ദിശ സാലിയൻ, സുശാന്ത് സിങ് രാജ്പുത്. Image: IANS
മുംബൈ: സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തയുടെ ഞെട്ടലില്‍ ബോളിവുഡ്. സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
ജൂണ്‍ എട്ടിനാണ് സുശാന്തിന്റെ മുന്‍ മാനേജറായ ദിശ സാലിയനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മലാദിലെ കെട്ടിടത്തിലെ 14-ാം നിലയില്‍നിന്ന് യുവതി ചാടുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകടമരണത്തിനാണ് പോലീസ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ സംഭവം ആത്മഹത്യയാണെന്ന സൂചന പോലീസ് നല്‍കിയിരുന്നു.
സുശാന്ത് സിങ് രാജ്പുതിന് പുറമേ വരുണ്‍ ശര്‍മ്മ, ഭാരതി സിങ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവരോടൊപ്പവും ദിശ സാലിയന്‍ പ്രവര്‍ത്തിച്ചിരുന്നു. ദിശയുടെ മരണവിവരമറിഞ്ഞ് സുശാന്ത് സാമൂഹികമാധ്യമങ്ങളില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറും മുമ്പേയാണ് സുശാന്ത് സിങ് രാജ്പുതിനെയും മുംബൈയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..