Photo: ANI
പട്ന: പോക്സോ കേസിൽ അതിവേഗം വിചാരണ നടത്തി പ്രതിയെ ശിക്ഷിച്ച് ബിഹാറിലെ കോടതി. അരാറിയയിലെ പ്രത്യേക പോക്സോ കോടതിയിലെ സ്പെഷ്യൽ ജഡ്ജി ശശികാന്ത് റായിയാണ് കുറ്റപത്രം സമർപ്പിച്ച് 15 ദിവസത്തിനുള്ളിൽ പോക്സോ കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചത്.
ആറുവയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മുഹമ്മദ് മേജർ(48) എന്നയാൾക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനുപുറമേ പതിനായിരം രൂപ പിഴയും പ്രതി അടയ്ക്കണം. ഇരയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. പോക്സോ നിയമപ്രകാരം ഡി.എൽ.എസ്.എ. സെക്രട്ടറിയോടാണ് പണം നൽകാൻ നിർദേശിച്ചിരിക്കുന്നത്.
ബർഗാമ പോലീസ് സ്റ്റേഷൻ പരിധിയിലെ വീർനഗർ സ്വദേശിയായ മുഹമ്മദ് ആറുവയസ്സുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2021 ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പരാതി ലഭിച്ചതോടെ പോലീസ് മുഹമ്മദിനെതിരേ കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥയായ റിത കുമാരി ജനുവരി 12-ാം തീയതി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് കോടതി അതിവേഗം വിചാരണ ആരംഭിച്ചത്. ജനുവരി 20-ാം തീയതി കേസ് പരിഗണിച്ച കോടതി 22-ാം തീയതി പ്രതിക്കെതിരേയുള്ള കുറ്റങ്ങൾ ചുമത്തി. തുടർന്ന് 25-ാം തീയതി പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജനുവരി 27-ന് വധശിക്ഷ വിധിക്കുകയുമായിരുന്നു.
പ്രത്യേക പോക്സോ കോടതിയുടെ ശിക്ഷാവിധിയെ ചരിത്രപരമായ വിധിയെന്നാണ് ഇരയുടെ അഭിഭാഷകനായ എൽ.പി.നായക് വിശേഷിപ്പിച്ചത്. കുറ്റകൃത്യം നടന്ന് 56 ദിവസത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചതെന്നും കഴിഞ്ഞവർഷം ഡിസംബർ രണ്ടാം തീയതിയാണ് കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും അരാറിയ പോലീസ് സൂപ്രണ്ട് അശോക് കുമാർ സിങ്ങും പ്രതികരിച്ചു. ജനുവരി 25-ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി, ജനുവരി 27-ന് പ്രതിക്ക് വധശിക്ഷയും വിധിച്ചു. ഇരയ്ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:bihar court delivers verdict in pocso case with in 15 days
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..