അമർജിത്ത്, ഫിറോസ് ഖാൻ
കൊച്ചി: ന്യൂജന്‍ അതിവേഗ ബൈക്കുകള്‍ മോഷ്ടിച്ച കേസിലെ പ്രതികള്‍ വാരാന്ത്യ ലോക്ഡൗണിലെ വാഹന പരിശോധനയില്‍ കുടുങ്ങി. ഇവര്‍ക്കായി പോലീസ് ദിവസങ്ങളായി തിരച്ചില്‍ നടത്തി നിരാശരായിരിക്കുമ്പോഴാണ് പ്രതികള്‍ മോഷ്ടിച്ച ബൈക്കുകളില്‍ തന്നെ പോലീസിനു മുന്നില്‍ പെട്ടത്. ഞായറാഴ്ച രാവിലെ 8.30-ന് എം.ജി. റോഡില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് രണ്ട് യുവാക്കള്‍ ബൈക്കുകളില്‍ ചീറിപ്പാഞ്ഞ് എത്തുന്നത്.
സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ കൈ കാണിച്ചെങ്കിലും, ഇവര്‍ വെട്ടിച്ചു കടന്നു. നഗരത്തിലെ വഴി പരിചയമില്ലാത്ത പ്രതികള്‍ നേരേ പോയത് മംഗളവനത്തിലേക്കാണ്. പോലീസ് ജീപ്പില്‍ പിന്നാലെ പിടിച്ചു. മംഗളവനത്തിനു സമീപത്ത് റോഡ് അവസാനിച്ചതോടെ ഇരുവരും ബൈക്ക് ഉപേക്ഷിച്ചു. ഒരാള്‍ മംഗളവനത്തിനകത്തേക്ക് മതില് ചാടിക്കയറി. എന്നാല്‍ കൂട്ടുകാരന് മതില് ചാടും മുമ്പേ പോലീസിന്റെ പിടിവീണു.
മംഗളവനത്തിനകത്തേക്ക് പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാള്‍ കയറി നോക്കിയെങ്കിലം ചെളിയും ഇഴജന്തുക്കളുടെ ശല്യവും മറ്റും കൊണ്ട് അകത്ത് തിരച്ചിലിന് മുതിര്‍ന്നില്ല. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതോടെ ഇവര്‍ ആലുവയിലെ കെ.ടി.എം. ഷോറൂമില്‍നിന്ന് ബൈക്ക് മോഷ്ടിച്ചവരാണെന്ന് തിരിച്ചറിഞ്ഞു.
കോഴിക്കോട് ചാത്തമംഗലം പാറമേല്‍ അമര്‍ജിത്ത് (19) ആയിരുന്നു പിടിയിലായത്. ഇതോടെ സെന്‍ട്രല്‍ എ.സി.പി. കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസെത്തി സമീപത്തെ ഉയര്‍ന്ന കെട്ടിടത്തിനു മുകളില്‍നിന്ന് ഒളിച്ച പ്രതിയുടെ സ്ഥാനം നിരീക്ഷിച്ചു.
തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കാടിനകത്തു കയറി തിരഞ്ഞെങ്കിലും പിടിക്കാനായില്ല. ഇതിനിടെ പ്രതി മംഗള വനത്തില്‍നിന്ന് ഭാരത് പെട്രോളിയത്തിന്റെ കെട്ടിടത്തിലേക്ക് കയറി. കൂടുതല്‍ പോലീസ് ഇവിടെ എത്തിയതോടെ ഇയാള്‍ തൊട്ടടുത്തുള്ള കാട്ടുപ്രദേശത്ത് ഒളിച്ചു. കാട് വളഞ്ഞ് പോലീസ് തിരച്ചില്‍ തുടര്‍ന്നു.
ഇതിനിടെ ചാത്യാത്ത് ഭാഗത്തേക്ക് കടക്കുന്നതിനായി സമീപത്ത് വേലിയായി കെട്ടിയിരുന്ന ഷീറ്റിനകത്തൂടെ പ്രതി തല നീട്ടുന്നത് പോലീസ് കണ്ടു. പോലീസിനെ കണ്ടതോടെ ഇയാള്‍ വീണ്ടും അകത്തേക്ക് വലിഞ്ഞു. തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ ഇവിടെ തിരച്ചിലിനെത്തി.
അര മണിക്കൂറോളം നടത്തിയ തിരച്ചിലില്‍ ഉപേക്ഷിക്കപ്പെട്ട ഒരു പെട്ടിക്കുള്ളില്‍ ഒളിച്ചിരുന്ന രണ്ടാമത്തെ പ്രതിയെയും പൊക്കി. കൊല്ലം മണ്ണാണികുളം സനോഫര്‍ മന്‍സിലില്‍ ഫിറോസ് ഖാന് (19) ആണ് പിടിയിലായത്.
എണ്ണിയാല്‍ തീരാത്ത കേസുകള്‍
കൊല്ലം ഈസ്റ്റ്, പരവൂര്‍, ആലപ്പുഴ പുന്നപ്ര, തൃശ്ശൂര്‍, ആലുവ എന്നീ സ്റ്റേഷനുകളില്‍ ബൈക്ക് മോഷ്ടിച്ചതിനും പണവും ലാപ്ടോപ്പും മോഷ്ടിച്ചതിനും പ്രതികള്‍ക്കെതിരേ കേസുകളുണ്ട്. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് കട കുത്തി തുറന്ന് മൊബൈല്‍ ഫോണും ടാറ്റൂ മെഷീനും പാലാരിവട്ടം ഭാഗത്തുനിന്ന് കട കുത്തിത്തുറന്ന് ഹെല്‍മെറ്റും കണ്ണടകളും മോഷ്ടിച്ചിട്ടുണ്ട് എന്ന് പ്രതികള്‍ സമ്മതിച്ചു.
Content Highlights: bike theft case accused arrested in kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..