗീസ് ഭാര്യയെയും കുട്ടികളെയും കൂട്ടി നാടു വിടുകയായിരുന്നു. ആദ്യം കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഇയാൾ പിന്നീട് കാർ കൊച്ചിയിൽ ഉപേക്ഷിച്ച് അവിടെനിന്നും കടന്നുകളഞ്ഞു. തട്ടിപ്പ് കണ്ടെത്തി 95-ാം ദിവസമാണ് വിജീഷ് വർഗീസിനെ പോലീസ് സംഘം ബെംഗളൂരുവിൽനിന്ന് പിടികൂടിയത്.
Content Highlights:canara bank fraud pathanamthitta police team arrived with accused


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..