
നന്ദുവും വിഷ്ണുവും
കുന്നിക്കോട്:തലവൂർ മഞ്ഞക്കാലയിൽ പോലീസിനുനേരേ കല്ലേറും കൈയേറ്റവും. സംഭവത്തിൽ സഹോദരന്മാരായ രണ്ടുപേരെ കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ജീപ്പിന്റെ ബോണറ്റും ഹെഡ് ലൈറ്റും കല്ലേറിൽ തകർന്നു. രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. കൂടുതൽ പോലീസ് എത്തിയതോടെ സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേർ ഓടി രക്ഷപ്പെട്ടു. തലവൂർ മഞ്ഞക്കാല ഓണംകോട് കോളനി പുത്തൻവിളവീട്ടിൽ വിഷ്ണു (25) സഹോദരൻ നന്ദു (18) എന്നിവരാണ് പിടിയിലായത്. സ്ഥലവാസിയായ സൂരജ്, കണ്ടാലറിയുന്ന മറ്റൊരാൾ എന്നിവരാണ് രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. കുന്നിക്കോട് സ്റ്റേഷനിലെ ക്രൈം എസ്.ഐ. ജിനു ജെ.യു., സിവിൽ പോലീസ് ഓഫീസർ സന്ദീപ് എന്നിവർക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. കസ്റ്റഡിയിലെടുത്ത രാഘവൻ എന്നയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴിയാണ് ഒരുസംഘമാളുകൾ ജീപ്പ് തടഞ്ഞുനിർത്തി പോലീസുകാരെ കൈയേറ്റം ചെയ്യുകയും വാഹനത്തിനുനേരേ കല്ലെറിയുകയും ചെയ്തത്.
സംഭവത്തെക്കുറിച്ച് കുന്നിക്കോട് പോലീസ് പറഞ്ഞത്: ഒരാൾ മദ്യലഹരിയിൽ അയൽവാസികളുമായി വഴക്കിടുന്നതായി വിവരംലഭിച്ചു. ഇതനുസരിച്ച് എസ്.ഐ. അടക്കം മൂന്ന് പോലീസുകാർ കോളനിയിൽ ചെന്നതോടെ യുവാക്കൾ അസഭ്യംവിളിക്കുകയും കൈയേറ്റത്തിന് മുതിരുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത ആളുമായി മടങ്ങുന്നതിനിടെ വിഷ്ണുവിന്റെ നേതൃത്വത്തിൽ സംഘടിച്ചവർ പോലീസ് ജീപ്പ് തടഞ്ഞ് ജീപ്പിനുനേരേ കല്ലെറിഞ്ഞു. എസ്.ഐ. അടക്കമുള്ളവരെ തടഞ്ഞുവെച്ച് കൈയേറ്റം ചെയ്തു. പിടിവലിക്കിടെ സിവിൽ പോലീസ് ഓഫീസറുടെ യൂണിഫോം കീറുകയും പരിക്കേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ് ഇൻസ്പെക്ടർ മുബാറക്കിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയാണ് തടഞ്ഞുവെച്ച പോലീസുകാരെ മോചിപ്പിച്ച് പ്രതികളെ പിടികൂടിയത്. കൂടുതൽ പോലീസ് എത്തിയതോടെ മറ്റുരണ്ടുപേർ രക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാർ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പൊതുമുതൽ നശിപ്പിച്ചതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും കേസെടുത്ത യുവാക്കളെ പിന്നീട് കോടതിയിൽ ഹാജരാക്കി.
അതേസമയം പോലീസ് മർദിച്ചെന്ന് ആരോപിച്ച് വിഷ്ണുവിന്റെ ഭാര്യ അഞ്ജു(21)വിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Content Highlights:brothers arrested for attacking police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..