പച്ചക്കറി വ്യാപാരി കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതിയായ എസ്.ബി.കിഷോർ ധനാജിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നു
നീലേശ്വരം: പച്ചക്കറി വ്യാപാരിയായ കെ.പി.തമ്പാൻ കാറിടിച്ചു മരിച്ച സംഭവത്തിൽ പ്രതികളെ പിടിക്കാൻ തുമ്പായത് കാറിൽ നിന്ന് പൊട്ടി വീണ കണ്ണാടി. നീലേശ്വരം കരുവാച്ചേരിയിൽ നിന്ന് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. എതിരെവന്ന ലോറിയിൽ ഉരസി പ്രതികൾ സഞ്ചരിച്ച കാറിന്റെ വലതുഭാഗത്തെ കണ്ണാടി പൊട്ടിവീഴുകയും കാറിന്റെ പിറകുവശത്ത് പോറലേല്കുകയും ചെയ്തിരുന്നു. ഈ സമയം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ആളെ ഇടിച്ചതെന്ന് പ്രതിയായ മഹാരാഷ്ട്ര സ്വദേശി എസ്.ബി.കിഷോർധനാജി (33) പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പോലീസ് പൊട്ടിവീണ കണ്ണാടി നോക്കി കാറും നിറവും മനസ്സിലാക്കിയ ശേഷം മറ്റ് സ്റ്റേഷനുകളിലേക്കും ഹൈവേ പോലീസിനും വിവരം നൽകുകയായിരുന്നു. ഇതാണ് എളുപ്പത്തിൽ വാഹനം കണ്ടെത്താൻ സഹായകമായത്. എസ്.ഐ. വി.മോഹനന്റെ നേതൃത്വത്തിൽ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികയെ ജാമ്യത്തിൽ വിട്ടയച്ചു. വാഹനമിടിച്ച് മരണം സംഭവിച്ചതിനാൽ ഇന്ത്യൻ ശിക്ഷാനിയമം 304എ വകുപ്പ് പ്രകാരമായിരുന്നു കേസ്. കിഷോർ ധനാജിയുടെ ഭാര്യാ സഹോദരനായ സൂരജ് കമ്പാരി ഖദമിന്റെ കാറിലാണ് സഞ്ചരിച്ചിരുന്നത്.
കാർ പരിശോധിച്ച ഫോറൻസിക് വിദഗ്ദർ രക്തക്കറ കണ്ടെത്തി. ഇത് മരിച്ച തമ്പാന്റേതാണോ എന്നും പരിശോധിക്കും. കിഷോർ ധനാജിയും സാഗർബാൽ സോഖിലാരി (21)യും മഹാരാഷ്ട്രയിൽ നിന്നും 1.46 കോടി രൂപയുമായി കണ്ണൂർ ഭാഗത്തേക്ക് പോവുമ്പോഴായിരുന്നു തമ്പാനെ കരുവാച്ചേരി വളവിനടുത്തുവച്ച് ഇടിച്ചത്. തുടർന്ന് നിർത്താതെ പോയ വാഹനത്തെ വളപട്ടണത്തു വെച്ചാണ് ഹൈവേ പോലീസ് പിടികൂടിയത്.
പണം കടത്തുന്നത് സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതിനാൽ കസ്റ്റംസും ഈ സമയം ഇവിടെ ഉണ്ടായിരുന്നു. രേഖകൾ ഹാജരാക്കാത്തതിനാൽ തുക കസ്റ്റംസിന്റെ കയ്യിലാണ്. ഇവരെ പിന്നീട് നീലേശ്വരം പോലീസിന് കൈമാറി. അപകടമരണവുമായി സാഗർ ബാൽസോഖിലാരിക്ക് ബന്ധമില്ലാത്തതിനാൽ ഇയാളെ പ്രതിചേർത്തില്ല. ഗൾഫിൽനിന്നും കൊണ്ടോട്ടിയിലേക്ക് എത്തിക്കുന്ന സ്വർണം വാങ്ങാനായിരുന്നു ഇവരുടെ യാത്ര എന്ന് പോലിസ് സംശയിക്കുന്നു.
Content Highlights: car broken mirror became inconclusive for the investigation of businessman death
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..