കുടുംബത്തിനൊപ്പം സുഖവാസം, മൂന്ന് ദിവസം മുമ്പേ ബെംഗളൂരുവില്‍ വലവിരിച്ച് പോലീസ്; ബാങ്കിലെ 'കൊള്ളക്കാരന്‍'പിടിയില്‍


കൊച്ചിയിൽനിന്ന് കണ്ടെടുത്ത വിജീഷിന്റെ കാർ(ഇടത്ത്) വിജീഷ് വർഗീസ്(വലത്ത്) Screengrab: Mathrubhumi News

പത്തനംതിട്ട: കനറാ ബാങ്ക് ശാഖയിൽ കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടിയത് ബെംഗളൂരുവിൽനിന്ന്. കനറാ ബാങ്ക് പത്തനംതിട്ട രണ്ടാം ശാഖയിലെ കാഷ്യർ കം ക്ലാർക്കായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വർഗീസിനെയാണ് പത്തനംതിട്ടയിൽനിന്നുള്ള പോലീസ് സംഘം ബെംഗളൂരുവിലെ വാടകവീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പ് ബെംഗളൂരുവിലെത്തിയ പോലീസ് സംഘം ഞായറാഴ്ച രാവിലെ തന്നെ പ്രതിയുടെ താമസസ്ഥലം കണ്ടെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം തന്നെ ഇയാളെ പോലീസ് പിടികൂടിയെന്നാണ് വിവരം. ഇയാൾക്കൊപ്പം ഭാര്യയും രണ്ടു മക്കളും ബെംഗളൂരുവിലെ വീട്ടിലുണ്ടായിരുന്നു.

ഫെബ്രുവരിയിലാണ് വിജീഷ് വർഗീസ് 8.13 കോടി രൂപ തട്ടിയെടുത്തതായി ബാങ്ക് നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ ഇയാൾ കുടുംബത്തോടെ മുങ്ങുകയായിരുന്നു. ആവണീശ്വരത്തെ വീട്ടിൽനിന്ന് കാറിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം കൊച്ചി കലൂരിലേക്കാണ് വിജീഷ് ആദ്യം പോയത്. കൊച്ചിയിൽ വാടകയ്ക്ക് വീടെടുത്ത് തങ്ങാനാണ് ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് ഇവിടെനിന്നും രക്ഷപ്പെട്ടു. കാർ കൊച്ചിയിലെ സുഹൃത്തിന്റെ ഫ്ളാറ്റിൽ ഉപേക്ഷിക്കുകയും ചെയ്തു.

തട്ടിപ്പ് പുറത്തറിഞ്ഞ് 95-ാം ദിവസമാണ് വിജീഷ് വർഗീസിനെ പോലീസിന് പിടികൂടാനായത്. ഇത്രയും നാൾ പുറത്തറിയാതിരുന്ന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് വാർത്ത മാതൃഭൂമി ന്യൂസാണ് അഞ്ചു ദിവസം മുമ്പ് പുറത്തുവിട്ടത്. ഇതോടെ പോലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു.

വീട്ടിൽനിന്ന് മുങ്ങിയതിന് ശേഷം വിജീഷിന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. ഫെബ്രുവരി 11-നാണ് ഇയാൾ അവസാനമായി എ.ടി.എം. കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചത്. കൊട്ടാരക്കരയിലെ എ.ടി.എമ്മിൽനിന്ന് ഇയാൾ പണം പിൻവലിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.

