ഭാസ്കരൻ
കോയമ്പത്തൂര്‍: പ്രധാനമന്ത്രിയുടെ ചിത്രം ടൗണ്‍ പഞ്ചായത്തോഫീസില്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി. നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. ബി.ജെ.പി. അസംഘടിത തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി എം. ഭാസ്കറിനെയാണ് ഞായറാഴ്ചരാത്രി പോലീസ് അറസ്റ്റുചെയ്തത്. കണ്ടാലറിയാവുന്ന പത്തോളം ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.
കോയമ്പത്തൂര്‍ ജില്ലയിലെ പൂളുവപ്പട്ടി ടൗണ്‍ പഞ്ചായത്തോഫീസില്‍ ശനിയാഴ്ചയാണ് സംഭവം.
എക്സിക്യുട്ടീവ് ഓഫീസറുടെ മുറിക്കുമുന്നിലായിരുന്നു പ്രധാനമന്ത്രിയുടെ ചിത്രം ആണിയടിച്ച് സ്ഥാപിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ചിത്രം സ്ഥാപിച്ചതില്‍ ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് അറിയിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല.
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ ചിത്രം ഉള്ളപ്പോള്‍ പ്രധാനമന്ത്രിയുടെ ചിത്രം വെച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചാണ് ചിത്രം സ്ഥാപിച്ചത്.
പലതവണയായി പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിക്കാന്‍ പറഞ്ഞെങ്കിലും ഡി.എം.കെ. സര്‍ക്കാര്‍ ഭരിക്കുന്ന ടൗണ്‍ പഞ്ചായത്ത് അധികൃതര്‍ സമ്മതിക്കുന്നില്ലെന്നും എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം സ്ഥാപിക്കുമെന്നും ബി.ജെ.പി. നേതാവ് ഭാസ്കരന് പറഞ്ഞു.
അനുമതിയില്ലാതെ ഓഫീസില്‍ കയറിയതിനും മുദ്രാവാക്യം വിളിച്ചതിനും ടൗണ്‍ പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസറുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..