Image: twitter.com|_krantikaari_
ന്യൂഡല്‍ഹി: ഏറെ വിവാദമായ ബോയ്‌സ് ലോക്കര്‍ റൂ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് ചാറ്റിന്റെ അഡ്മിനെ ഡല്‍ഹി പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. തലസ്ഥാനത്തെ പ്രമുഖ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെയാണ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്നും ഇയാള്‍ക്ക് 18 വയസ് പ്രായമുണ്ടെന്നുമാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയായതിനാല്‍ വിദ്യാര്‍ഥിക്കെതിരേ തുടര്‍നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.
പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പങ്കുവെച്ച് അവരെ അധിക്ഷേപിക്കുന്ന ചാറ്റുകളായിരുന്നു ബോയ്‌സ് ലോക്കര്‍ റൂം എന്ന ഗ്രൂപ്പിലുണ്ടായിരുന്നത്. ഇന്‍സ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും സജീവമായിരുന്ന ഈ ഗ്രൂപ്പില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതടക്കം ചര്‍ച്ച ചെയ്തിരുന്നു. ഹൈസ്‌കൂള്‍, പ്ലസ് ടു വിദ്യാര്‍ഥികളടങ്ങിയ ഗ്രൂപ്പിലെ സ്‌ക്രീന്‍ഷോട്ടുകള്‍ ഒരു പെണ്‍കുട്ടി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം വ്യാപകമായതോടെ സംഭവം മാധ്യമങ്ങളിലും വാര്‍ത്തയായി. തുടര്‍ന്നാണ് ഡല്‍ഹി പോലീസ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞദിവസം പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിലൂടെ ഗ്രൂപ്പിലെ 27 അംഗങ്ങളെയും തിരിച്ചറിഞ്ഞു. 15 വിദ്യാര്‍ഥികളെ പോലീസ് ഇതുവരെ ചോദ്യംചെയ്തിട്ടുണ്ട്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
അതിനിടെ, ഗ്രൂപ്പിന്റെ വിശദാംശങ്ങള്‍ക്കായി ഡല്‍ഹി പോലീസ് ഇന്‍സ്റ്റഗ്രാമില്‍നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല ചില കോളേജ് വിദ്യാര്‍ഥികളും ഇത്തരം ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, പോലീസ് നിയമനടപടികളിലേക്ക് കടന്നതോടെ സമാനസ്വഭാവമുള്ള പല ഗ്രൂപ്പുകളും സാമൂഹികമാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെയും പ്രായം നോക്കാതെ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേ ബാലനീതി നിയമപ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു.
Content Highlights: bois locker room, boys locker room chat room; admin arrested by delhi police
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..