പാങ്ങോട്-പുലിപ്പാറ റോഡിൽ മനുഷ്യശരീരഭാഗം കണ്ടെത്തിയ സ്ഥലത്ത് ഫൊറൻസിക് വിഭാഗം പരിശോധന നടത്തുന്നു | ഫോട്ടോ: മാതൃഭൂമി
പാങ്ങോട്(തിരുവനന്തപുരം): പുലിപ്പാറ പരയ്ക്കാട്ടെ കോളനിയിലെ വീടിനുള്ളിൽ രണ്ടു ദിവസത്തോളം പഴക്കമുള്ള കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന്റെ കാൽ പട്ടി കടിച്ചുവലിച്ച് റോഡിലിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഈ വീട്ടിലെ താമസക്കാരനായ ഷിബു(39)വിന്റെ മൃതദേഹമാണെന്നാണ് പോലീസ് സംശയിക്കുന്നത്. പരേതനായ സുധാകരന്റെയും സുധയുടെയും മകനായ ഷിബു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾക്കൊപ്പം കുറച്ചു ദിവസം മുൻപ് ഒരു കൊലക്കേസ് പ്രതി താമസിച്ചിരുന്നതായും അയാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.
ഷിബുവിന്റെ വീടിനു സമീപത്തുകൂടി പോകുന്ന താഴെ പാങ്ങോട്-പുലിപ്പാറ റോഡിൽ ബുധനാഴ്ച രാവിലെയാണ് പട്ടി കടിച്ചുകീറിയ നിലയിൽ കാൽ കണ്ടത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഷിബു അവിവാഹിതനാണ്. അച്ഛൻ മരിച്ചു. അമ്മ ബന്ധുക്കളുടെ കൂടെയാണ് താമസം. മൃതദേഹത്തിന്റെ കൈയിൽ കെട്ടിയിരുന്ന ചരട് നാട്ടുകാരും ബന്ധുക്കളും തിരിച്ചറിഞ്ഞതിനാലാണ് മരിച്ചത് ഷിബുവാണെന്ന് പോലീസ് അനുമാനിക്കുന്നത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്കു മാറ്റി. ഫൊറൻസിക് വിദഗ്ദ്ധർ, ഡോഗ് സ്ക്വാഡ് എന്നിവർ സ്ഥലത്തു പരിശോധന നടത്തി. ആറ്റിങ്ങൽ ഡിവൈ.എസ്.പി. സുരേഷ്, പാങ്ങോട് സി.ഐ. എൻ.സുനീഷ്, എസ്.ഐ. അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
റോഡിൽ മനുഷ്യന്റെ കാൽ, ഞെട്ടിത്തരിച്ച് നാട്ടുകാർ
പാങ്ങോട്: പുലിപ്പാറയിലെ നാട്ടുകാർ ഞെട്ടലോടെയാണ് മനുഷ്യന്റെ കാൽ റോഡിൽ കിടക്കുന്ന കാഴ്ച കണ്ടത്. ബുധനാഴ്ച രാവിലെ എട്ടു മണിയോടെ താഴേപാങ്ങോട്-പുലിപ്പാറ റോഡിൽ പരയ്ക്കാടിനുസമീപത്താണ് തുട മുതലുള്ള കാൽ പട്ടി കടിച്ചുകീറിയ നിലയിൽ കണ്ടത്. വിവരം കാട്ടുതീ പോലെ പാങ്ങോട് പഞ്ചായത്തിലാകമാനം പരന്നു. പാങ്ങോട് പോലീസ്, പഞ്ചായത്ത് അംഗം ജമീലാ സുലൈമാൻ എന്നിവർ സ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
വൈകാതെ സമീപവാസിയായ ഷിബു എന്നയാളിന്റെ വീട്ടിൽനിന്നു കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ കാൽ നഷ്ടപ്പെട്ടിരുന്നു.
പുലിപ്പാറ പരയ്ക്കാട് കോളനിയിൽ ആറോളം വീടുകളുണ്ടായിരുന്നെങ്കിലും ഇന്ന് ഒറ്റവീട്ടിൽപ്പോലും ആൾത്താമസമില്ല. എല്ലാവരും ഷിബുവിന്റെ ആക്രമണം ഭയന്ന് വീടുവിട്ടുപോയവരാണെന്ന് നാട്ടുകാർ പറയുന്നു. അവിവാഹിതനായ ഷിബുവിന്റെ അമ്മയും ബന്ധുവീട്ടിലാണ് താമസം. മോഷണം, അടിപിടി ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയായ ഇയാൾ ഒരു മാസം മുൻപാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
രാത്രി സമയങ്ങളിൽ ഇയാളുടെ വീട്ടിൽനിന്നു ഉച്ചത്തിൽ ശബ്ദവും ആക്രോശവും കേൾക്കാറുണ്ടെങ്കിലും ആരും ഭയന്ന് അങ്ങോട്ട് പോകാറില്ല. ഷിബുവിന്റെ സുഹൃത്തുക്കൾ രാത്രിയിൽ ഇവിടെയെത്തി മദ്യപിക്കാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഷിബുവിന്റെ മൃതദേഹം കട്ടിലിനോടൊപ്പം കത്തി കമിഴ്ന്നു കിടക്കുന്ന നിലയിലാണ്. മൃതദേഹത്തിനു രണ്ടു ദിവസത്തോളം പഴക്കമുള്ളതായാണ് കരുതുന്നത്. പെട്രോളോ മണ്ണെണ്ണയോ ഇവിടെനിന്നു കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല.
Content Highlights:burned body found at a home in pangode trivandrum
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..