ബാബു
ബെംഗളൂരു: കോവിഡ് രോഗികൾക്ക് ആശുപത്രിയിൽ കിടക്കകൾ അനുവദിക്കുന്നത് സംബന്ധിച്ച അഴിമതിയിൽ ബി.ജെ.പി. എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി എം.എൽ.എ. സതീഷ് റെഡ്ഡിയുടെ സ്റ്റാഫംഗവും രൂപേന അഗ്രഹാര സ്വദേശിയുമായ ബാബു (34) അറസ്റ്റിലായത്.
ക്രമക്കേടുകളുടെ മുഖ്യകണ്ണി ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തേജസ്വി സൂര്യ എം.പിക്കൊപ്പം കോർപ്പറേഷന്റെ കീഴിലെ കോവിഡ് വാർറൂമിലെത്തി പരിശോധന നടത്താനും അഴിമതി ആരോപണമുന്നയിക്കാനും സതീഷ് റെഡ്ഡി എം.എൽ.എയാണ് മുൻനിരയിൽ ഉണ്ടായിരുന്നത്.
ഈ മാസം നാലിനാണ് തേജസ്വി സൂര്യ എം.പി. കോവിഡ് കിടക്കകൾ അനുവദിക്കുന്നതിൽ വൻ അഴിമതി നടക്കുന്നതായി ആരോപണമുന്നയിച്ചത്. കോർപ്പറേഷൻ ഉദ്യോഗസ്ഥരും വാർറൂമുകളിലെ ജീവനക്കാരുമാണ് അഴിമതിക്ക് നേതൃത്വം നൽകുന്നതെന്നും ഇക്കാര്യം തന്റെ ഓഫീസിന്റെ അന്വേഷണത്തിൽ വ്യക്തമായാതായും തേജസ്വി സൂര്യ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
തുടർന്ന് കോവിഡ് വാർ റൂം സന്ദർശിച്ച തേജസ്വി സൂര്യയും സംഘവും ജീവനക്കാരിലെ 17 മുസ്ലിം പേരുകൾ തിരഞ്ഞുപിടിച്ച് പരസ്യമായി വായിക്കുകയും വർഗീയ പരാമർശം നടത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. തേജസ്വി സൂര്യയ്ക്കും സതീഷ് റെഡ്ഡിക്കുമൊപ്പം എം.എൽ.എമാരായ രവി സുബ്രഹ്മണ്യ, ഉദയ് ഗരുഡാചാർ എന്നിവരുമുണ്ടായിരുന്നു.
കിടക്കകൾ അനുവദിക്കുന്നതിലെ ക്രമക്കേടുകൾ അന്വേഷിച്ച സെൻട്രൽ ക്രൈംബ്രാഞ്ച് നേരത്തേ നേത്രാവതി, രോഹിത്, വെങ്കട് സുബ്ബറാവു, മഞ്ജുനാഥ്, പുനീത് എന്നീ പ്രതികളെ അറസ്റ്റ് ചെയതിരുന്നു. കാര്യമായ ലക്ഷണമില്ലാത്ത രോഗികളുടെ പേരിൽ ആശുപത്രികളിൽ കിടക്ക ബുക്ക്ചെയ്തതിന് ശേഷം വൻതുക ഈടാക്കി മറ്റേതെങ്കിലും രോഗിക്ക് കിടക്ക നൽകുകയായിരുന്നു സംഘത്തിന്റെ രീതി. ഇതിന്റെ മുഖ്യസൂത്രധാരൻ ബാബുവാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇയാൾ ഒട്ടേറെത്തവണ വാർറൂമുകളിൽ എത്തിയതായുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാൾക്കുപിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.
അതേസമയം തങ്ങളുടെ പങ്ക് മറച്ചുവെക്കാനാണ് കോവിഡ് വാർറൂമിലെത്തി ബി.ജെ.പി. ജനപ്രതിനിധികൾ നാടകം കളിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
റെംഡെസിവിർ വിൽപ്പന: മൂന്നു പേർ അറസ്റ്റിൽ
ബെംഗളൂരു: കോവിഡ് ചികിത്സക്കുള്ള റെംഡെസിവിർ മരുന്ന് വൻവിലയിൽ കരിഞ്ചന്തയിൽ വിറ്റ മൂന്നു പേർ അറസ്റ്റിൽ. ഇവരിൽനിന്ന് 25 വയാൽ മരുന്ന് പിടിച്ചെടുത്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.
ഒരു വയാലിന് 10,000 രൂപ വിലയീടാക്കിയാണ് ഇവർ വിൽപ്പന നടത്തിയതെന്ന് ബെംഗളൂരു വെസ്റ്റ് പോലീസ് ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു. കേരളത്തിൽനിന്നും കുറഞ്ഞവിലക്ക് വാങ്ങിക്കൊണ്ടുവന്ന് ഇവിടെ ആവശ്യക്കാരെ കണ്ടെത്തി വിൽക്കുകയായിരുന്നെന്നും അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..