ബിനീഷ് കോടിയേരി ഇ.ഡി. ഓഫീസിലേക്ക് വരുന്നു | Screengrab: Mathrubhumi News
ബെംഗളൂരു: ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യംചെയ്യുന്നു. ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ രാവിലെ 11 മണിയോടെയാണ് ചോദ്യംചെയ്യൽ ആരംഭിച്ചത്. രാവിലെ 10.45-ന് ഇ.ഡി. ഓഫീസിലെത്തിയ ബിനീഷ് കോടിയേരിയെ പിന്നീട് അസി. ഡയറക്ടർ സോമശേഖരയുടെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവെച്ചാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.
ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന് ലഭിച്ച പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി. പ്രധാനമായും അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അനൂപിന്റെ അക്കൗണ്ടിലേക്ക് 30 ലക്ഷത്തോളം രൂപ വന്നിട്ടുണ്ടെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. 20 ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് ഈ പണം വന്നിട്ടുള്ളത്. ഇതിന്റെ ഉറവിടത്തെക്കുറിച്ചാണ് ഇ.ഡി.യുടെ അന്വേഷണം. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ലഭിച്ച പണം അനൂപ് ലഹരിമരുന്ന് വിൽപനയ്ക്ക് ഉപയോഗിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
അനൂപ് മുഹമ്മദിന്റെ മൊഴികളെത്തുടർന്നാണ് ബെംഗളൂരു ലഹരിമരുന്ന് കേസിന്റെ അന്വേഷണം ബിനീഷിലേക്കും എത്തിയത്. സുഹൃത്തായ ബിനീഷ് കോടിയേരി തനിക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്ന് അനൂപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അനൂപിന് പണം കടമായി നൽകിയിട്ടുണ്ടെന്ന് ബിനീഷും സമ്മതിച്ചിരുന്നു. ഇതിനിടെയാണ് അനൂപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച പരപ്പന അഗ്രഹാര ജയിലിലെത്തി ഇ.ഡി. ഉദ്യോഗസ്ഥർ അനൂപിനെ വിശദമായി ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയത്.
Content Highlights:bengaluru drug case ed interrogating bineesh kodiyeri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..