പ്രതീകാത്മകചിത്രം| Photo: Mathrubhumi Library
ചെന്നൈ: ബിരിയാണിതീര്ന്ന ദേഷ്യത്തില്‍ ഹോട്ടലിനുനേരേ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തിന് ശേഷം ഒളിവില്‍പ്പോയ സതീഷ് (20), വേലന്‍ (20), തിരുപ്പതി (21), ക്രിസ്റ്റഫര്‍ (20), പഴനി (20), ഭരത് രാജ് (21) എന്നിവരാണ് പിടിയിലായത്. എല്ലാവരും തിരുമഴിസൈ സ്വദേശികളാണ്. മറ്റു മൂന്നുപേര്‍ക്കായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
തിരുവള്ളൂര്‍ ജില്ലയിലെ തിരുമഴിസൈയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. തിരുവള്ളൂര്‍ ഹൈവേയരികില് അരുണാചലപാണ്ടി (40) യുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് അക്രമം നടന്നത്. ഉച്ചകഴിഞ്ഞെത്തിയ ആറംഗസംഘം ബിരിയാണി ആവശ്യപ്പെട്ടു. അപ്പോഴേക്കും ബിരിയാണി തീര്‍ന്നതിനാല്‍ ഹോട്ടല്‍ജീവനക്കാര്‍ അക്കാര്യമറിയിച്ചു. ദേഷ്യത്തിലായ സംഘം ഹോട്ടലുകാരുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് അവിടെനിന്ന് പോയ സംഘം ആയുധങ്ങളുമായി തിരിച്ചെത്തിയാണ് ആക്രമണം നടത്തിയത്.
ആദ്യ സംഘത്തിലുള്ളവരുള്‍പ്പെടെ മൊത്തം എട്ടുപേര്‍ നാലുബൈക്കുകളിലായാണെത്തിയത്. കത്തിയും ഇരുമ്പുകമ്പികളുമുപയോഗിച്ച് ഹോട്ടലിന് നാശനഷ്ടം വരുത്തിയതിനൊപ്പം പെട്രോള്‍ ബോംബുമെറിഞ്ഞു. ഹോട്ടലിനടുത്തുള്ള ഉടമയുടെ വീടിനുനേരെയും ആക്രമണമുണ്ടായി.
അരുണാചലപാണ്ടിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഒളിവില്‍പ്പോയ പ്രതികളെ തേടിവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുമഴിസൈയിലും കുണ്ട്രത്തൂരിലുമായി ഒളിവില്‍ കഴിഞ്ഞവരാണ് അറസ്റ്റിലായത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..