പ്രതീകാത്മക ചിത്രം | PTI
ബെംഗളൂരു: അശ്ലീല വെബ്സൈറ്റുകളില്‍ തന്റെ സ്വകാര്യ വീഡിയോ പ്രചരിക്കുന്നതായി യുവാവിന്റെ പരാതി. ബെംഗളൂരു ഓസ്റ്റിന്‍ ടൗണ്‍ സ്വദേശിയായ 25-കാരനാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. യുവാവിന്റെ പരാതിയില്‍ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും സെന്‍ട്രല്‍ സിഇഎന്‍(സൈബര്‍, ഇക്കണോമിക്, നാര്‍കോട്ടിക്സ്) ക്രൈം പോലീസ് അറിയിച്ചു.
ബി.പി.ഒ. ജീവനക്കാരനായ യുവാവിന്റെ പെണ്സുഹൃത്തിനോടൊപ്പമുള്ള വീഡിയോയാണ് വിവിധ അശ്ലീല വെബ്സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് യുവാവും പെണ്‍സുഹൃത്തും ബെംഗളൂരുവിലെ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇവിടെ നിന്നുള്ള ദൃശ്യങ്ങളാണ് വെബ്സൈറ്റുകളില്‍ പ്രചരിക്കുന്നതെന്നാണ് യുവാവിന്റെ പരാതി.
ജനുവരി 21-നാണ് ഒരു വെബ്സൈറ്റില്‍ തന്റെ വീഡിയോ പ്രചരിക്കുന്ന കാര്യം യുവാവിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ മറ്റു ചില അശ്ലീല വെബ്സൈറ്റുകളിലും സമാന വീഡിയോ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
അതേസമയം, വീഡിയോയിലുള്ള രണ്ടുപേരുടെയും മുഖം അവ്യക്തമായ നിലയിലാണെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ശരീരത്തിലെ ചില അടയാളങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് താന്‍ തന്നെയാണെന്നാണ് പരാതിക്കാരന് അവകാശപ്പെടുന്നത്. മാത്രമല്ല, വീഡിയോ രഹസ്യമായി ചിത്രീകരിച്ചതല്ലെന്നാണ് നിഗമനമെന്നും പോലീസ് പറഞ്ഞു. പല ആംഗിളുകളില്‍ നിന്നായി ചിത്രീകരിച്ച വീഡിയോയാണ് വെബ്സൈറ്റിലുള്ളത്. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.
Content Highlights: bengaluru youth given complaint for uploading his private video on porn websites
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..