എന്നാൽ എങ്ങനെയാണ് പോലീസ് സംഘം വിജീഷ് ബെംഗളൂരുവിലുണ്ടെന്ന് കണ്ടെത്തിയതെന്ന ചോദ്യം ബാക്കിയാണ്. തിങ്കളാഴ്ച പുലർച്ചെയോടെ പ്രതിയുമായി പോലീസ് സംഘം പത്തനംതിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. ഉച്ചയോടെ പത്തനംതിട്ടയിൽ എത്തുന്ന പോലീസ് സംഘം പ്രതിയെ പിടികൂടിയത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

14 മാസത്തിനിടെ 191 ഇടപാടുകളിലൂടെ 8.13 കോടി രൂപയാണ് വിജീഷ് വർഗീസ് തട്ടിയെടുത്തത്. ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ബാങ്ക് അധികൃതർക്ക് ആദ്യം വിവരം ലഭിക്കുന്നത്. പത്ത് ലക്ഷം രൂപ നിക്ഷേപിച്ച അക്കൗണ്ട് ഉടമ അറിയാതെ ക്ലോസ് ചെയ്തതായി അന്ന് പരാതി ലഭിച്ചിരുന്നു. ബാങ്കിന്റെ മറ്റൊരു ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ പേരിലുള്ള അക്കൗണ്ട് ആയിരുന്നു ഇത്. ഇക്കാര്യം ജീവനക്കാരൻ ബാങ്ക് മാനേജറെ അറിയിച്ചു. ഇതോടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിജീഷ് പിഴവ് സംഭവിച്ചതാണെന്ന് മറുപടി നൽകി. ബാങ്കിന്റെ കരുതൽ അക്കൗണ്ടിൽനിന്നുള്ള പണം തിരികെ നൽകി പരാതി പരിഹരിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്.

ദീർഘകാലത്തെ സ്ഥിരനിക്ഷേപങ്ങളിൽനിന്നും കാലാവധി കഴിഞ്ഞിട്ടും പണം പിൻവലിക്കാത്ത അക്കൗണ്ടുകളിൽനിന്നുമാണ് വിജീഷ് വർഗീസ് പണം തട്ടിയെടുത്തിരുന്നത്. പണം പിൻവലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നൽകേണ്ട ഉയർന്ന ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ അവരുടെ കമ്പ്യൂട്ടർ കൈകാര്യം ചെയ്താണ് വിജീഷ് പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത്. തട്ടിപ്പിൽ വിജീഷിന് മാത്രമേ പങ്കുള്ളൂവെന്നാണ് നിലവിലെ കണ്ടെത്തൽ. അതേസമയം, ഇത്രയും വലിയ ക്രമക്കേടുകൾ തടയാൻ കഴിയാത്തതിൽ ബാങ്ക് മാനേജർ അടക്കം അഞ്ച് ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു.

തട്ടിയെടുത്ത പണം വിജീഷ് കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഭാര്യ സൂര്യ താര വർഗീസിന്റെ അക്കൗണ്ടുകളിലേക്ക് മാത്രം 39 തവണയാണ് ഇയാൾ പണം നിക്ഷേപിച്ചത്.അമ്മ ജോളിക്കുട്ടി, ഭാര്യാപിതാവ് കൊട്ടാരക്കര സ്വദേശി ഡി.ജോർജ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. സ്വന്തം പേരിലുള്ള വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കും ഇയാൾ 68 തവണ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതര ദേശസാൽകൃത ബാങ്കുകളുടെ കൊച്ചി നേവൽബേസ്, കൊട്ടാരക്കര, കുന്നിക്കോട് എന്നീ ശാഖകളിലെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്.

നേരത്തെ നേവിയിൽ ഉദ്യോഗസ്ഥനായിരുന്ന വിജീഷ് വർഗീസ് ബാങ്കിലെ ഊർജസ്വലനായ ജീവനക്കാരനായിരുന്നു. ഉച്ചഭക്ഷണ ഇടവേളയിൽപോലും ജോലിയിൽ മുഴുകുന്ന വിജീഷിനെ ആരും സംശയിച്ചിരുന്നില്ല. മാത്രമല്ല, നേവിയിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനെന്ന ബഹുമാനവും നൽകിയിരുന്നു. ഇത് മുതലെടുത്താണ് വിജീഷ് വർഗീസ് ഉയർന്ന ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടർ പാസ്വേഡ് അടക്കം സ്വന്തമാക്കി തട്ടിപ്പിന് കളമൊരുക്കിയത്.

Content Highlights:canara bank fraud case pathanamthitta

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022

Most Commented