പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ | Screengrab: Mathrubhumi News
കണ്ണൂര്‍: തോട്ടടയില്‍ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ്. ഏച്ചൂര്‍ സ്വദേശി അക്ഷയിനെയാണ് കണ്ണൂര്‍ താഴെചൊവ്വയിലെ പടക്കക്കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്കകടയില്‍നിന്നാണ് അക്ഷയ് ഉള്‍പ്പെടെയുള്ളവര്‍ പടക്കം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെനിന്ന് പടക്കങ്ങള്‍ വാങ്ങിയശേഷം ഇതെല്ലാം ഒരുമിച്ച് കൂട്ടിയാണ് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ നിര്‍മിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാനാണ് പ്രതിയുമായി പടക്കകടയില്‍ തെളിവെടുപ്പ് നടത്തിയത്. അറസ്റ്റിലായ അക്ഷയിനെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞദിവസമാണ് തോട്ടടയില്‍ വിവാഹപാര്‍ട്ടി വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബോംബേറുണ്ടായത്. ബോംബ് പൊട്ടി ഏച്ചൂര്‍ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടു. തല പൊട്ടിച്ചിതറിയ നിലയിലായിരുന്നു ജിഷ്ണുവിന്റെ മൃതദേഹം. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ശനിയാഴ്ച നടന്ന വിവാഹസത്കാരത്തിനിടെയുണ്ടായ തര്‍ക്കവും അതിന്റെ പകയുമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെ പാട്ട് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടടയിലെ യുവാക്കളും ഏച്ചൂരിലെ യുവാക്കളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് കൈയാങ്കളിയിലും അടിപിടിയിലുമാണ് കലാശിച്ചത്. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും ഞായറാഴ്ച ഏച്ചൂരിലെ സംഘത്തില്‍പ്പെട്ട ചിലര്‍ പ്രതികാരത്തിനായി ബോംബുമായി വരികയായിരുന്നു.
വരന്റെ വീട്ടിലേക്ക് ബാന്‍ഡ്‌മേളത്തിന്റെ അകമ്പടിയോടെ നടന്നുപോകുന്നതിനിടെയാണ് ഏച്ചൂരില്‍നിന്നുള്ള ചിലര്‍ ബോംബെറിഞ്ഞത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതോടെ രണ്ടാമതൊരു ബോംബ് കൂടി എറിയുകയായിരുന്നു. ഇത് ഇവരുടെ സംഘത്തില്‍പ്പെട്ട ജിഷ്ണുവിന്റെ ശരീരത്തില്‍ വീണ് പൊട്ടിയെന്നാണ് നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് യുവാക്കള്‍ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം, പ്രതികളിലൊരാളയ മിഥുന്‍ എന്നയാള്‍ കേരളം വിട്ടതായാണ് സൂചന. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Content Highlights: Kannur Bomb attack murder case; Police Starts collecting evidences
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..