തിരുവനന്തപുരം വിമാനത്താവളം | ഫയൽചിത്രം | മാതൃഭൂമി
തിരുവനന്തപുരം: കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സെക്രട്ടറി, കൊല്ലം, അഞ്ചൽ സ്വദേശി റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മസ്കറ്റിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോൾ ഇമിഗ്രേഷൻ പരിശോധനയ്ക്ക് തൊട്ടുമുമ്പായിരുന്നു ഡൽഹിയിൽനിന്നുള്ള ഇ.ഡി. ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയെന്നാണ് സൂചന. തുടർന്ന് ഇയാളുടെ അഞ്ചലിലെ വീട്ടിൽ പരിശോധന നടത്തി.
ചോദ്യംചെയ്യുന്നതിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടും ഹാജരാകാഞ്ഞതിനെ തുടർന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്ന് റൗഫിന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി പണം എത്തിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരായാനുമാണ് നോട്ടീസ് നൽകിയതെന്നുമാണ് അറിയുന്നത്.
ശനിയാഴ്ച രാവിലെ ഏഴരയ്ക്കുള്ള സലാം എയർവേസിൽ മസ്കറ്റിലേക്കുള്ള യാത്രയ്ക്കായി എത്തിയ റൗഫ് ബാഗേജ് പരിശോധന പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഇമിഗ്രേഷൻ പരിശോധനയ്ക്കായി പോകുന്നതിനിടെയാണ് ഒരു ഇ.ഡി. ഉദ്യോഗസ്ഥനെത്തി റൗഫിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് രണ്ട് ഉദ്യോഗസ്ഥർ കൂടി വിമാനത്താവളത്തിനകത്തെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി റൗഫിനെ ഉച്ചയ്ക്ക് ഒരു മണിയോടെ കൊണ്ടുപോയി.
ഹാഥ്റസ് സംഭവത്തിന് പിന്നാലെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ഇയാളെ അന്വേഷിച്ചിരുന്നതായി വിവരമുണ്ട്. മലയാളി മാധ്യമപ്രവർത്തകൻ ഉൾപ്പെടെ അറസ്റ്റിലായ സംഭവത്തിനുപിന്നാലെ ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിക്കെതിരേ റൗഫ് ഷെരീഫ് ഉൾപ്പെടെയുള്ള പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഡൽഹിയിൽ വാർത്താസമ്മേളനം നടത്തിയിരുന്നു.
എതിർശബ്ദങ്ങളെ അടിച്ചമർത്താനാണ് യോഗി ആദിത്യനാഥ് സർക്കാർ ശ്രമിക്കുന്നതെന്ന് റൗഫ് ഷെരീഫ് അന്ന് ആരോപിച്ചിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നാലെയാണ് തിരുവനന്തപുരത്തുനിന്ന് റൗഫ് ഷെരീഫ് കസ്റ്റഡിയിലായത്.
Content Highlights:campus front national secretary in ed custody


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..