സൂചന നൽകിയ ഉടൻ സ്ഫോടനം, ബോംബ് വീണത് ജിഷ്ണുവിന്റെ തലയിൽ; നീല ഡ്രസ് കോഡിലെത്തിയത് ബോംബുമായി


ബോംബ് പൊട്ടി യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂർ|മാതൃഭൂമി

തലശ്ശേരി: കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെ ബോംബെറിയാൻ കൈകൊണ്ട് ആംഗ്യം കാണിച്ചയുടൻ സ്ഫോടനം നടന്നതായി അന്വേഷണസംഘം. വീഡിയോ ദൃശ്യത്തിൽനിന്നാണിത് വ്യക്തമായതെന്ന് അന്വേഷണസംഘം തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് മുൻപാകെ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇളംനീലനിറത്തിലുള്ള ഡ്രസ്‌ കോഡിലെത്തിയവരുടെ ഇടയിൽനിന്നാണ് സ്ഫോടനം നടന്നതെന്ന് ഒരു വീഡിയോയിൽനിന്ന് വ്യക്തമായി. മറ്റൊരു വീഡിയോയിലാണ് ആംഗ്യം കാണിച്ച് മറ്റൊരാളോട് ബോംബെറിയാൻ നിർദേശിക്കുന്ന ദൃശ്യമുള്ളത്. ഒരാൾ ബോംബെറിയാൻ നിർദേശിക്കുന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതും അതുകഴിഞ്ഞ് സ്ഫോടനം നടക്കുന്നതും ഇതിലുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

kannur
Photo: Screengrab

കേസിൽ അറസ്റ്റിലായ ഏച്ചൂർ പാറക്കണ്ടി ഹൗസിൽ പി.അക്ഷയ് (24) എറിഞ്ഞ ബോംബ് കൊണ്ടാണ് ഏച്ചൂർ ബാലക്കണ്ടി ഹൗസിൽ സി.എം.ജിഷ്ണു (26) മരിച്ചതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീയുൾപ്പെടെ അഞ്ചുപേർ പോലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് പോലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കല്യാണത്തിന്റെ തലേദിവസമായ 12-ന് രാത്രി കല്യാണവീട്ടിൽ പാട്ടുവെച്ചപ്പോൾ സൗണ്ട് ബോക്സിന്റെ കണക്ഷൻ വിച്ഛേദിച്ചത് അക്ഷയ് ആണ്. ഇതേത്തുടർന്നാണ് അന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്‌തർക്കമുണ്ടായത്. സംഭവദിവസം അക്ഷയ് ഉൾപ്പെടെയുള്ളവർ നാടൻബോംബുമായാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രതിയും സുഹൃത്തുക്കളും തോട്ടടയിലുള്ളവരുമായി വീണ്ടും വാക്‌തർക്കമുണ്ടായി. അക്ഷയ് കൈയിലുണ്ടായിരുന്ന നാടൻ ബോംബ് എറിഞ്ഞപ്പോൾ മുന്നിൽ നടക്കുകയായിരുന്ന ജിഷ്ണുവിന്റെ തലയിൽവീണ് പൊട്ടിത്തെറിച്ചാണ് അപകടം.

മൃതദേഹത്തിനു സമീപമുണ്ടായിരുന്ന പൊട്ടാത്ത ബോംബ് അക്ഷയാണ് അടുത്തുള്ള കെട്ടിടത്തിന്റെ ഗേറ്റിനു സമീപം വെച്ചത്. സ്ഫോടനം നടക്കുന്നതിന് തൊട്ടുമുൻപ് ഒരാളെ തടഞ്ഞുനിർത്തി മർദിച്ചിരുന്നു. മിഥുൻ എന്നയാളെ ‘ഇവനാണെ’ന്നു പറഞ്ഞാണ് മർദിച്ചത്. അതിനുശേഷമാണ് സ്ഫോടനം നടന്നത്. തലേദിവസം നടന്ന വിവാഹപാർട്ടിയിൽ ജിഷ്ണു ഉണ്ടായിരുന്നില്ലെന്നും പോലീസിന് വിവരം ലഭിച്ചു.

തലേദിവസമുണ്ടായ വാക്‌തർക്കമാണ് സംഭവത്തിന് കാരണമായത്. കൃത്യത്തിൽ പങ്കാളികളായ മറ്റു പ്രതികളെ കണ്ടെത്തണം. പ്രതികൾക്ക് എക്സ്‌പ്ലോസീവ് ലൈസൻസ് ഉണ്ടോയെന്നറിയണം. ബന്ധപ്പെട്ട വസ്തുക്ക‌ൾ രാസപരിശോധനയ്ക്കയക്കണം. സ്ഫോടകവസ്തുവിന്റെ ഉറവിടം കണ്ടെത്തണം. അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് എടക്കാട് പോലീസ് ഇൻസ്പെക്ടർ എം.അനിൽ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അക്ഷയിനെ 28 വരെ കോടതി തലശ്ശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.

