കൊല്ലപ്പെട്ട വൈശാഖ്, അറസ്റ്റിലായ അനൂപ് | ഫോട്ടോ: മാതൃഭൂമി
താനൂർ(മലപ്പുറം): താനൂരിൽ യുവാവിനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ബേപ്പൂർ സ്വദേശി വൈശാഖി(27)നെ കൊലപ്പെടുത്തിയ കേസിലാണ് സുഹൃത്തും പാലക്കാട് കുമരംപുത്തൂർ സ്വദേശിയുമായ ദിനൂപി(അനൂപ്-30)നെ താനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യംചെയ്ത ശേഷം നിരീക്ഷിച്ചു വരികയായിരുന്നു. ഒക്ടോബർ ഒന്നാം തീയതിയാണ് താനൂരിലെ പി.വി.എസ്. തിയേറ്ററിന് സമീപത്തെ കുളത്തിൽ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സെപ്റ്റംബർ 30-ന് രാത്രി പത്ത് മണിയോടെയാണ് അനൂപ് വൈശാഖിനെ ക്രൂരമായി മർദിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. 13 വർഷമായി അനൂപ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഒരു വർഷം മുൻപ് എത്തിയ വൈശാഖ് സ്വീകാര്യനാകുന്നതും അനൂപ് മദ്യപിക്കുന്ന കാര്യം വൈശാഖ് സ്ഥാപന ഉടമയെ അറിയിച്ചതുമായിരുന്നു കൊലപാതകത്തിന് കാരണം.
കൊലപാതകത്തിന് ശേഷം മുങ്ങിമരണമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം പി.വി.എസ്. തിയേറ്ററിന് സമീപത്തെ കുളത്തിൽ തള്ളുകയായിരുന്നു. തെളിവ് നശിപ്പിക്കാനായി മൊബൈൽ ഫോൺ മറ്റൊരു സ്ഥലത്ത് വെച്ചിരുന്നു. വൈശാഖിനെ കാണാനില്ലെന്ന പരാതി പോലീസിലറിയിച്ചതും ഇയാളായിരുന്നു. ബേപ്പൂരിലെ വസതിയിൽ നടന്ന വൈശാഖിന്റെ മരണാനന്തര ചടങ്ങിലും അനൂപ് പങ്കെടുത്തിരുന്നു.
പ്രതിയുടെ ദേഹത്തുണ്ടായ പരിക്കുകളും മൊഴികളിലെ വൈരുധ്യങ്ങളുമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മരണത്തിൽ ദുരൂഹതയില്ലെന്ന് ഇയാൾ ഉറപ്പിച്ചു പറഞ്ഞതും വൈശാഖ് അമിതമായി മദ്യപിച്ചെന്നു പറഞ്ഞതും കാണാതായപ്പോൾ വൈശാഖ് കുളത്തിലുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചതും അന്വേഷണത്തിൽ നിർണായകമായി.
ജില്ലാ പോലീസ് മേധാവി യു. അബ്ദുൽ കരീം, തിരൂർ ഡി.വൈ.എസ്.പി. കെ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ താനൂർ സി.ഐ. പി. പ്രമോദ്, എസ്.ഐ. വാരിജാക്ഷൻ, രാജു, എ.എസ്.ഐ. നവീൻ, പ്രതീഷ്, സി.പി.ഒ സലേഷ്, സബറുദ്ധീൻ എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
Content Highlights:beypore native vyshak killed in tanur malappuram his friend arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..