ഇ.എസ്.ഐ ആശുപത്രി. ഇൻസെറ്റിൽ മരിച്ച ദുർഗ, മുനിരാജു | Screengrab: Mathrubhumi News
ബെംഗളൂരു: കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങള്‍ ഒരുവര്‍ഷത്തിലേറെയായി മോര്‍ച്ചറിയില്‍. ബെംഗളൂരു രാജാജി നഗര്‍ ഇ.എസ്.ഐ. ആശുപത്രിയിലാണ് സംഭവം. 2020 ജൂലായില്‍ കോവിഡ് ബാധിച്ച് മരിച്ച ദുര്‍ഗ, മുനിരാജു എന്നിവരുടെ മൃതദേഹങ്ങളാണ് 15 മാസത്തിന് ശേഷം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിത്തുടങ്ങി ദുര്‍ഗന്ധം വമിക്കുന്നനിലയിലായിരുന്നു.
കഴിഞ്ഞവര്‍ഷം ജൂലായിലാണ് ദുര്‍ഗയെയും മുനിരാജുവിനെയും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇരുവരും രോഗം മൂര്‍ച്ഛിച്ച് മരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് അന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നില്ല. നഗരസഭയുടെ നേതൃത്വത്തിലാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നത്. ഇതിനായി രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇതിനിടെ മരണസംഖ്യ ഉയര്‍ന്നതോടെ മൃതദേഹം സംസ്‌കരിക്കുന്നതിലും കാലതാമസമുണ്ടായി. ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം കൂടിയതോടെ മോര്‍ച്ചറി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ ദുര്‍ഗയുടെയും മുനിരാജുവിന്റെയും മൃതദേഹങ്ങള്‍ പഴയ മോര്‍ച്ചറി കെട്ടിടത്തില്‍നിന്ന് മാറ്റാന്‍ മറന്നുപോവുകയായിരുന്നു.
കഴിഞ്ഞദിവസം പഴയ മോര്‍ച്ചറിയില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ ശുചീകരണ തൊഴിലാളി പരിശോധിച്ചപ്പോളാണ് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഴുകിയ മൃതദേഹങ്ങള്‍ ദുര്‍ഗ, മുനിരാജു എന്നിവരുടേതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.
സംഭവത്തില്‍ രാജാജി നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുര്‍ഗയും മുനിരാജുവും വ്യത്യസ്ത കുടുംബങ്ങളില്‍പ്പെട്ടവരാണെന്നാണ് പോലീസ് പറയുന്നത്. ദുര്‍ഗ മരിച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ഭര്‍ത്താവും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ക്ക് മറ്റു ബന്ധുക്കളാരും ഇല്ലെന്നാണ് പ്രാഥമിക വിവരം. മുനിരാജുവിന്റെ ബന്ധുക്കളെ കണ്ടെത്താനും അന്വേഷണം പുരോഗമിക്കുകയാണ്.
ബന്ധുക്കളെ കണ്ടെത്തുകയാണെങ്കില്‍ മൃതദേഹം അവര്‍ക്ക് വിട്ടുനല്‍കും. അല്ലെങ്കില്‍ നഗരസഭയുടെ നേതൃത്വത്തില്‍ സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആരോഗ്യവകുപ്പും അറിയിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Content Highlights: bengaluru shocking two dead bodies in mortuary found after 15 months
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..