-
പരിയാരം(കണ്ണൂർ): നിരോധിച്ച 500-ന്റെയും 1000-ത്തിന്റെയും നോട്ടുകൾ വാങ്ങി പുതിയ കറൻസികൾ നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്ന സംഘത്തെ തട്ടിപ്പിനിരയായവർ തട്ടിക്കൊണ്ടുപോയി ക്രൂരമായി അക്രമിച്ച് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തു. ഇരിങ്ങലിലെ ഒരു വീട്ടിൽ പൂട്ടിയിട്ട് മർദനത്തിനിരയായ അഞ്ചംഗ സംഘത്തിലെ മൂന്നുപേരെ പരിയാരം ഇൻസ്പെക്ടർ കെ.വി. ബാബു, എസ്.ഐ. എം.പി. ഷാജി എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസ് മോചിപ്പിച്ചു.
മർദനത്തിനിരയായ രണ്ടു പേരെ കാണാതായി. അക്രമിസംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച ഒരു കാറും രണ്ട് ബൈക്കും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. രാജസ്ഥാനിലെ അജ്മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘമാണ് നിരോധിച്ച നോട്ടുകൾക്ക് പകരം പുതിയ നോട്ടുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്നത്. ഗുരുജി എന്ന് വിളിപ്പേരുള്ള ആളാണ് തട്ടിപ്പ് സംഘത്തിന്റെ തലവൻ. ഇയാൾക്ക് കേരളത്തിന്റെ പല ഭാഗത്തും ഏജന്റുമാരുണ്ട്.
നിരോധിച്ച നോട്ട് തട്ടിപ്പിനെത്തിയത് മഹാരാഷ്ട്ര സംഘം
കണ്ണൂർ: നിരോധിച്ച നോട്ടുകൾ മാറ്റി പുതിയ കറൻസികൾ നൽകാനെത്തിയത് മഹാരാഷ്ട്ര സംഘം. പഴയ നോട്ടുകൾ കൈവശമുള്ള സംഘത്തെ കണ്ടെത്താൻ പലയിടത്തും ഏജന്റുമാരുണ്ട്. ഏജന്റുമാർ വിവരം നൽകിയാൽ ഗുരുജിയുടെ സംഘത്തിൽപ്പെട്ടവരെത്തി പഴയ നോട്ടുകൾ കണ്ട് ബോധ്യപ്പെടും. അതിനുശേഷം ഗുരുജിക്ക് മെസേജ് അയയ്ക്കും. ഈ മെസേജ് ലഭിച്ചുകഴിഞ്ഞാൽ ഒരു തുക അയയ്ക്കാൻ ഗുരുജി നിർദേശിക്കും. ഒരു കോടി രൂപയുടെ നിരോധിത നോട്ടുണ്ടെങ്കിൽ 15 ലക്ഷം അയയ്ക്കാനാണ് നിർദേശിക്കുക. പുതിയ കറൻസി അയയ്ക്കുമ്പോൾ കള്ളപ്പണം എന്ന നിലയിൽ പിടികൂടാതിരിക്കാനാണ് പണം അയയ്ക്കാൻ ആവശ്യപ്പെടുക. ഇങ്ങനെ അയച്ച പണത്തോടൊപ്പം നിരോധിത നോട്ടുകൾക്ക് നിശ്ചയിച്ച വിലയും അടക്കം തിരിച്ച് നൽകുമെന്നാണ് ഇടപാടുകാരെ വിശ്വസിപ്പിക്കുക. ഇങ്ങനെ പണം അയച്ചുകഴിഞ്ഞാൽ പല കാരണങ്ങൾ പറഞ്ഞ് ഗുരുജി ഒഴിഞ്ഞുമാറും. ഒടുവിലാണ് തട്ടിപ്പിനിരയായ കാര്യം ഇടപാടുകാർക്ക് മനസ്സിലാവുക.
ഇങ്ങനെ തട്ടിപ്പിനിരയായ ഒരു സംഘം നിരോധിത നോട്ടുകൾ കൈമാറാനുണ്ടെന്ന വിവരം നൽകി ഗുരുജിയുടെ സംഘത്തിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് കരുതുന്നു. ഞായറാഴ്ച സന്ധ്യയോടെ ഗോവ വഴി കണ്ണവത്തെത്തിയ ഗുരുജിയുടെ അഞ്ചംഗ സംഘത്തെ കാറിൽ തട്ടിക്കൊണ്ടുപോയി ഭീകരമായി മർദിച്ച് പണവും അവരുടെ കൈവശമുണ്ടായിരുന്ന സ്വർണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നുവത്രെ. 60,000 രൂപയും രണ്ട് സ്വർണമാലകളും ഒരു എ.ടി.എം. കാർഡും സംഘം കൈക്കലാക്കി.
ഭീകരമായി മർദിച്ച് കണ്ണൂരിൽ കൊണ്ടുപോയി എ.ടി.എമ്മിൽനിന്ന് 9,000 രൂപയും എടുപ്പിച്ചു. തുടർന്ന് ഇരിങ്ങലിലെ നിസാമിന്റെ വീട്ടിലേക്ക് ഇവരെ തടങ്കലിലാക്കാൻ കൊണ്ടുവന്നു. അതിനിടയിൽ കാറിൽനിന്ന് ഒരാൾ പുറത്തുചാടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ വിവരം പോലീസിൽ അറിയിച്ചു.
പോലീസ് നടത്തിയ തിരച്ചിലിൽ ഗുരുജിയുടെ സംഘത്തെ തടങ്കലിലാക്കിയ ഇരിങ്ങലിലെ വീട് കണ്ടെത്തുകയായിരുന്നു. ഈ വീട്ടിൽ തടവിലാക്കപ്പെട്ട മുംബൈ കുലാവയിലെ ഓംരാജ് (42), കല്യാണിലെ സമാധാൻ (34), ഗുജറാത്ത് അഹമ്മദാബാദിലെ അഷ്മിൻ (29) എന്നിവരെ മോചിപ്പിക്കുകയായിരുന്നു. അതിനിടയിൽ രണ്ടുപേർ ഓടിരക്ഷപ്പെട്ടു.
കർണാടക ബെലഗാവിയിലെ സഞ്ജയ് (55), മുംബൈയിലെ സതീഷ് (47) എന്നിവരാണ് ഓടിരക്ഷപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ ഓടിരക്ഷപ്പെട്ടതാണോ അതോ അക്രമിസംഘം എവിടെയെങ്കിലും ഒളിപ്പിച്ചതാണോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. അക്രമിസംഘത്തിലുണ്ടായിരുന്ന കാഞ്ഞങ്ങാട് ആവിക്കര സ്വദേശി അമീറിനെയാണ് (32) പിടികൂടിയത്. അക്രമിസംഘത്തിൽ ഒമ്പതു പേരുണ്ടായിരുന്നുവെന്നാണ് സൂചന.
പോലീസ് കസ്റ്റഡിയിലെടുത്ത കെ.എൽ. 60 എച്ച് 5313 കാർ കാഞ്ഞങ്ങാട് സ്വദേശി തൗഫീഖിന്റേതാണ്. ഇയാൾക്ക് സംഘവുമായുള്ള ബന്ധം പരിശോധിച്ചുവരികയാണ്. ഈ കാർ കൂടാതെ മറ്റൊരു കാറും തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ചതായി വിവരമുണ്ട്. അക്രമികളുപയോഗിച്ച കെ.എൽ. 59 എസ് 7873 , കെ.എൽ. 59 എൻ 6702 എന്നീ ബൈക്കുകളാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Content Highlights:banned currency fraud team kidnapped in kannur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..