മഹേഷ്
മൈസൂരു: പ്രായപൂര്‍ത്തിയാകാത്ത മകനെ ദുര്‍മന്ത്രവാദത്തിനിരയാക്കി കൊലപ്പെടുത്തിയതായി രക്ഷിതാക്കളുടെ പരാതി. നഞ്ചന്‍കോട്ടെ ഹാലെപുര ഗ്രാമത്തിലാണ് സംഭവം.
ഗ്രാമനിവാസിയായ സിദ്ധരാജുവിന്റെ മകനായ 10-ാം ക്ലാസ് വിദ്യാര്‍ഥി മഹേഷ് (16) ആണ് മരിച്ചത്. തിങ്കളാഴ്ച ഗ്രാമത്തിലെ കുളത്തില്‍ മഹേഷിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അമാവാസി ദിനത്തില്‍ മനുഷ്യനെ ബലി നല്കിയാല് ഐശ്വര്യമുണ്ടാകുമെന്ന് വിശ്വസിക്കുന്ന ചില കുടുംബങ്ങള്‍ ഗ്രാമത്തിലുണ്ടെന്ന് സിദ്ധരാജു പറഞ്ഞു.
ഇത്തരത്തിലൊരു കുടുംബമാണ് മകനെ ദുര്‍മന്ത്രവാദത്തിനിരയാക്കി കൊലപ്പെടുത്തിയത്.
അമാവാസി ദിനമായ ഞായറാഴ്ച മകന് സുഹൃത്തുക്കളിലൊരാളുടെ കാര്‍ കഴുകാന്‍ സഹായിക്കാനായി കുളത്തിനു സമീപത്തേക്ക് പോയി. മറ്റൊരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. പിന്നീട് മകനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും സിദ്ധരാജു വ്യക്തമാക്കി.
അതേസമയം, മഹേഷിന്റെ സുഹൃത്തുക്കളായ മൂന്ന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നല്കുന്ന സൂചന. ഇവരിലൊരാള്‍ മുത്തച്ഛനില്‍നിന്ന് ദുര്‍മന്ത്രവാദം പഠിച്ചിരുന്നു. കളിമണ്ണുകൊണ്ട് നിര്‍മിച്ച പാവയും മറ്റു സജ്ജീകരണങ്ങളും ഒരുക്കിയശേഷം ഇവര്‍ മഹേഷിനെ കുളക്കരയിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് പാവയ്ക്കൊപ്പമിരുത്തി പൂജ നടത്തിയശേഷം മൂന്നുപേരും ചേര്‍ന്ന് മഹേഷിനെ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.
സംഭവത്തില്‍ മഹേഷിന്റെ മൂന്ന് സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ഏഴുപേര്‍ക്കെതിരേ കവലന്ഡെ പോലീസ് കേസെടുത്തു. തെളിവ് ശേഖരിക്കല്‍ പൂര്‍ത്തിയായശേഷം അറസ്റ്റുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..