പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കാഞ്ഞങ്ങാട്: ഡ്രൈവിങ് സ്കൂള്‍ ഏജന്റുമാരില്‍നിന്ന് 2,69,860 രൂപ വിജിലന്‍സ് പിടിച്ചെടുത്തു. കാഞ്ഞങ്ങാട് ഗുരുവനത്തെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്െവച്ച് ഏജന്റുമാരായ നൗഷാദ്, റമീസ് എന്നിവരില്‍നിന്നാണ് പണം പിടിച്ചത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ തൊട്ടടുത്തുനില്ക്കുകയായിരുന്നു ഇരുവരും. 2.29 ലക്ഷം രൂപ നൗഷാദിന്റെ കൈവശവും കാറിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. 40,860 രൂപ റമീസിന്റെ കൈയിലും. മോട്ടോര്‍ വെഹിക്കിള്‍ ഇന്സ്പെക്ടര്ക്കുവേണ്ടി ലൈസന്‍സ് അപേക്ഷകരില്‍നിന്ന് പിരിച്ചെടുത്ത പണമാണ് ഇതെന്ന് ഇരുവരും മൊഴി നല്‍കിയതായി വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍ പറഞ്ഞു. ഏജന്റുമാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് ഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ഡിവൈ.എസ്.പി. വ്യക്തമാക്കി.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഗ്രൗണ്ടിലെത്തിയത്. ഏജന്റുമാരുടെ സെല്‍ഫോണുകളും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ഇതില്‍ ശബ്ദ സന്ദേശമായും എഴുത്തായും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ജോയിന്റ് ആര്.ടി.ഒ.യ്ക്കും മറ്റ് ജീവനക്കാര്‍ക്കും പണം വീതിച്ചുനല്കേണ്ടതിനെ കുറിച്ചും പിരിച്ചെടുത്ത പണത്തിന്റെ കണക്കുമെല്ലാം വ്യക്തമാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇരുചക്ര വാഹനങ്ങളുടെ ലൈസന്‍സ് അപേക്ഷകരില്‍നിന്ന് ജോയിന്റ് ആര്.ടി.ഒ.യ്ക്ക് 500 രൂപ വീതവും ഡ്രൈിവിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് ആയിരം രൂപയും നല്‍കണമെന്നാണ് സന്ദേശം. നാലുചക്ര വാഹനങ്ങള്‍, ഹെവി വാഹനങ്ങള്‍ എന്നിവയുടെ ലൈസന്‍സ് അപേക്ഷകരില്‍നിന്നു 2000 മുതല്‍ 5,000 രൂപവരെ നല്‍കുന്നുവെന്ന് വ്യക്തമാകുന്ന കുറിപ്പ് ഏജന്റുമാരില്‍നിന്ന് പിടിച്ചെടുത്തതായും ഡിവൈ.എസ്.പി. പറഞ്ഞു. വിജിലന്‍സ് പിടിച്ചെടുത്ത പണം സര്‍ക്കാര്‍ ഖജനാവില്‍ അടച്ചു.
5,000 കൊടുത്താല്‍ പാസ്... ഇല്ലേല് ഔട്ട്
കാഞ്ഞങ്ങാട്: അപേക്ഷാഫോമിന്റെ മൂലയില്‍ യേസ് എന്ന് കുറിച്ചിട്ടുണ്ടെങ്കില്‍ പാസ്. ഗുണന ചിഹ്നമാണ് വരച്ചതെങ്കില്‍ ഔട്ട്. ഇത് എഴുതുന്നതും വരയ്ക്കുന്നതും ഏജന്റുമാരാണ്. പണം കിട്ടിയെന്ന് സൂചിപ്പിക്കുന്ന ചിഹ്നങ്ങളും എഴുത്തുമാണ് രേഖപ്പെടുത്തുന്നതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലില്‍ ഡ്രൈവിങ് സ്കൂള്‍ ഏജന്റുമാര്‍ സമ്മതിച്ചു. ഗുരുവനം ആര്.ടി.ഒ. ടെസ്റ്റിങ് ഗ്രൗണ്ടില്‍ ബുധനാഴ്ച നടന്ന പരിശോധനയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് വിജിലന്‍സിന് കിട്ടിയത്.
