Photo: twitter.com|MattPetrillo
ഫിലാഡല്‍ഫിയ(യു.എസ്): തോക്കുമായി ഇരച്ചെത്തിയ അക്രമിയെ നേരിട്ട് വളര്‍ത്തുനായ. ഫിലാഡല്‍ഫിയ ടോറസ്‌ഡെയല്‍ അവന്യൂവിലെ ഒരു സ്‌റ്റോറില്‍ തോക്കുമായെത്തിയ അക്രമിയെയാണ് വളര്‍ത്തുനായയായ 'ബുള്ളറ്റ്' കീഴ്‌പ്പെടുത്തിയത്. ബുള്ളറ്റ് ഇല്ലായിരുന്നെങ്കില്‍ തനിക്കും സ്‌റ്റോര്‍ ക്ലാര്‍ക്കായ യുവതിക്കും ജീവന്‍ നഷ്ടമായേനെയെന്നാണ് സ്‌റ്റോര്‍ മാനേജറായ സാമി ആലുബേഹി മാധ്യമങ്ങളോട് പറഞ്ഞത്.
ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് ടോറസ് ഡെയില്‍ അവന്യൂവിലെ 'ബിഗ് എ' സ്‌റ്റോറില്‍ അക്രമികളായ രണ്ടുപേര്‍ കവര്‍ച്ചയ്ക്ക് എത്തിയത്. തോക്കുമായി വന്ന ഇരുവരും ജീവനക്കാര്‍ക്ക് നേരേ തോക്ക് ചൂണ്ടി. അക്രമികളിലൊരാള്‍ സോഫയിലിരുന്ന ക്ലാര്‍ക്കിന് നേരെയാണ് ആദ്യം തോക്ക് ചൂണ്ടിയത്. ഈ സമയത്താണ് 'ബുള്ളറ്റ്' അവസരോചിതമായി ഇടപെട്ടത്.
തോക്ക് ചൂണ്ടിയെത്തിയ കവര്‍ച്ചക്കാരന് നേരെ ചാടിയെടുത്ത നായ ഇയാളില്‍നിന്ന് തോക്ക് തട്ടിപ്പറിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. അക്രമിയെ നായ നേരിട്ടതോടെ 32-കാരിയായ ക്ലാര്‍ക്ക് തന്റെ കൈയിലുണ്ടായിരുന്ന തോക്ക് കൊണ്ട് അക്രമിക്ക് നേരേ വെടിയുതിര്‍ത്തു. ഇതോടെ ഇയാളും കൂടെയുണ്ടായിരുന്ന മറ്റൊരാളും പിന്തിരിഞ്ഞോടി. ഇവര്‍ പിന്നീട് ക്ലാര്‍ക്കിന് നേരേ വെടിയുതിര്‍ക്കുകയും സ്‌റ്റോറിനുള്ളില്‍ പരസ്പരം വെടിവെപ്പുണ്ടാവുകയും ചെയ്തു. ഒടുവില്‍ അക്രമികള്‍ രണ്ടുപേരും സ്റ്റോറില്‍നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
വെടിവെപ്പില്‍ സ്റ്റോര്‍ ക്ലാര്‍ക്കായ യുവതിക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ജെഫേഴ്‌സണ്‍-ടോറസ്‌ഡെയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സ്റ്റോര്‍ മാനേജര്‍ പറഞ്ഞു. ബുള്ളറ്റ് അക്രമിക്ക് നേരെ പാഞ്ഞടുത്തില്ലെങ്കില്‍ അയാള്‍ ക്ലാര്‍ക്കിനെ വെടിവെച്ച് വീഴ്ത്തുമായിരുന്നെന്നും പ്രതിരോധിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുമെന്നുമായിരുന്നു സ്‌റ്റോര്‍ മാനേജറുടെ പ്രതികരണം. താനും ക്ലാര്‍ക്കും ഇപ്പോള്‍ ജീവനോടെ ഇരിക്കുന്നതിന് കാരണം ബുള്ളറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവത്തില്‍ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അക്രമികളുടെ കൈവശമുണ്ടായിരുന്ന തോക്കുകളിലൊന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Content Highlights: bullet a dog saves two from armed robbery in usa
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..