വിവേക് പ്രസാദ്, വിനയ് പ്രസാദ്
കൊച്ചി: ഓണ്‍ലൈന്‍ വഴി ലോണ്‍ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തൃശ്ശൂര്‍ സൈബര്‍ ക്രൈം പോലീസ് ന്യൂഡല്‍ഹിയില്‍നിന്ന് പിടികൂടിയ സഹോദരങ്ങളെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി രഗൂബീര്‍ നഗറില്‍ വിവേക് പ്രസാദ് (29), സഹോദരന്‍ വിനയ് പ്രസാദ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തശേഷം കസ്റ്റഡിയില്‍ വാങ്ങിയത്.
പനങ്ങാട് സ്വദേശിയില്‍നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയ കേസില്‍ കോടതിയില്‍നിന്ന് അനുമതി വാങ്ങിയാണ് തുടര്‍നടപടി സ്വീകരിച്ചത്. ഇവരെ പനങ്ങാട് പോലീസും കൊച്ചി സിറ്റി സൈബര്‍ പോലീസും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികളുടെ മാതാപിതാക്കള്‍ മലയാളികളാണ്. ജനിച്ചതും വളര്‍ന്നതും ന്യൂഡല്‍ഹിയിലാണെങ്കിലും പ്രതികള്‍ നന്നായി മലയാളം സംസാരിക്കും. സ്ത്രീകള്‍ക്ക് ഒരു ശതമാനവും പുരുഷന്‍ന്മാര്‍ക്ക് രണ്ടു ശതമാനവും പലിശയില്‍ ലോണ്‍ നല്‍കാമെന്നാണ് ഇവരുടെ വാഗ്ദാനം. വിവിധ വ്യാജ ഫൈനാന്‍സ് സ്ഥാപങ്ങളുടെ പേരിലാണ് തട്ടിപ്പ്.
മൊബൈലില്‍ എസ്.എം.എസ്. അയച്ചാണ് ആളുകളെ വീഴ്ത്തുന്നത്. ആധാറും ബാങ്ക് രേഖകളുമടക്കം കൈക്കലാക്കിയ ശേഷം ലോണ്‍ ശരിയായെന്ന് അറിയിക്കും. തൊട്ടടുത്ത ദിവസം വിവിധ ഫൈനാന്‍സ് കമ്പനികളുടെ സൈറ്റില്‍ നിന്ന് എഗ്രിമെന്റും മറ്റും എഡിറ്റ് ചെയ്ത് എഗ്രിമെന്റ് ഫീസടയ്ക്കാന്‍ ഛത്തീസ്ഗഢിലേയും മധയപ്രദേശിലേയും ഇവരുടെ അക്കൗണ്ട് നമ്പറുകള്‍ നല്‍കും.
ഇത് അടച്ചുകഴിഞ്ഞാല്‍ ലോണ്‍ തുക അക്കൗണ്ടില്‍ കയറുന്നില്ലെന്നും ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കണമെന്നും ആവശ്യപ്പെടും. ഇതിന് ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിങ്ങനെ വിവിധ കാര്യങ്ങള്‍ പറഞ്ഞ് വീണ്ടും അക്കൗണ്ടിലേക്ക് പണം അയയ്ക്കാന്‍ നിര്‍ബന്ധിക്കും.
പണം അടച്ചെന്ന് മറുപടി ലഭിച്ചാല്‍ ഡല്‍ഹിയില്‍ നിന്ന് തുക പിന്‍വലിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യും. രണ്ടു ലക്ഷം രൂപ ലോണ്‍ നല്‍കാമെന്ന് പറഞ്ഞാണ് പനങ്ങാട് സ്വദേശിയുടെ ഒന്നര ലക്ഷം രൂപ തട്ടിയത്.
കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് തൃശ്ശൂര്‍ പോലീസ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..