പരീക്ഷ നടത്തിപ്പുകാരനായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് മുന്നില്‍ പരസ്യമായാണ് ഏജന്റുമാര്‍ കോഴ വാങ്ങുന്നതെന്നും വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഗ്രൗണ്ടില്‍ അങ്ങോളമിങ്ങോളം നടന്ന് അപേക്ഷകരില്‍നിന്ന് പരസ്യമായി പണം വാങ്ങുന്നത് തങ്ങള്‍ നേരില്‍ കണ്ടുവെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏജന്റ് മുഖേന പൂരിപ്പിച്ചുനല്‍കുന്ന അപേക്ഷയില്‍ യേസ് ചിഹ്നം കുറിക്കണമെങ്കില്‍ സ്വല്പം മുതല്‍മുടക്കുണ്ട്. അത് ആളും തരവും ആവശ്യവും നോക്കിയാണെന്ന് മാത്രം. അത്യാവശ്യക്കാരനെങ്കില്‍ 5000രൂപ വരെ നല്‍കണം. ഇത് പരമാവധി കുറഞ്ഞാല്‍ 500 നില്ക്കും.
ലേണിങ് ടെസ്റ്റിന്റെ കാലാവധി തീരുന്നവര്ക്കായാണ് ബുധനാഴ്ച പ്രത്യേക ടെസ്റ്റ് നടന്നത്. കോവിഡ് നിയന്ത്രണം മൂലം ലേണിങ് പാസായവരുടെ കാലാവധി ആറുമാസം വരെ നീട്ടിയിരുന്നു. ഈ സമയപരിധി ഈ മാസം 30-ന് അവസാനിക്കും.
നൂറുമുതല്‍ 300 വരെ അപേക്ഷകര്‍ ഒരു ഡ്രൈവിങ് സ്കൂളില്‍നിന്ന് മാത്രം ലേണിങ് എടുത്ത് കാത്തിരിപ്പുണ്ട്.
ആളും തരവും നോക്കി പണം
വിദേശയാത്രയ്ക്കും മറ്റും തയ്യാറായി നില്‍ക്കുന്നവരില്‍നിന്ന് ഏജന്റുമാര്‍ ആളും തരവും നോക്കിയാണ് പണം കൈപ്പറ്റിയതെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബുധനാഴ്ച ഗുരുവനത്തെ ഗ്രൗണ്ടില്‍നിന്ന് വിജിലന്‍സിന്റെ കൈയിലകപ്പെട്ട റമീസിനും നൗഷാദിനുമാണ് മറ്റ് ഡ്രൈവിങ് സ്കൂളുകളില്‍നിന്ന് പണം പിരിച്ചെടുക്കാനുള്ള ചുമതലയെന്നും കണ്ടെത്തി. ഒരു സ്കൂളില്‍നിന്ന് എത്രപേര്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നുണ്ടോ എത്രപേര്‍ ലേണിങ് പരീക്ഷ പാസായിട്ടുണ്ടോ എന്ന കണക്ക് അതത് ഏജന്റുമാര്‍ കൈമാറണം.
ഈ സന്ദേസം വാട്സാപ്പിലാണ് നല്‍കുന്നത്. പിരിച്ചെടുത്ത പണം ഓരോ ഉദ്യോഗസ്ഥനും എത്രയെന്ന് കണക്കാക്കി വീതിച്ച് കെട്ടിവയ്ക്കും. വൈകീട്ട് ഇവര്‍ വീട്ടിലേക്കു പോകുമ്പോള്‍ വാഹനത്തില്‍ ഇട്ടുകൊടുക്കുകയോ അതിരഹസ്യമായി മറ്റു വഴിയിലൂടെ വീടുകളില്‍ എത്തിച്ചുകൊടുക്കുകയോ ചെയ്യും. ഇത്തരം വിവരങ്ങളെല്ലാം നൗഷാദിന്റെയും റമീസിന്റെയും മൊഴിയിലും ഇവരുടെ കുറിപ്പിലും സെല്‍ഫോണ്‍ സന്ദേശത്തിലുമുണ്ടെന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി. കെ.വി.വേണുഗോപാല്‍ പറഞ്ഞു.
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെ വിജിലന്‍സ് പരിശോധനയില്‍ എസ്.ഐ.മാരായ കെ.എസ്.രമേശന്, പി.വി.സതീശന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.വി.സുരേശന്, പി.കെ.രഞ്ജിത്ത് കുമാര്‍, വി.രാജീവന്, ടി.കൃഷ്ണന്, ഗസറ്റഡ് ഓഫീസര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ സ്റ്റോര്‍ സൂപ്രണ്ട് രാജീവന് എന്നിവരും പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..