മെഹുൽ ചോക്‌സി | File Photo ANI
ന്യൂഡൽഹി: മെഹുൽ ചോക്സിയെ തട്ടിക്കൊണ്ടുപോയതിൽ തനിക്ക് പങ്കില്ലെന്ന് ബാർബറ ജബറിക്ക. മെഹുൽ ചോക്സിയുടെ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകിയെന്ന് പറയുന്ന ബാർബറ ഇതാദ്യമായാണ് പ്രതികരിക്കുന്നത്. ചോക്സിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുമാണ് ഈ വിഷയത്തിലേക്ക് തന്റെ പേര് വലിച്ചിഴച്ചതെന്നും ബാർബറ ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' ഞാൻ ചോക്സിയുടെ ഒരു സുഹൃത്തായിരുന്നു. കഴിഞ്ഞ വർഷത്തെ ആന്റിഗ്വൻ സന്ദർശനത്തിനിടെയാണ് ചോക്സിയെ കാണുന്നത്. രാജ് എന്ന പേരിലാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. അദ്ദേഹവുമായി നല്ല സൗഹൃദത്തിലായി. പിന്നീട് അദ്ദേഹം ശൃംഗാരവും പ്രേമവും തുടങ്ങി. വജ്രമോതിരങ്ങളും മാലകളും അദ്ദേഹം സമ്മാനിച്ചിരുന്നു. പിന്നീടാണ് അതെല്ലാം മുക്കുപണ്ടങ്ങളാണെന്നു മനസ്സിലായത്. ഞാനും എന്റെ കുടുംബവും കടുത്ത മാനസികപ്രയാസത്തിലാണ്.''- ബാർബറ പറഞ്ഞു.
ബാർബറയുടെ വീട്ടിലെത്തിയ തന്നെ ഒരു സംഘം ആളുകൾ മർദിച്ച് തട്ടിക്കൊണ്ടുപോയെന്നായിരുന്നു കഴിഞ്ഞ ദിവസം മെഹുൽ ചോക്സി ആന്റിഗ്വൻ പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ബാർബറ ജബറിക്കയുടെ മരിനയിലെ വീട്ടിലെത്തിയ തന്നെ പത്തോളം പേർ ചേർന്ന് മർദിച്ചു. ഇവർ തന്റെ പണവും ഫോണും പിടിച്ചുവാങ്ങി. പിന്നീട് തോണിയിൽ തട്ടിക്കൊണ്ടുപോയെന്നും ചോക്സി ആരോപിച്ചിരുന്നു.
ബാർബറ തന്റെ കാമുകിയാണെന്നും സ്ഥിരമായി കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ടെന്നും അന്നേ ദിവസം പതിവിന് വിപരീതമായി ബാർബറ തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്നും ചോക്സിയുടെ പരാതിയിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബാർബറ ജബറിക്കയുടെ പ്രതികരണവും പുറത്തുവന്നിരിക്കുന്നത്.
Content Highlights:barbara jabarica says she has no role in mehul choksi abduction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..