ബീരു,രേഷ്മബീവി
തൃശ്ശൂര്‍: ചേര്‍പ്പ് പാറക്കോവിലില്‍ അതിഥി തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ ട്വിസ്റ്റ്. ബംഗാള്‍ ഹൂഗ്ലി സ്വദേശി മന്‍സൂര്‍ മാലിക്കി(40)നെ കൊലപ്പെടുത്തിയത് ഭാര്യയുടെ കാമുകനായ ബീരു(33)വാണെന്നാണ് പോലീസിന്റെ ചോദ്യംചെയ്യലില്‍ കണ്ടെത്തിയിരിക്കുന്നത്.
മന്‍സൂറിനെ കൊന്നത് താനാണെന്നായിരുന്നു ഭാര്യ രേഷ്മ ബീവി(30) ആദ്യം പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ രേഷ്മ ബീവിയെയും ബീരുവിനെയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ യഥാര്‍ഥചിത്രം വ്യക്തമായത്. സംഭവത്തില്‍ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
കഴിഞ്ഞദിവസമാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നല്‍കിയതിന് പിന്നാലെ താന്‍ തന്നെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് രേഷ്മബീവി പോലീസിനോട് പറഞ്ഞത്. ഭര്‍ത്താവുമായി വഴക്കുണ്ടായെന്നും ഇതിനിടെ അടിച്ചുകൊലപ്പെടുത്തിയെന്നുമായിരുന്നു രേഷ്മയുടെ കുറ്റസമ്മതം. മൃതദേഹം കുഴിച്ചിടാന്‍ വാടകവീടിന്റെ താഴത്തെനിലയില്‍ താമസിക്കുന്ന ബീരു സഹായിച്ചെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് രേഷ്മയെയും ബീരുവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമായത്.
വാടകവീടിന്റെ താഴത്തെനിലയില്‍ താമസിച്ചിരുന്ന ബീരുവും രേഷ്മയും പ്രണയത്തിലായിരുന്നു. ഇക്കാര്യം മന്‍സൂര്‍ മാലിക്ക് അറിഞ്ഞതോടെ പ്രശ്നങ്ങളായി. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച അര്‍ധരാത്രി ബീരുവാണ് മന്‍സൂറിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബീരുവും രേഷ്മയും ചേര്‍ന്ന് മൃതദേഹം വീടിന് പിന്നിലെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയോടെ പോലീസ് രേഷ്മയെയും ബീരുവിനെയും ഇവരുടെ വാടകവീട്ടിലെത്തിച്ചു. മന്‍സൂര്‍ മാലിക്കിന്റെ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പുറത്തെടുത്താല്‍ സംഭവസ്ഥലത്തുവെച്ച് ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
കൊലപാതകം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം, കഴിഞ്ഞദിവസമാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് രേഷ്മ പോലീസില്‍ പരാതി നല്‍കിയത്. ഡിസംബര്‍ 13 മുതല്‍ മന്‍സൂറിനെ കാണാനില്ലെന്നായിരുന്നു രേഷ്മയുടെ പരാതി. സൈബര്‍ സെല്‍ മുഖേന മന്‍സൂറിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഡിസംബര്‍ 13-നുശേഷം ഫോണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. പോലീസിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് ഭര്‍ത്താവിനെ കൊന്നത് താന്‍തന്നെയാണെന്ന് രേഷ്മ പോലീസില്‍ അറിയിച്ചത്. മൃതദേഹം കുഴിച്ചിടാന്‍ ബീരു സഹായിച്ചെന്നും മൊഴിനല്‍കി.
11 വര്‍ഷമായി കേരളത്തില്‍ സ്വര്‍ണപ്പണി നടത്തുന്ന മന്‍സൂര്‍ ഒരുകൊല്ലമായി ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം പാറക്കോവിലിലെ വാടകവീട്ടിലായിരുന്നു താമസം. മുകള്‍നിലയില്‍ മന്‍സൂറും കുടുംബവും താഴത്തെനിലയില്‍ ബീരുവിന്റെ കുടുംബവുമാണ് താമസിക്കുന്നത്. സ്വര്‍ണപ്പണിയില്‍ സഹായിയായ മറ്റൊരു അതിഥി തൊഴിലാളിയും ബീരുവിനൊപ്പം താമസിക്കുന്നുണ്ട്.
Content Highlights: bengal native killed and buried in cherppu thrissur his wife and lover arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..