ലഹരിമരുന്നുകളുമായി പിടിയിലായ പ്രതികളിലൊരാളുടെ ഫ്‌ളാറ്റിൽ ഹൈഡ്രോ കഞ്ചാവ് ചെടികൾ വളർത്തിയ നിലയിൽ
ബെംഗളൂരു: ബെംഗളൂരുവില്‍ ഒരുകോടി രൂപയുടെ ലഹരിമരുന്നുകളുമായി രണ്ട് ഇറാന്‍ പൗരന്‍മാരുള്‍പ്പെടെ നാലുപേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.) പിടികൂടി. ഇവരില്‍നിന്ന് കഞ്ചാവും എല്‍.എസ്.ഡി. സ്ട്രിപ്പുകളും പിടിച്ചെടുത്തു.
ഇറാന്‍ സ്വദേശികളായ ജാവദ് റൊസ്താംപൗര്‍ ഘോത്ബ് അല്‍ദിന്‍ (34), മുഹമ്മദി ബാരോഘ് (35), ബെംഗളൂരു ഹെഗ്ഡെനഗര്‍ സ്വദേശി മുഹമ്മദ് മുഹസിന്‍ ഉസ് സമന്‍ (31), ഫ്രേസര്‍ ടൗണ്‍ സ്വദേശി മുഹസിന്‍ ഖാന്‍ (30) എന്നിവരാണ് അറസ്റ്റിലായത്.
ആര്‍.ടി. നഗറിനുസമീപം കാവേരിനഗറില്‍ ചിലര്‍ ലഹരിമരുന്ന് വില്‍ക്കാന്‍ ശ്രമിക്കുന്നതായി പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. ദീപക്കിന് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘമെത്തി നാലുപേരെയും പിടികൂടുകയായിരുന്നു.
ലഹരിമരുന്നുകളുമായി കാറില്‍ ഉപഭോക്താക്കളെ കാത്തിരിക്കുകയായിരുന്നു നാലുപേരും. ബിഡദിയിലെ ഈഗിള്‍ടണ്‍ ഗോള്‍ഫ് വില്ലേജില്‍ താമസിക്കുന്ന ജാവദ് തന്റെ ഫ്‌ളാറ്റിലായിരുന്നു കഞ്ചാവ് വളര്‍ത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഘത്തില്‍ ഉള്‍പ്പെട്ട പ്രതീക് ജെയിന്‍, ജിതേന്ദ്ര ജെയിന്‍ എന്നിവര്‍ ഒളിവിലാണ്. ഡാര്‍ക്ക്വെബ് വഴിയാണ് ജാവദ് ഹൈഡ്രോ കഞ്ചാവ് വിത്തുകള്‍ വരുത്തിച്ചിരുന്നത്. തുടര്‍ന്ന് വാടകയ്‌ക്കെടുത്ത ഫ്‌ളാറ്റില്‍ കൃത്രിമ പ്രകാശ സംവിധാനമുപയോഗിച്ച് വളര്‍ത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്കും ഐ.ടി. ജീവനക്കാര്‍ക്കും വ്യവസായികള്‍ക്കുമായിരുന്നു പ്രതികള്‍ ലഹരിമരുന്നുകള്‍ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..