ഇ.എസ്. രംഗനാഥൻ
ന്യൂഡല്‍ഹി: പൊതുമേഖാ എണ്ണക്കമ്പനിയായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഗെയ്ല്) മാര്‍ക്കറ്റിങ് ഡയറക്ടര്‍ പാലക്കാട് സ്വദേശിയായ ഇ.എസ്. രംഗനാഥനെ കൈക്കൂലിക്കേസില്‍ സി.ബി.ഐ. അറസ്റ്റ്ചെയ്തു. ഗെയ്ല് മാര്‍ക്കറ്റ് ചെയ്യുന്ന പെട്രോകെമിക്കല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ സ്വകാര്യകമ്പനികള്‍ക്ക് ഡിസ്കൗണ്ട് അനുവദിക്കുന്നതിന് 50 ലക്ഷത്തിലേറെ രൂപ കൈക്കൂലി വാങ്ങി എന്നാണ് കേസ്.
രംഗനാഥന്, ഇടനിലക്കാര്‍, ബിസിനസുകാര്‍ എന്നിവരുള്‍പ്പെട്ട അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന സി.ബി.ഐ. അഞ്ചുപേരെ ശനിയാഴ്ച അറസ്റ്റ്ചെയ്തു. ഓഫീസും വീടുമുള്‍പ്പെടെ എട്ടിടങ്ങളില്‍ തിരച്ചില്‍ നടത്തി. 1.29 കോടി രൂപയിലേറെ പണവും സ്വര്‍ണവും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കണ്ടെടുത്തെന്ന് സി.ബി. ഐ. വക്താവ് ആര്.സി. ജോഷി പറഞ്ഞു. സ്വര്‍ണത്തിനും മറ്റുള്ളവയ്ക്കും 1.25 കോടി രൂപ മൂല്യംവരും. ഇടനിലക്കാരായ പവന് കുമാര്‍, രാജേഷ് കുമാര്‍ എന്നിവരുമായിച്ചേര്‍ന്ന് രംഗനാഥന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് സി.ബി.ഐ. ആരോപിച്ചു. ഡല്‍ഹിയിലെ ബഹുദര്ഘട്ട് റോഡിലുള്ള റിഷബ് പോളികെം പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാണ് രാജേഷ് കുമാര്‍. സ്വകാര്യ കമ്പനികളില്‍നിന്ന് രംഗനാഥനുവേണ്ടി കൈക്കൂലിവാങ്ങുന്നത് ഇടനിലക്കാരാണ്.
കൈക്കൂലി കൈമാറുന്നുവെന്ന വിവരംകിട്ടിയതിനെത്തുടര്ന്ന് സി.ബി.ഐ. സംഘം കെണിയൊരുക്കി ഇടനിലക്കാരെ പിടിച്ചു. രംഗനാഥനുവേണ്ടി വാങ്ങിയ 10 ലക്ഷം രൂപയും ഇവരില്‍നിന്ന് കണ്ടെടുത്തു.
രംഗനാഥനുവേണ്ടി കൈക്കൂലി കൈപ്പറ്റിയ എന്‍. രാമകൃഷ്ണന് നായര്‍, ബിസിനസുകാരനായ സൗരഭ് ഗുപ്ത, പാഞ്ച്കുളയിലെ ഇദ്ദേഹത്തിന്റെ കമ്പനിയായ യുണൈറ്റഡ് പോളിമര്‍ ഇന്‍ഡസ്ട്രീസ്, ആദിത്യ ബന്‍സാല്‍, കര്‍ണാലിലെ ഇദ്ദേഹത്തിന്റെ കമ്പനി ബന്‍സാല്‍ ഏജന്‍സി എന്നിവയുടെപേരിലും കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..