Image for Representation | Mathrubhumi
എടപ്പാള്‍: എടപ്പാളില്‍നിന്ന് ഹണിട്രാപ്പില്‍ കുടുക്കി അടയ്ക്കാ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് 22 പവന്‍ സ്വര്‍ണവും ആഡംബരക്കാറും കവര്‍ന്ന സംഭവത്തിലുള്‍പ്പെട്ട ഒരാളെകൂടി ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. വെളിയങ്കോട് തണ്ണിത്തുറയ്ക്കല്‍ സ്വദേശി നിസാമുദ്ദീനാ(30)ണ് അറസ്റ്റിലായത്.
ഒരുവര്‍ഷം മുന്‍പാണ് ചാലിശ്ശേരി തോഴത്ത് ഷിജോയിയെയും സുഹൃത്ത് പുളിക്കാട്ടില്‍ ഖാദറിനെയും മുഖ്യപ്രതിയും ആല്‍ബം സംവിധായകനുമായ ഷഹീര്‍ഷായുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘം ആല്‍ബത്തിലഭിനയിക്കാനെന്ന വ്യാജേന തട്ടിക്കൊണ്ടുപോയത്. അണ്ണക്കമ്പാടുള്ള ലോഡ്ജില്‍വെച്ച് മൂന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വഴങ്ങാതായതോടെ വയനാട്ടില്‍ കൊണ്ടുപോയി മര്‍ദ്ദിച്ച് ഷിജോയ് ധരിച്ചിരുന്ന 22 പവന്റെ സ്വര്‍ണാഭരണങ്ങളും വിലകൂടിയ ഡയമണ്ട് മോതിരം, വാച്ച്, ആഡംബര കാര്‍ എന്നിവ തട്ടിയെടുത്തശേഷം അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് ചങ്ങരംകുളത്തിറക്കിവിട്ടശേഷം മുങ്ങിയവരില്‍ എട്ടുപേരെ നേരത്തേ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തിരുന്നു.
പെരുമ്പടപ്പ് പോലീസ് ഒരു വെട്ടുകേസില്‍ നിസാമുദ്ദീനെ അറസ്റ്റുചെയ്തതായി അറിഞ്ഞ ചങ്ങരംകുളം പോലീസ് ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.
ചങ്ങരംകുളം ഇന്‍സ്‌പെക്ടര്‍ ബഷീര്‍ ചിറക്കല്‍, എസ്.ഐ.മാരായ വിജിത്, ആന്റോ ഫ്രാന്‍സിസ്, ഹരിഹരസൂനു, വിജയന്‍, എസ്.സി.പി. ഓമാരായ രാജേഷ്, ഷിജു, ശ്രീകുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് അറസ്റ്റുചെയ്തത്. തെളിവെടുപ്പിനുശേഷം പൊന്നാനി കോടതിയില്‍ ഹാജരാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..