പ്രതീകാത്മക ചിത്രം | REUTERS
തൃശ്ശൂർ: പ്രമുഖ ദേശീയപാർട്ടി കേരളത്തിലെ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാനായി കർണാടകത്തിൽനിന്ന് എത്തിച്ച മൂന്നരക്കോടി രൂപ തൃശ്ശൂരിലെ നേതാക്കൾ കൃത്രിമ വാഹനാപകടം ഉണ്ടാക്കി തട്ടിയെടുത്ത സംഭവത്തിന് സമാന ആസൂത്രണം പാലക്കാട്ടും നടന്നു. പാലക്കാട് ജില്ലയിൽനിന്ന് തൃശ്ശൂരിലേക്ക് അയക്കാനായി എത്തിച്ച കണക്കിൽപ്പടാത്ത നാലു കോടി തട്ടിയെടുക്കാനായി പാലക്കാട്ടെ പാർട്ടി നേതാക്കളാണ് 'അപകടപദ്ധതി' ആസൂത്രണം ചെയ്തത്. എന്നാൽ, അപകടമുണ്ടാക്കാനായി നിയോഗിച്ച കാർ ഡ്രൈവറുടെ അശ്രദ്ധയിൽ ഇത് പാളി. അതോടെ നേതാക്കൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
പാലക്കാട്ടുനിന്ന് തൃശ്ശൂരിലേക്ക് പണം കൊണ്ടുപോകുന്നതിനിടെ ആളൊഴിഞ്ഞ വടക്കാഞ്ചേരിക്കടുത്ത് വാഹനാപകടം നടത്താനായിരുന്നു പദ്ധതി. ഇവിടെ സ്ഥിരം അപകടമേഖലയാണ്. ഇക്കാര്യം ആസൂത്രണം ചെയ്ത് അപകടമുണ്ടാക്കേണ്ട കാറിന്റെ ഡ്രൈവർക്ക് നേതാക്കൾ നിർദേശവും നൽകി. എന്നാൽ, സ്ഥലം എവിടെയാണെന്ന് മനസ്സിലാകാത്ത ഡ്രൈവർ ഇതുസംബന്ധിച്ച് അയച്ച മറുചോദ്യം മറ്റൊരാൾക്ക് മാറിപ്പോയതോടെ പോലീസ് സംഭവം മണത്ത് ജാഗരൂകരായി.
അപകടം എവിടെവെച്ചാണ് ഉണ്ടാക്കേണ്ടത് എന്ന സന്ദേശമാണ് കാർ ഡ്രൈവർ മാറി അയച്ചുപോയത്. സന്ദേശം കിട്ടിയയാൾ പോലീസിൽ അറിയിച്ചു. സന്ദേശം അയച്ചത് മാറിപ്പോയിട്ടുണ്ടെന്ന് കാർ ഡ്രൈവർതന്നെയാണ് പാർട്ടി നേതാക്കളെ അറിയിച്ചതും. അതോടെ നോതാക്കൾ ജാഗ്രത പുലർത്തി. പോലീസാകട്ടെ കാർ ഡ്രൈവറുടെ ഫോൺ സിഗ്നലുകൾ പിന്തുടരുകയും ചെയ്തു. ഇതുസംബന്ധിച്ച് പാലക്കാട് പോലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്.
തൃശ്ശൂരിലെ കേസ് അട്ടിമറിക്കാനും ഒതുക്കിത്തീർക്കാനുമായി, വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥനും രംഗത്തെത്തി. വർഷങ്ങൾക്കു മുമ്പേ ഇദ്ദേഹം ദേശീയ പാർട്ടിയിൽ അംഗമായിട്ടുണ്ട്. സംഭവത്തിൽ കാർ ഡ്രൈവർമാരെ പ്രതിയാക്കി കേസ് തണുപ്പിക്കാനാണ് നീക്കം.
എന്നാൽ, ദേശീയ പാർട്ടിയെ നിയന്ത്രിക്കുന്ന സംഘടന പ്രശ്നം കാര്യമായി പരിഗണിക്കുന്നുണ്ട്. ക്രിമിനൽ സ്വഭാവമുള്ളവരെ പാർട്ടിയിൽനിന്ന് മാറ്റുകയെന്നതാണ് സംഘടനയുടെ നയം.
Content Highlights:blackmoney for assembly election leaders of a national party planned to loot money through accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..