Photo:facebook.com|vivekoberoi
ബെംഗളൂരു: സിനിമാതാരങ്ങൾ ഉൾപ്പെട്ട ലഹരിമരുന്നുകേസിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്ക ആൽവയ്ക്ക് സെൻട്രൽ ക്രൈംബ്രാഞ്ച് സമൻസ് അയച്ചു. വിവേക് ഒബ്റോയിയുടെ മുംബൈയിലെ വീട്ടിൽ റെയ്‌ഡ് നടത്തിയതിനുപിന്നാലെയാണ് ചോദ്യംചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് അയച്ചത്.
ബെംഗളൂരു ലഹരിമരുന്നുകേസിൽ നാലാം പ്രതിയായ, മുൻമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്കെതിരേ ക്രൈംബ്രാഞ്ച് തിരച്ചിൽ നോട്ടീസ് ഇറക്കിയിരുന്നു. ആദിത്യ ആൽവയുടെ സഹോദരിയാണ് പ്രിയങ്ക ആൽവ. ആദിത്യയെക്കുറിച്ചറിയാനാണ് പ്രിയങ്കയെ വിളിച്ചുവരുത്തുന്നത്. റെയ്‌ഡിനെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിവേക് ഒബ്റോയിയിൽനിന്ന് വിവരങ്ങൾ തേടിയിരുന്നു. പ്രിയങ്ക ആൽവ ഫോണിലെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന് നൽകാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് സമൻസ് അയച്ചതെന്നാണ് വിവരം.
ആദിത്യ ആൽവയുടെ ബെംഗളൂരുവിലെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്‌ഡ് നടത്തിയിരുന്നു. ആദിത്യ ആൽവയുടെ വീട്ടിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ലഹരിപ്പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. ഇത്തരം പാർട്ടികളിൽ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള ഉന്നതരാണ് പങ്കെടുത്തിരുന്നത്. കേസിൽ അറസ്റ്റിലായ ബിനിനസുകാരനും നിർമാതാവുമായ വിരൺ ഖന്ന, ആദിത്യ അഗർവാൾ, നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കർ എന്നിവരുമായി ആദിത്യ ആൽവയ്ക്ക് അടുത്ത ബന്ധമുണ്ട്.
ആഫ്രിക്കക്കാരായ ലോം പെപ്പർ സാംബ, ബനാൾഡ് ഉഡന്ന എന്നിവരാണ് വിദേശത്തുനിന്ന് ലഹരിമരുന്നെത്തിച്ചത്. നടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി അടക്കം 16 പേരാണ് കേസിൽ അറസ്റ്റിലായത്. ഇവർ പരപ്പന അഗ്രഹാര ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ലഹരിമരുന്നുകേസിൽ അധോലോക കുറ്റവാളികൾക്കും ഗുണ്ടാസംഘങ്ങൾക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകൻ റിക്കി റായിയുടെ വീട്ടിലും ക്രൈംബ്രാഞ്ച് റെയ്‌ഡ് നടത്തിയിരുന്നു. മയക്കുമരുന്നുകേസുമായി ബന്ധമുള്ളവരുടെ ഹവാല ബന്ധങ്ങളെ അധികരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തിട്ടുണ്ട്. കന്നഡ സീരിയൽ നടി അനിഘ, മലയാളികളായ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ എന്നിവരെ ഓഗസ്റ്റ് 21-ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റുചെയ്തതോടെയാണ് സിനിമാതാരങ്ങളിലേക്കും രാഷ്ട്രീയനേതാക്കളുടെ ബന്ധുക്കളിലേക്കും അന്വേഷണം നീണ്ടത്.
Content Highlights:bengaluru drug case summons to vivek oberoi wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..