സുബ്രഹ്മണ്യൻ.
ചെന്നൈ: ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടാൻ പോയ പോലീസ് സംഘത്തിനുനേരെയുണ്ടായ ബോംബേറിൽ കോൺസ്റ്റബിളും പ്രതിയും കൊല്ലപ്പെട്ടു.
തൂത്തുക്കുടി മണക്കരയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആഴ്വാർ തിരുനഗരി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായ സുബ്രഹ്മണ്യനാണ് മരിച്ചത്. ഭാര്യയും ആറുമാസം പ്രായമുള്ള കുഞ്ഞുമുണ്ട്. സുബ്രഹ്മണ്യന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായധനവും കുടുംബാംഗത്തിന് സർക്കാർ ജോലിയും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പ്രഖ്യാപിച്ചു.
പിടികിട്ടാപ്പുള്ളിയായ ദുരൈമുത്തുവിനെ പിടികൂടാനാണ് ശ്രീവൈകുണ്ഡം എസ്.ഐ. മുരുക പെരുമാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം പോയത്. മണക്കരയിൽ ഇയാൾ ഒളിച്ചുതാമസിക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഇത്. അവിടെ ഒറ്റപ്പെട്ട സ്ഥലത്തെ പഴയ കെട്ടിടത്തിൽ കൂട്ടാളികൾക്കൊപ്പമാണ് ദുരൈമുത്തു ഉണ്ടായിരുന്നത്. പോലീസ് സംഘത്തെ കണ്ടതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്നതോടെ ദുരൈമുത്തു പോലീസുകാർക്കുനേരെ നാടൻബോംബ് എറിയുകയായിരുന്നു.
രണ്ടു ബോംബെറിഞ്ഞതിൽ ഒന്ന് കോൺസ്റ്റബിൾ സുബ്രഹ്മണ്യന്റെ ദേഹത്താണ് പതിച്ചത്. സ്ഫോടനത്തിൽ തലയ്ക്ക് പരിക്കേറ്റ സുബ്രഹ്മണ്യൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റൊരു പോലീസുകാരനും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്കയച്ച് പോലീസ് സംഘം പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് ബോംബേറിനിടെ സാരമായി പരിക്കേറ്റ നിലയിൽ ദുരൈമുത്തുവിനെ കണ്ടെത്തിയത്.
ഇയാളെ ഉടൻ തിരുനെൽവേലിയിലുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൂത്തുക്കുടി ജില്ലാ പോലീസ് മേധാവി ജയകുമാർ സംഭവസ്ഥലം സന്ദർശിച്ചു.
Content Highlights:bomb attack against police team police officer and accused killed in tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..