മുഖ്യപ്രതി കീഴടങ്ങി

: തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ബോംബേറിലും കൊലപാതകത്തിലും പങ്കുണ്ടെന്ന് കരുതുന്ന ചേലോറ ട്രഞ്ചിങ്‌ ഗ്രൗണ്ടിന്‌ സമീപത്തെ മാവിലക്കണ്ടി മിഥുൻ (24) പോലീസിൽ കീഴടങ്ങി. എടക്കാട് പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം കീഴടങ്ങി. സംഭവത്തിലുൾപ്പെട്ട ഏച്ചൂർ സ്വദേശി ഗോകുലും (24) അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

സംഭവത്തിൽ മിഥുനും ഗോകുലിനും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനിടെ ഏച്ചൂർ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ എടക്കാട് പോലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. സംഭവദിവസം വാഹനമോടിച്ച ആദർശാണ് വാഹനവുമായി സ്റ്റേഷനിലെത്തിയത്.

kannur bomb attack murder
പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ | Screengrab: Mathrubhumi News

രാഷ്ട്രീയവും ചർച്ചയാകണമെന്ന് ആവശ്യം

: കണ്ണൂരിൽ വിവാഹച്ചടങ്ങിനിടെ യുവാവ് മരിക്കാനിടയായ ബോംബ്‌ സ്‌ഫോടനത്തിൽ സർക്കാരിനും സി.പി.എമ്മിനുമെതിരേ വിമർശനവുമായി പ്രതിപക്ഷ സംഘടനകൾ. സംഭവത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറയുമ്പോൾ കേസിൽ ഉൾപ്പെട്ട പ്രതികളുടെയും ഇരകളുടെയും രാഷ്ട്രീയം കാണാതിരുന്നുകൂടെന്ന് കോൺഗ്രസ്, മുസ്‌ലിം ലീഗ്, ബി.ജെ.പി. കക്ഷികൾ നിലപാടെടുത്തു. രാഷ്ട്രീയമുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്നാണ് സി.പി.ഐ. പറയുന്നത്.

വധൂവരൻമാരെ ആനയിച്ചെത്തിയവർ പടക്കംപൊട്ടിച്ചുകൊണ്ടാണ് വന്നത്. തലേദിവസത്തെ തർക്കം കാരണം ചിലർ ബോംബും കരുതിയിരുന്നുവെന്നുവേണം അനുമാനിക്കാൻ. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കരുത്. ഏത്‌ പാർട്ടിയെന്ന്‌ നോക്കിയല്ല കാര്യങ്ങളെ വിലയിരുത്തേണ്ടത്. ആര് ചെയ്താലും എതിർക്കണം -സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറയുന്നു. നമ്മൾ നേരിടുന്ന ഭീകരമായ വിപത്താണ് ഇത്തരം സംഭവങ്ങളെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി പി.സന്തോഷ്‌കുമാർ പറഞ്ഞു. ജില്ല നേടിയ എല്ലാ പുരോഗമനാശയങ്ങൾക്കുമുള്ള തിരിച്ചടിയാണിത്. ഇതിനുപിന്നിൽ രാഷ്ട്രീയമുണ്ടെങ്കിൽ അതും അന്വേഷിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.

തോട്ടടയിൽ കൊല്ലപ്പെട്ടത് സജീവ സി.പി.എം. പ്രവർത്തകനാണെന്നും പോലീസ് കസ്റ്റഡിയിലുള്ളവർ സി.പി.എമ്മുകാരാണെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത് പറഞ്ഞു. സംഭവത്തിന് തലേന്ന് ചേലോറയിൽ ബോംബ് പൊട്ടിച്ച് പരിശീലനം നടത്തിയത് ഇവരാണെന്ന് പോലീസ് പറയുന്നുണ്ട്.

kannur bomb attack murder
വിവാഹസംഘത്തിനുനേരേയുണ്ടായ ബോംബേറില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹത്തിനരികില്‍ പൊട്ടാതെ ശേഷിച്ച ബോംബ് നിര്‍വീര്യമാക്കാനായി ബോംബ് സ്‌ക്വാഡ് എടുത്തുമാറ്റുന്നു | ഫോട്ടോ: മാതൃഭൂമി

ജില്ലയിൽ വിവിധ ഭാഗങ്ങളിൽ സി.പി.എം. ബോംബുണ്ടാക്കുകയും ശേഖരിക്കുകയും ചെയ്യുന്നതിന് തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽനിന്ന് സി.പി.എമ്മിന് ഒഴിഞ്ഞുമാറാനാകുമോയെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ചോദിച്ചു. ചേലോറ ട്രഞ്ചിങ്‌ ഗ്രൗണ്ടിൽ ബോംബ് പൊട്ടിച്ച് പരിശീലനം നടത്തിയെന്നുപറയുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് മേയർ അഡ്വ. ടി.ഒ.മോഹനനും ആവശ്യപ്പെട്ടു. പകൽവെളിച്ചത്തിൽ ബോംബുമായി എത്തി ആളുകളെ എറിഞ്ഞുകൊല്ലുന്ന ഭീകരത ആരുടെ സൃഷ്ടിയാണെങ്കിലും ചെറുക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽകരിം ചേലേരി പറഞ്ഞു.

മൃഗയാവിനോദങ്ങൾ തടയണം: മനുഷ്യാവകാശ കമ്മിഷൻ

: വിവാഹങ്ങളോടനുബന്ധിച്ച് നടക്കുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും കണ്ണൂർ മോഡൽ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള പദ്ധതിക്ക് സംസ്ഥാന പോലീസ് മേധാവി രൂപംനൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.

നടപടി സ്വീകരിച്ച് പോലീസ് മേധാവി നാലാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തോട്ടടയിൽ വിവാഹവീടിന് സമീപം ബോംബ് പൊട്ടി യുവാവ് മരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇത്തരം മൃഗയാ വിനോദങ്ങൾ ജീവൻ കവർന്നെടുക്കുന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്നും ഉത്തരവിൽ പറഞ്ഞു.

Content Highlights: Kannur Bomb Attack Investigation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented